ടോക്യോ: ഫുക്കുഷിമയിലെ ആണവ റിയാക്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് വിദേശ സഹായം പ്രതീക്ഷിക്കുന്നതായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബി. പടിഞ്ഞാറന്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അന്താരാഷ്ട്ര സയന്‍സ് ഫോറത്തില്‍ സംസാരിക്കവെയാണ് അബി ഇക്കാര്യം അറിയിച്ചത്. തകരാറിലായ ആണവ റിയാക്ടറില്‍ നിന്നും ചോരുന്ന റേഡിയോ ആക്റ്റിവിറ്റി വികിരണമടങ്ങിയ ജലം പ്രദേശത്ത് കടുത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും. പല തവണയായുളള ചോര്‍ച്ച അടക്കുന്നതിനായുള്ള സര്‍ക്കാര്‍ ശ്രമം വിഫലമാകുകയായിരുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് കൂടുതല്‍ സാങ്കേതിക സഹായം ആവശ്യമാണെന്നും അതിനായി തങ്ങളുടെ രാജ്യം കൂടുതല്‍ അറിവുള്ളവരുടേയും പരിചയ സമ്പന്നരുടേയും സഹായം പ്രതീക്ഷിക്കുന്നതായും അബി അറിയിച്ചു. ഊര്‍ജ്ജവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 ല്‍ ജപ്പാനില്‍ പ്രഖ്യാപിച്ച ഒളിമ്പിക്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞ മാസാവസാനം നടത്തിയപ്പോള്‍ റിയാക്ടറിന്റെ ചോര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയന്ത്രിക്കാന്‍ സാധിക്കാത്ത പ്രശ്നമായിത്തീര്‍ന്നിരിക്കുകയാണ് ചോര്‍ച്ച എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
റേഡിയോ ആക്റ്റിവിറ്റി വികിരണമടങ്ങിയ ജലം കടലില്‍ കലര്‍ന്നും പ്രദേശത്ത് വ്യാപിച്ചും സമീപവാസികളില്‍ ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കണ്ടെത്തി ജപ്പാനെ സഹായിക്കാന്‍ ലോകരാജ്യങ്ങളോട് ഷിന്‍സോ അബി അഭ്യര്‍ത്ഥിച്ചു. നിലവില്‍ റിയാക്ടറിനെ തണുപ്പിക്കുന്നതിനായാണ് ജലം കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഈ ജലത്തിലാണ് ആണവ വികിരണമുണ്ടാകുന്നതും തുടര്‍ന്ന് ടാങ്ക് ചോര്‍ച്ചയിലൂടെ പുറത്തേക്ക് ഒഴുകുന്നതും.
ഇപ്പോള്‍ ജപ്പാന് ഒരു ആണവ റിയാക്ടര്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കൂടി റിയാക്ടറിനെ നശിപ്പിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ജലം ഉപയോഗിച്ച് റിയാക്റ്ററിനെ തണുപ്പിച്ച് സംരക്ഷിച്ച് പോരുന്ന സ്ഥിതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. 2011 മാര്‍ച്ചിലെ ഭൂമികുലുക്കത്തിലും സുനാമിയിലും ഫുക്കുഷിമയിലെ ആണവറിയാക്ടറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ഈ പ്രകൃതിദുരന്തത്തിലുണ്ടായ തകരാറുകള്‍ പരിഹരിച്ചെന്ന് ജപ്പാന് അവകാശപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും അവ പരിഹരിക്കാന്‍ സാധിച്ചില്ല.
ഫ്രാന്‍സ്, ബ്രിട്ടണ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ന്യൂക്ലിയര്‍ വിദഗ്ധന്മാരുടെ സഹായങ്ങളും ഉപദേശങ്ങളും ജപ്പാന് സ്വീകരിച്ചെങ്കിലും റിയാക്ടറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ നശിപ്പിക്കുവാനോ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: