കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ങ്ഷനുസമീപം നാടന്‍ ബോംബേറ് കേസില്‍ അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് പാലാരിവട്ടം മാങ്ങാട്ടുലൈനില് നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രജിസ്ട്രേഷനിലുള്ളതാണ് ബൈക്ക്. മരട് അനീഷിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് തമിഴ്നാട്ടിലും വേരുകളുള്ളതിനാല്‍ കേസനേഷണം തമിഴ്നാട്ടിലേക്കും നീട്ടാന്‍ തീരുമാനിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസ് പറഞ്ഞു. സമീപത്തെ പറമ്പില്‍ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഉമിപ്പൊടി നിറച്ച ബാഗും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഏഴരയോടെ ബൈക്കിലെത്തിയ രണ്ടുപേരാണ് കൊല്ലംപറമ്പ് റോട്ടിലെ രേവതി കോര്‍ട്ട് അപ്പാര്‍ട്ട്മെന്റ്സിന്റെ താഴത്തെനിലയിലെ പാര്‍ക്കിങ് സ്ഥലത്തേക്ക് നാടന്‍ ബോംബ് എറിഞ്ഞത്. ബോംബുകളില്‍ ഒന്ന് അപ്പാര്‍ട്മെന്റിന്റെ താഴത്തെ നിലയിലെ പാര്‍ക്കിങ് സ്ഥലത്തും മറ്റൊന്ന് റോഡിന് എതിര്‍വശത്തെ മറ്റൊരു അപ്പാര്‍ട്മെന്റിന്റെ മുന്‍വശത്തും ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ മരട് അനീഷിന്റെ സംഘങ്ങള്‍ തന്നെയാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടര്‍ന്നാണ് മരട് അനീഷിന്റെ സംഘാംഗങ്ങളെ തേടി തമിഴ്നാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതു കൂടാതെ നഗരത്തിലെ പേരുകേട്ട ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടാലിസ്റ്റുകളില് ഉള്‍പ്പെട്ടവരെ നിരീക്ഷിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷണര്‍ അറിയിച്ചു. അസി. കമീഷണര്‍ ഡി.എസ് സുനീഷ്ബാബു, നോര്‍ത്ത് എസ്ഐ മുഹമ്മദ് നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ബോംബേറ് കേസിന്റെ അന്വേഷണ ചുമതല. ഭായ് നസീറിനെ കൊലപ്പെടുത്താന്‍ മരട് അനീഷ് ശ്രമിച്ചെന്ന കേസില്‍ അനീഷിനെ വിചാരണയ്ക്ക് കഴിഞ്ഞദിവസം കോടതിവളപ്പില്‍ കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് ബോംബേറെന്ന് പോലീസ് പറഞ്ഞു. അസി. സിജെഎം കോടതിമുറിക്കു പുറത്ത് പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഗുണ്ടാസംഘാംഗങ്ങള്‍ തമ്മില്‍തല്ലിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: