തിരുവനന്തപുരം: തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ വിവാദം പ്രസംഗം നടത്തിയ ഡോ. രജിത് കുമര്‍ ഋഷി തുല്യനെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. രജിത് കുമാറിന്റെ പ്രസംഗത്തിനെതിരെ കൂവി പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനിയായ ആര്യയുടെ നടപടി വകതിരിവില്ലാത്ത കുട്ടിയുടെ പ്രതികരണമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധനയുടെ സമാപന ചടങ്ങിലാണ് രജിത്കുമാര്‍ വിവാദ പ്രസംഗം നടത്തിയത്. മുന്‍ എം.എല്‍.എ ശോഭനാജോര്‍ജാണ് രജിത് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അന്വേഷണ ചുമതല നല്‍കിയ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പി.ജെ ഗിരിജാദേവി കഴിഞ്ഞ ദിവസം കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ആര്യ ഉള്‍പ്പടെ 13 വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരെല്ലാം രജിത് കുമാറിനെതിരായാണ് മൊഴി നല്‍കിയത്. രജിത് കുമാര്‍ നല്ല അധ്യാപകനാണെന്നും ഇദ്ദേഹത്തിന്റെ ക്ലാസുകള്‍ ശ്രോതാക്കള്‍ക്ക് കലയുടെ പ്രചോദനം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീയുടെ കണ്ണുകള്‍ അഗ്നിയാകണമെന്ന് പറഞ്ഞപ്പോഴുള്ള ആര്യയുടെ കൂവല്‍ കാവ്യാത്മക പ്രയോഗം മനസിലാക്കാതെയാണെന്നും ഗിരിജ പറയുന്നു.
തന്നെ നശിപ്പിക്കുവാന്‍ വരുന്നവനു നേര്‍ക്ക് കണ്ണുകള്‍ അഗ്നിയാവണമെന്നാണ് പ്രാസംഗികന്‍ ഉദ്ദേശിച്ചത്. സ്ത്രീകളുടെ ശാക്തീകരണത്തിന്റെ ആവശ്യകതയെയാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടികളോടുള്ള പ്രാസംഗികന്റെ പിതൃതുല്യമായ ആകാംക്ഷയും പ്രസംഗത്തില്‍ പ്രതിഫലിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണം എന്ന്… ഇഷ്ടപ്പെട്ടില്ല!…ഇഷ്ടപ്പെട്ടില്ല!…പയ്യന്‍ ഇവിടുന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിക്കു ചാടണം… ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ…ഒന്നു സ്ലിപ് ചെയ്ത് നീ ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ട്‌റസ് സ്‌കിപ് ചെയ്തു പോവും… അത് കഴിഞ്ഞാല്‍ നീ ത്രി ടു ഫൈവ് ലാക്‌സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്രസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…“
ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് എന്നായിരുന്നു രജിത്കുമാറിന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: