കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടന കൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് കോണ്‍ഗ്രസും യുഡിഎഫും കരുതേണ്ടെന്നും സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയിലേ അവസാനിപ്പിക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ രണ്ടാംദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിത എസ് നായരുടേതായി പുറത്ത് വന്ന മൊഴികളില്‍ പലതും അവിശ്വസിക്കേണ്ടതില്ലെന്നാണ് പലരും പറയുന്നത്. എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ രേഖാമൂലം മൊഴി നല്‍കാനിരുന്ന സരിതയെ കോതമംഗലം കോടതിയിലെത്തിച്ചത് കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്.
നിയമലംഘന കലയില്‍ പ്രാവീണ്യമുള്ളവര്‍ നിയമത്തെ വ്യഭിചരിക്കുകയാണ്. അനൂകൂലമാക്കാന്‍ വേണ്ടിയാണ് സരിതയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ജയിലധികൃതരുടെ മാത്രം അറിവോടെയല്ല അതെന്ന് വ്യക്തമാണ്. ജയിലധികൃതര്‍ക്ക് മുകളില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരോ അതിനും മുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ അല്ലെങ്കിലും ഇരുവരും കൂടിച്ചേര്‍ന്നോ ആകാം അത്തരമൊരു നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ശ്രീധരന് നായരുടെ പരാതിയിന്മേല് സംശയം ദൂരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള പോലീസിന്റെ അന്വേഷണത്തിന് ഇപ്പോഴത്തെ സാഹചര്യത്തിനപ്പുറം പോവാന്‍ സാധിക്കാത്തത് സ്വാഭാവികമാണ്. തട്ടിപ്പിനും ദുര്വൃത്തിയ്ക്ക് വേണ്ടി ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫിസാണ് കുറ്റകൃത്യം നടന്ന സ്ഥലം. ജുഡീഷ്യല്‍ അന്വേഷണം കൊണ്ടല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉമ്മന്‍ചാണ്ടിയെയും സംബന്ധിച്ച വസ്തുതകള്‍ പുറത്ത് വരില്ലെന്നുറപ്പുള്ള സാഹചര്യത്തിലാണ് എല്‍ഡിഎഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: