ഡമാസ്ക്കസ്: സിറിയയുടെ രാസായുധ ഉപയോഗം മനുഷ്യത്വരഹിതമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മേധാവി ബാന്‍കി മൂണ്‍. നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതായി ആരോപിക്കുന്ന രാസായുധ ഉപയോഗത്തിന്റെ അന്വേഷണത്തില്‍ ഒട്ടും സമയം പാഴാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ എത്തിയിരിക്കുന്ന അന്വേഷണ സംഘത്തിന് അന്വേഷണം ആരംഭിക്കുന്നതിന് സിറിയന്‍ ഭരണകൂടം എത്രയും വേഗം അനുമതി നല്‍കണമെന്ന് ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
രാസായുധ ഉപയോഗത്തെത്തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാണ്ടെയും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നതായി ബാന്‍ കി മൂണിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏതൊരു ചുറ്റുപാടിലും ആരെങ്കിലും എവിടെയെങ്കിലും രാസായുധം ഉപയോഗിച്ചാല്‍ അത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിന്റെ അനന്തരഫലം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് മുഴുവന്‍ ഒരു വെല്ലുവിളിയാണെന്നും ബാന്‍ പറഞ്ഞു.
സമയം ഒട്ടും പാഴാക്കാനില്ലെന്നും എത്രയും വേഗം ഡമാസ്ക്കസിലെത്താന് നയതന്ത്രപ്രതിനിധി ആംഗ്ലെ കാനെയ്ക്ക് നിര്‍ദ്ദേശം കൊടുത്തതായും ബാന്‍ പറഞ്ഞു.
ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അമേരിക്ക പറഞ്ഞു. ഇതിന്റെ അന്വേഷണത്തിനായി യുഎസ് ചാര ഏജന്‍സിയെ ഏര്‍പ്പെടുത്തിയതായി ഒബാമ പ്രഖ്യാപിച്ചതായി സഹായികള്‍ പറഞ്ഞു.
ഡമാസ്ക്കസിലെ രാസായുധ ഉപയോഗം സിറിയ നിഷേധിച്ചു. ഇത്തരത്തിലുളള നടപടി രാഷ്ട്രീയപരമായി ആത്മഹത്യാപരമാണെന്ന് സുരക്ഷാവൃത്തത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഡസനിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണെന്ന് സിറിയന്‍ മനുഷ്യാവകാശ പ്രവര്ത്തകന് അബു അഹമ്മദിന്റെ പ്രസ്താവന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: