ഭുവനേശ്വര്‍: ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ച ഫെയിലിന്റെ വേഗത കുറഞ്ഞു. ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ് കാറ്റിലും മഴയിലുമുണ്ടായത്. ആന്ധ്രപ്രദേശില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വേഗതയിലേക്ക് കുറഞ്ഞു. എന്നാല്‍ ആന്ധ്രയിലും ഒഡീഷയിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്ന് കരുതുന്നു. ഫൈലിന് ചുഴലിക്കാറ്റില്‍ എട്ട് പേര് മരിച്ചുവെന്നാണ് കണക്കാക്കുന്നത് .
ഒഡീഷയിലെ ഗഞ്ജാം ജില്ലയിലാണ് കാറ്റ് കനത്ത തോതില്‍ നാശം വിതച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഒഡീഷയിലെ 12 ജില്ലകളില്‍ വാര്‍ത്താവിനിമയ സംവിധാനവും വൈദ്യുതി ബന്ധവും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ ഗോപാല്‍പുരയിലും ആന്ധ്രയിലെ ശ്രീകാകുളത്തും രാത്രി മുഴുവന്‍ വൈദ്യുതി മുടങ്ങി. കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉണ്ടായി.
കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചു. ഒഡീഷയിലേക്കുള്ള എല്ലാ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഭുവനേശ്വര്‍ വിമാനത്താവളവും പാരദ്വീപ് തുറമുഖവും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
ശനിയാഴ്ച വൈകീട്ട് ഒന്‍പതോടെയാണ് ഫൈലിന് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തീരത്തേക്ക് അടിച്ചുതുടങ്ങിയത്. 200 കിലോമീറ്റര്‍ വേഗതയില്‍ തുടങ്ങിയ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞുവന്നു.
ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 100 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴതുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ആന്ധ്രയും ഒഡീഷയും. ആന്ധ്രയില്‍ അനേകം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 850 ദുരിതാശ്വാസ ക്യാമ്പുകള്‍ ആന്ധ്രയിലും ഒഡീഷയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ നിന്ന് 5ലക്ഷം പേരെയും ആന്ധ്രയില്‍ നിന്ന് 2 ലക്ഷം പേരെയുമാണ് മാറ്റിപാര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: