കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ നിന്നുള്ള 14 ആദിവാസി യുവതി യുവാക്കളുടെ ഒരേ വേദിയിലെ താലികെട്ടിന് കൊച്ചി നഗരം സാക്ഷിയായി.
ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന് മെട്രോ സിറ്റിയും, വി.കെ. എല്‍. ഗ്രൂപ്പ് ഓഫ് കമ്പനീസും ചേര്‍ന്ന് കടവന്ത്ര വിനായക കല്യാണ മണ്ഡപത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു. ഹൃദയസംഗമം 2014 എന്ന ഈ അപൂര്‍വ്വ വിവാഹ മാമാങ്കം. വിവിധ മലയോര മേഖലകളില്‍ നിന്നും വെള്ളിയാഴ്ച വൈകീട്ടോടെ നഗരത്തിലെത്തിയ വധൂവരന്മാര് ശനിയാഴ്ച രാവിലെ 8 മണിക്ക് തന്നെ വിനായക ഓഡിറ്റോറിയത്തില്‍ എത്തി തങ്ങളുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മലയോര രാജന്റെ വേഷങ്ങളണിഞ്ഞ് രാമന് രാജ മന്നാന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ ലയണ്‍സ് ക്ലബ് ഡിസിട്രിക്ട് ഗവര്‍ണര്‍ എം. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ കെ.ആര് മുകുന്ദന് നായര്‍, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്മാന് ആര്.വേണുഗോപാല്‍, ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന് മെട്രോ സിറ്റി പ്രസിഡന്റ് ജോസ് തോമസ്. സെക്രട്ടറി റ്റി. കൃഷ്ണ കുമാര്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്മാന് സൈജു എബ്രഹാം, അഡ്വ. അമര്‍നാഥ്, നൈന സ്റ്റാന്‍ലി, വി.കെ എന്‍ ഗ്രൂപ്പ് പ്രതിനിധികളായ ലീലാമ്മ പീറ്റര്‍, ഷാജി കെ. മാത്യ, എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്ത് അദ്യമായി സംഘടിപ്പിച്ച ആദിവാസി സമൂഹ വിവാഹത്തില്‍ പങ്കെടുത്ത ഓരോ ദമ്പതികള്‍ക്കും വസ്ത്രങ്ങള്‍, സ്വര്‍ണ്ണം എന്നിവയടക്കം ഒരു ലക്ഷത്തില്‍പരം രൂപയുടെ ഉപഹാരങ്ങള്‍ നല്കി.
വധൂവരന്മാരുടെ ബന്ധുക്കളേയും സുഹൃത്തുക്കളെയും കൊണ്ട് വിനായക കല്യാണമണ്ഡപവും പരിസരവും രാവിലെ മുതല്‍ തിങ്ങി നിറഞ്ഞിരുന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ എത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ ഈ മംഗള മുഹൂര്‍ത്തത്തിന് സാക്ഷിയായതും കാണികളില്‍ ഏറെ കൗതുക മുണര്‍ത്തി. സമൃദ്ധമായ വിവാഹ സദ്യയ്ക്ക് ശേഷം നഗരവാസികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കി ആദിവാസികള്‍ അവതരിപ്പിച്ച അതിമനോഹരമായ കള്‍ച്ചറല്‍ പ്രൊഗ്രാമുകളും ഉണ്ടായിരുന്നു. ആദിവാസി സമൂഹത്തില്‍ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്ന ശൈശവ വിവാഹമെന്ന ദുരാചാരത്തിന് എതിരെ ബോധവല്‍ക്കരണവും സമൂഹ ശ്രദ്ധ ആദിവാസികളുടെ പുരോഗതിക്കായി ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരം ഒരു പരിപാടി ഏറ്റെടുത്ത് നടത്തിയതെന്ന് ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന് മെട്രോ സിറ്റി പ്രസിഡന്റ് ജോസ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: