കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പോസ്റ്ററുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈകള്‍ വെട്ടണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവാദമായി. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭും ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലാണ് വിവാദ പ്രസംഗം നടത്തിയത്.
ജില്ലയിലെ കത്വാ പ്രദേശത്തെ തൃണമൂല്‍ റാലിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവെട്ടുമെന്ന് മണ്ഡല് വിവാദ പ്രസ്താവന നടത്തിയത്. മണ്ഡലിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
മമത സര്‍ക്കാര്‍ പ്രതികാര നടപടികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണെന്ന് സിപിഎം നേതാവ് ബിമന്‍ ബോസ് പറഞ്ഞു. തൃണമൂല്‍ നേതാവിന്റെ പ്രസ്താവനയില്‍ അതിശയോക്തി ഇല്ലെന്നും തൃണമൂല്‍ മന്ത്രിമാരും ഇതേരീതിയിലാണ് സംസാരിക്കുന്നതെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യയും പ്രതികരിച്ചു.
പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അനുബ്രത മണ്ഡല് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ കത്തിക്കണമെന്നും പോലീസിനുനേരെ ബോംബ് എറിയണമെന്നുമായിരുന്നു മണ്ഡലിന്റെ ആഹ്വാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയായിരുന്നു ഈ വിവാദ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: