മുംബൈ: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ രംഗത്ത്. ദുര്‍ബലരായ ഭരണാധികാരികളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പു ഫലം നല്‍കുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ശക്തമായ ഒരു അടിയാണ് ലഭിച്ചത്. യു.പി.എയിലെ എല്ലാ ഘടകകക്ഷികളും ഇത് ഗൗരവമായി കാണണം. പുതിയ തലമുറയ്ക്ക് സര്‍ക്കാരിനോടുള്ള രോഷമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പവാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും കഴിവുള്ള ശക്തരായ നേതാക്കള്‍ പാര്ട്ടികള്ക്കുണ്ടാവേണ്ടതിന്റെ പ്രാധാന്യവും പവാര്‍ ഓര്‍മിപ്പിച്ചു.
ദുര്‍ബലരായ ഭരണാധികാരികളെയോ നേതാക്കളെയോ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ തക്ക ശക്തരായ നേതാക്കളുടെ അഭാവമാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് തുണയാകുന്നത്. കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പില്‍ വരുത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നല്ലൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി മരിക്കാനിടയായ സംഭവം യുവജനങ്ങള്‍ക്കിടയില്‍ വലിയ രോഷമാണ് ഉയര്‍ത്തിയത്.
തങ്ങളുടെ പ്രതിഷേധസ്വരം സര്‍ക്കാര്‍ കേള്‍ക്കുന്നില്ല എന്ന് തോന്നിയപ്പോഴാണ് അവര്‍ക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി എത്തിയതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: