തൃശൂര്‍ : ഭരതന് സ്മൃതിവേദിയുടെ 2013ലെ കല്യാണ്‍ ഭരതമുദ്ര പുരസ്കാരം ചലച്ചിത്ര സംവിധായകന് രഞ്ജിത്തിന്. പ്രശസ്തിപത്രവും സ്വര്‍ണ്ണപ്പതക്കവും അടങ്ങുന്നതാണ് പുരസ്കാരം.
ചലച്ചിത്ര സംവിധായകന് മോഹനന്, എം.പി.സുരേന്ദ്രന്, സംവിധായകന് ജയരാജ്, ഗായകന് പി.ജയചന്ദ്രന്, വിദ്യാധരന് മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. സമകാലിക കേരളത്തെ അടയാളപ്പെടുത്തുന്ന പ്രാഞ്ചിയേട്ടന് ദ സെയ്ന്റ്, സ്പിരിറ്റ്, ഇന്ത്യന്റുപ്പി എന്നീ മൂന്നു ചിത്രങ്ങളുടെ ആവിഷ്കാരത്തെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഈ സിനിമകളിലൂടെ വര്‍ത്തമാനകാല കേരളസമൂഹത്തിന്റെ അനഭലഷണീയമായ മാതൃകകളെ ക്ഷോഭത്തോടെ സംവിധായകന് പരിഹസിക്കുന്നതായി ജൂറി വിലയിരുത്തി. സിനിമയെ തികഞ്ഞ സാമൂഹ്യാവബോധത്തോടെ സംവിധായകന് സമീപിച്ചതിന്റെ പ്രത്യക്ഷസാക്ഷ്യമാണിതെന്നും ജൂറി വിലയിരുത്തി. 30ന് വൈകീട്ട് 5.30ന് സംഗീത നാടക അക്കാദമി കെ.ടി.മുഹമ്മദ് സ്മാരക തിയ്യറ്ററില്‍ ഷാജി എന്‍.കരുണ്‍ പുരസ്കാരം സമ്മാനിക്കും. സംവിധായകന് മോഹന്‍ അദ്ധ്യക്ഷത വഹിക്കും. സംവിധായകന് ജയരാജ്, കെപിഎസി ലളിത, സിദ്ധാര്‍ത്ഥ് ഭരതന്, വിദ്യാധരന് മാസ്റ്റര്‍ എന്നിവര്‍ സ്മരണകള്‍ പങ്കുവെക്കും.
യുഎഇയിലെ മികച്ച ബിസിനസ് പേഴ്സണായും ഫോര്‍ബസ് മാസികയുടെ വ്യവസായ പ്രമുഖനായും തിരഞ്ഞെടുക്കപ്പെട്ട ടി.എ.സുന്ദര്മേനോനെയും ഫോര്‍ബസ് വ്യവസായ പ്രമുഖനായി തിരഞ്ഞെടുക്കപ്പെട്ട ടി.എസ്.കല്യാണരാമനെയും തൃശൂര്‍ മേയര്‍ ഐ.പി.പോള്‍ ആദരിക്കും. പി.കെ.സണ്ണി നയിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും. പത്രസമ്മേളനത്തില്‍ വിദ്യാധരന്‍മാസ്റ്റര്‍, ഷോഗണ് രാജു, സി.എസ്.അജയകുമാര്‍, അനില്‍ വാസുദേവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: