ബീജിംഗ്: എച്ച്ഐവി രോഗബാധിതര്‍ പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം ചൈനീസ് അധികൃതര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നത്. ചൈനയില്‍ പൊതുശൗചാലയങ്ങളുടെ മുന്നില്‍ പകരുന്ന ലൈംഗിക രോഗമുള്ളവര്‍, എയ്ഡ്സ്, ത്വക്ക് രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനമില്ലായെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആരോഗ്യകാര്യങ്ങളിലുള്ള സര്‍ക്കാരിന്റെ അജ്ഞതയാണ് ഇപ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കാരണമെന്ന് പ്രദേശിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ചൈനയിലെ ട്വിറ്റര്‍ പതിപ്പായ സോഷ്യല്‍ മീഡിയകളിലുമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ശൗചാലയം ഉപയോഗിക്കുന്നത് എയ്ഡ്സ് രോഗബാധിതരാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍ എച്ച്ഐവി രോഗികളെ അപമാനിക്കലാണെന്നു പ്രദേശിക ദിനപത്രം അഭിപ്രായപ്പെട്ടു.
പൊതു ശൗചാലയങ്ങളിലും, ബാര്‍ബര്‍ ഷോപ്പുകളിലും എയ്ഡ്സ് രോഗികളെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമാകുമെന്നും ഇത് എച്ച്ഐവി എയിഡ്സ് രോഗികളെ സമൂഹത്തില്‍ മാറ്റി നിര്‍ത്താനെ ഉപകരിക്കുകയുള്ളുവെന്നും സോഷ്യല്‍ മീഡിയ വഴി ജനങ്ങള്‍ പ്രതികരിച്ചു. യുഎന്‍ എയ്ഡ്സ് ഏജന്‍സിയും ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സ്പര്‍ശനം മുഖേനയോ അടുത്തിടപഴുകിയാലോ ഒരേ പാത്രത്തില്‍ നിന്നും ആഹാരം കഴിച്ചാലോ എയിഡ്സ് രോഗം പകരില്ലെന്നും അതുകൊണ്ട് എച്ച്ഐവി രോഗികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തരുതെന്നും യുഎന്‍ എയ്ഡ്സ് ഏജന്‍സി പോലുള്ള സംഘടനകള്‍ ശക്തമായി പ്രതികരിച്ചു. ചൈനീസ് സര്‍ക്കാര്‍ 2012 ല്‍ പുറത്ത് വിട്ട കണക്കു പ്രകാരം രാജ്യത്ത് 430,000 എച്ച്ഐവി രോഗബാധിതരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: