കോട്ടയം ജില്ലയില്‍ തൃക്കൊടിത്താനം പഞ്ചായത്തിലാണ് പുരാതമായ തൃക്കൊടിത്താനം മഹാക്ഷേത്രം. കേരളത്തിലെ പ്രശസ്ത പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളില്‍ ഒന്നുമാണ്. പാണ്ഡവ സഹോദരനായ സഹദേവന് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ച ക്ഷേത്രമെന്ന പ്രശസ്തി. ‘കടി’ എന്നാല്‍ അത്ഭുതമെന്നര്ത്ഥത്തില് ഇവിടുത്തെ ദേവന് അത്ഭുതനാരായണ മൂര്‍ത്തിയാതുകൊണ്ടും ഈ നാടിന് തൃക്കൊടിത്താനമെന്ന് പേരുണ്ടായതായി ഐതിഹ്യം. ക്ഷേത്രത്തിനു ചുറ്റും വലിയ മതില്. ഈ ആനപള്ളമതിലിന് പിന്നില്‍ അമാനുഷകരങ്ങളാണെന്ന് ആരും സമ്മതിക്കും. കുമ്മായമോ മറ്റ് ചാന്തോ ഉപയോഗിക്കാതെ വെട്ടുക്കല്ലുകള്‍കൊണ്ട് കെട്ടിയുയര്‍ത്തിയ മനോഹരമായ മതില്. ശ്രീകോവിലില്‍ വിഷ്ണുഭഗവാന്. പാലാഴി മദ്ധ്യത്തില്‍ ലക്ഷ്മിസമേതനായിരിക്കുന്ന മഹാവിഷ്ണു. പ്രധാന വിഗ്രഹത്തിന്റെ പീഠത്തില്‍ രണ്ട് അര്‍ച്ചനാ ബിംബങ്ങള്‍ കൂടിയുണ്ട്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ദേവതാ സങ്കല്പം എന്ന അപൂര്‍വതയും ഈ ക്ഷേത്രത്തിനുമുണ്ട്. പഞ്ചപാണ്ഡവന്മാര് ഓരോ വിഗ്രഹം വച്ച് ആരാധിച്ചുപോന്നപ്പോള് സഹദേവനുമാത്രം അതുപോലൊരു വിഗ്രഹം ലഭിക്കാതെ വന്നപ്പോള്‍ ആ നിരാശയോടെ അഗ്നിയില്‍ ചാടി മരിക്കാന്‍ നിശ്ചയിച്ചു. സഹദേവന് ചാടാനൊരുങ്ങിയ അഗ്നികുണ്ഠത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ട വിഗ്രഹമാണിത് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് അത്ഭുതനാരായണന്‍ എന്ന പേരില്‍ ഭഗവാനെ അറിയപ്പെടുന്നതും.നരസിംഹമൂര്‍ത്തിയും, ദക്ഷിണാമൂര്‍ത്തിയും, ഗണപതിയും, ശാസ്താവും, നാഗരും ഉപദേവതമാര്‍.
അഞ്ചു പൂജയുണ്ട്. നരസിംഹജയന്തിക്ക് വിശേഷാല്‍ പൂജയുണ്ട്. കുംഭമാസത്തിലെ കാര്ത്തികനാളില് സുബ്രഹ്മണ്യക്ഷേത്രത്തില്‍ കാവടി മഹോത്സവും എല്ലാ ഷഷ്ഠിക്കും വിശേഷാല്‍ പൂജകളും നടക്കും. കദളിപ്പഴവും പാല്‍പ്പായസവും വിഷ്ണുഭഗവാന് പ്രധാന വഴിപാട്. നരസിംഹമൂര്‍ത്തിക്ക് ശര്‍ക്കരപായസവും പാനകവും വഴിപാടാണ്.
വൃശ്ചികമാസത്തിലാണ് ഉത്സവം. ദേവന്റെ തിരുനാളായ തിരുവോണനാളില്‍ കൊടിയേറും. അഞ്ചാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ മാതൃക്കള്‍ സേവ എന്ന കൈമണി ഉഴിച്ചില്‍ ഉണ്ടായിരിക്കും. പടഹം, കരടിക,കൈമണി, ശംഖ് എന്നിവയാണ് കൈമണി ഉഴിച്ചിലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ഉത്സവബലിയില്ല. ശ്രീഭൂതബലി ഉണ്ടാകും. ശംഖ്, കരടിക, മരം, ചേകില എന്നിങ്ങനെയുള്ള വാദ്യങ്ങളില്‍ പാണികൊട്ടുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ ശ്രീഭൂതബലിക്ക് പഞ്ചവാദ്യങ്ങളാണല്ലോ ഉപയോഗിക്കുന്നത്. ഒന്‍പതാം ഉത്സവത്തിന് വീക്കുചെണ്ട, തമില, ഇലത്താളം തുടങ്ങിയ വാദ്യങ്ങളാണ് ഇവിടെ ചാടിക്കൊട്ടിന് ഉപയോഗിക്കുന്നത്. താളം മൂക്കുമ്പോള്‍ കൊട്ടുകാര് ചാടും. ആ ചാടിക്കൊട്ടു കഴിയുമ്പോള്‍ മുരിയകുളങ്ങര വരെപോയി കൊട്ടു നിര്‍ത്തും. അവിടെ ഇറക്കി നിവേദ്യവുമുണ്ട്. അവിടെനിന്നും നാല്ക്കവലയില് വന്ന് കൊടിനാട്ടി ശംഖുവിളി കഴിഞ്ഞാല്‍ പൂര്‍ണ നിശബ്ദതയോടെ മേച്ചേരി ഇല്ലത്ത് പടിക്കല്‍ ഇറക്കിവയ്ക്കും. പിന്നെ ദീപ എടുക്കാനുള്ളവര്‍ കുളിച്ച് പുതുവസ്ത്രങ്ങണിഞ്ഞ് ജീവതയെടുത്ത് അമ്പലത്തിലേക്ക് പോകും അവിടെ എത്തിയാല്‍ കൊട്ട് തുടരും.
ഒന്‍പതാം ഉത്സവത്തിനുള്ള ദീപം പ്രസിദ്ധമാണ്. ഇരുപത്തിയൊന്ന് അംഗുലം വരുന്ന അലക് മുകളു#ില് ഒരു വാഴപ്പിണ്ടിയില്‍ കുത്തും. താഴെവച്ച് കെട്ടി ഇതിനെ വാഴപ്പോളകൊണ്ട് കമഴ്ത്തി കുറുകയെ നെടുകെയും ഉറപ്പിക്കുന്നു. ഈ പോളകളിലാണ് പിന്നീട് ആയിരത്തിയെട്ട് ശരക്കോലുകള്‍ ഉറപ്പിക്കുന്നത്. ഒരടി നീളമുള്ള ശരക്കോലിന്റെ മുകള്ഭാഗം പന്തംപോലെ തുണി ചുറ്റി എണ്ണയൊഴിച്ച് കത്തിക്കും. കെട്ടിക്കഴിയുമ്പോള് ഇതിന് ഒരുെ കൊച്ചുകുടിലിന്റെ ആകൃതി. ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിക്കയറിക്കഴിഞ്ഞതിനുശേഷമാണ് അലക് തയ്യാറാക്കല്‍ തുടങ്ങുക. അതുപോലെ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് തോളിലേറ്റുക. തോളില്‍ ചുമന്ന് സോപാനത്തില്‍ കൊണ്ട് ഇറക്കിവയ്ക്കും. അഗ്നിസാക്ഷിയായി സഹദേവസ്വാമിയാര്‍ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് എത്തിക്കുന്ന സന്തോഷപ്രദമായ ചടങ്ങാണ് ദീപ. മറ്റു ക്ഷേത്രങ്ങളിലെങ്ങുമില്ലാത്ത വിശിഷ്ടമായ ചടങ്ങുമാണിത്. ഇത് വഴിപാടായും നടത്തുന്നു. ദീപ ദര്‍ശിക്കുകയും കരിപ്രസാദം തൊടുകയും കത്തിക്കരിഞ്ഞ ശരക്കോല് സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ആ വര്‍ഷത്തെ പാപം മാറ്റുമെന്ന വിശ്വാസം.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: