കൊച്ചി: ഹൊറര്‍ മാജികിലൂടെ രാജ്യാന്തര പ്രശസ്തനായ മജീഷ്യന്‍ സാമ്രാജ് മജീഷ്യന്‍ ത്രൂ പ്രൊപ്പല്ലര്‍ എന്ന പുതിയ മാന്ത്രികവിദ്യയുമായി ഇന്ന് കൊച്ചിയില്‍. വസന്തോല്സവത്തിന്റെ അവസാനദിനമായ ഇന്ന് രാത്രി ഏഴിന് ദര്‍ബാര്‍ ഹാള്‍ മൈതാനിയിലാണ് ദീര്‍ഘനാളത്തെ പരീക്ഷണത്തിനും ഗവേഷണത്തിനും ശേഷമുള്ള ഈ മാജീകിന്റെ ആദ്യഅവതരണം.
ചങ്ങലകളാളലും പൂട്ടുകളാലും ബന്ധനസ്ഥനായി മാന്ത്രികന് അതിവേഗത്തില്‍ കറങ്ങുന്ന പടുകൂറ്റന്‍ പ്രൊപ്പല്ലറിലൂടെ കടന്ന് പെട്ടന്ന് ഒരു വിസ്ഫോടനത്തോടെ കാണികളുടെ മുന്നില്‍ ഒരു പുകയായി മാറി അന്തരീക്ഷത്തില്‍ ലയിക്കുന്നതാണ് ആദ്യഭാഗം. തുടര്‍ന്ന് മാജികിലൂടെ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എവിടെ എപ്പോള്‍ എങ്ങിനെ എന്ന് കാത്തിരുന്ന് കാണുക..
ലോകപ്രശസ്ത മാന്ത്രികന് ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് അവതരിപ്പിച്ച ചൈനീസ് വന്മതിലിനു കടന്ന് മറുവശത്തെത്തുന്ന മാജികിന്റെ പരിഷ്കൃത രൂപമാണിത്. സാധാരണക്കാര്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ആത്മധൈര്യത്താല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷത്തിലേക്ക് രക്ഷപ്പെടുക എന്നതാണ് മജീഷ്യന്‍ ത്രൂ പ്രൊപ്പല്ലര്‍ എന്ന മാജികിന്റെ സന്ദേശം. മുപ്പത്തഞ്ചോളം കലാകാരന്മാര് പങ്കെടുക്കുന്ന രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ നൂറോളം മാജിക് ഇനങ്ങളുണ്ടാകും. അപകടം നിറഞ്ഞ ഏറ്റവും കൂടുതല്‍ എസ്കേപ്പ് മാജിക്കുകള്‍ അവതരിപ്പിച്ച മാന്ത്രികന് എന്ന വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സാമ്രാജ് സ്ഥാനം പിടിച്ചേക്കും. രാത്രി 12ന് ഗംഭീര വെടിക്കെട്ടോടെയാണ് വസന്തോല്വത്തിന് കൊടിയിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: