കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ നൂറ്റി ഒന്നാം വയസ്സില്‍. നൂറിന്റെ നിറവിലും സപ്തസ്വരസംഗീതം പകര്ന്നുനല്കി ഭാഗവതര്‍ ഇന്നും കര്‍മനിരതനാണ്. മാര്‍ച്ച് 29ന് അദ്ദേഹത്തിന് 101 വയസ്സു തികഞ്ഞു. കൊച്ചിയില്‍ മക്കളോടൊത്ത് താമസിക്കുകയാണ് സംഗീതലോകത്തെ കാരണവര്‍ പാപ്പുക്കുട്ടി ഭാഗവതരും ഭാര്യയും.
നാടകത്തില്‍ പാടി അഭിനയിച്ചു തുടങ്ങിയ പാപ്പുക്കുട്ടി ഭാഗവതരുടെ കലാജീവിതം തലമുറകള്‍ക്ക് പ്രചോദനമേകുകയാണ്. കലാജീവിതത്തില്‍ പൂര്ണചന്ദ്രശതാഭിഷിക്തനായ (84വര്‍ഷം) കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അവിസ്മരണീയ ചരിത്രം രചിക്കുകയാണിന്ന്. നാടകനടന്‍, ഗായകന്, സംഗീതജ്ഞന്, സിനിമാ നടന്, പിന്നണിഗായകന്‍, കഥാപ്രാസംഗികന്, സംഗീതഗുരു തുടങ്ങി സംഗീതകല ജീവിതസന്ദേശമാക്കിയ ഭാഗവതര്‍ നൂറാംവയസിലും സംഗീതാര്‍ച്ചന നടത്തി ഗിന്നസ് ബുക്ക് റെക്കോര്‍ഡിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. 99-ാം വയസില്‍ മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയില്‍ “എന്റെടുക്കേല്വന്നടുക്കും. . . . . ” എന്ന ഹിറ്റ്ഗാനം പാടി ജനഹൃദയങ്ങളെ ആവേശം കൊള്ളിച്ച പാപ്പുക്കുട്ടി ഭാഗവതര്‍ നൂറാം വയസില്‍ റോഷന് ആന്‍ഡ്രൂസിന്റെ മുംബൈ പോലീസില്‍ അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു.
അതിര്‍ത്തികള്‍ കടന്നും, മനസുകള്‍ കയ്യടക്കി ഭാഗവതര്‍ നടത്തിയ സംഗീതക്കച്ചേരികള്‍ മാത്രം 1750 ഓളം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. അരനൂറ്റാണ്ട് കാലം നാടകരംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു ഭാഗവതര്‍. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചും 22ഓളം സിനിമകളില്‍ പിന്നണി പാടിയും ഒട്ടേറെ വേദികളില്‍ കഥാപ്രാസംഗികനായും കേരള സൈഗാള്‍ പാപ്പുകുട്ടി ഭാഗവതര്‍ കലാജീവിതത്തില്‍ സമര്‍പ്പണ സന്ദേശമായി മാറി.
അവാര്ഡുകളെക്കാളേറെ ജനഹൃദയങ്ങളിലെ അംഗീകാരവും ജീവിതത്തില്‍ പകര്ന്നുനല്കുന്ന സമാധാന സംതൃപ്തിയുമാണ് പാപ്പുക്കുട്ടി ഭാഗവതരുടെ കലാജീവിതം. തീരദേശമായ വൈപ്പിന്‍ മാലിപ്പുറത്ത് 1913 മാര്‍ച്ച് 29ന് മൈക്കിള്‍ അന്ന ദമ്പതികളുടെ മകനായി ജനിച്ച പാപ്പുക്കുട്ടി സംഗീതസമര്പ്പണ ജീവിതത്തിലൂടെയാണ് ഭാഗവതരായി മാറിയത്. ഏഴാം വയസ്സില്‍ വേദമണി നാടകത്തില്‍ പാടി അഭിനയിച്ച് തുടങ്ങിയ കലാജീവിതത്തില്‍ ഭാഗവതരുടെ സംഭാവനകള്‍ ഏറെ. പന്ത്രണ്ടാം വയസ്സില്‍ രംഗനാഥകമ്മത്തിന്റെയും കൃഷ്ണന്‍കുട്ടി ഭാഗവതരുടെയും ശിക്ഷണത്തില്‍ സപ്തസ്വരസംഗീതാദ്ധ്യായനവും നേടി.
മുപ്പതോളം നാടകങ്ങളില്‍ വിവിധതരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ പാപ്പുക്കുട്ടി ഭാഗവതരുടെ നാടകജീവിതത്തിലെ തിളങ്ങിയ വേഷം “മിശിഹാ ചരിത്രം” നാടകത്തിലെ മദ്ഗലനമറിയം സ്ത്രീ വേഷമായിരുന്നു. 30ല്‍പരം വേദികളിലാണ് മദ്ഗലന മറിയമായി ഭാഗവതര്‍ അഭിനയസിദ്ധി പ്രകടമാക്കിയത്. ഇതോടെ പാപ്പുക്കുട്ടി കൊച്ചിയിലെ കലാസ്വാദകര്‍ക്കിടയിലും കലാകാരന്മാര്ക്കിടയിലും ആദരണീയനായി മാറുകയും ചെയ്തു.
തിക്കുറിശ്ശി സുകുമാരന്‍നായര്‍, വൈക്കം വാസുദേവന്‍ നായര്‍, അഗസ്റ്റിന് ഭാഗവതര്‍, സെബാസ്റ്റ്യന്‍, കുഞ്ഞ്കുഞ്ഞ് ഭാഗവതര്‍ എന്നിവരോടൊത്തുള്ള നാടകജീവിതമാണ് ഭാഗവരുടെ കലാജീവിതത്തിന്റെ ഗതി മാറ്റിയത്. 22-ാം വയസ്സില്‍ പ്രസന്ന എന്ന സിനിമയിലഭിനയിച്ച് താരമായി രംഗപ്രവേശം ചെയ്ത പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയമികവിലൂടെ സിനിമാലോകത്തും തിളങ്ങി. വിലകുറഞ്ഞ മനുഷ്യന്, വിരുതന് ശങ്കു, ആല്‍മരം, ഭാര്യമാര്‍ സൂക്ഷിക്കുക, മുതലാളി, സ്ത്രീഹൃദയം, ഒരാള്‍കൂടി കള്ളനായി, പഠിച്ച കള്ളന്, ശ്യാമളചേച്ചി, അഞ്ച് സുന്ദരിമാര്‍, ഗുരുവായൂരപ്പന് തുടങ്ങി പാപ്പുക്കുട്ടി അഭിനയിച്ച സിനിമാപട്ടിക നീളുകയാണ്. 20ഓളം സിനിമകളിലഭിനയിച്ച പാപ്പുക്കുട്ടി ഭാഗവര്‍ ഇന്നും ഓര്‍ക്കുന്ന സിനിമ, കുടുംബസുഹൃത്തും സഹോദരതുല്യനുമായ അഗസ്റ്റിന് ഭാഗവതരുടെ മകനും പിന്നണി ഗായകനുമായ കെ.ജെ.യേശുദാസിനോടൊത്ത് അഭിനയിച്ച ‘കറുത്തകൈ’ എന്ന ചിത്രമാണ്. ഇതില്‍ ദാസിനോടൊത്ത് ഗാനാലാപനവും നടത്തിയിട്ടുണ്ട്. ഒട്ടേറെ മുന്‍ സിനിമാതാരങ്ങളുമായി സെറ്റിലും വേദിയിലും സൗഹൃദം പങ്കിട്ട ഭാഗവതര്‍ നൂറാം വയസ്സിലും റോഷന് ആന്‍ഡ്രൂസിന്റെ സിനിമയില്‍ വേഷമിട്ടു.
പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ സംഗീത തപസ്യയാണ് പാപ്പുക്കുട്ടി ഭാഗവതരുടെ ശതാബ്ദി വയസ്സിലും സന്തതസഹചാരിയായിട്ടുള്ളത്. ഇപ്പോഴും കൊച്ചിയിലെ താമസ സ്ഥലത്തുനിന്ന് ബസ്സിലും ബോട്ടിലും സഞ്ചരിച്ച് സംഗീതവിദ്യ ശിഷ്യര്‍ക്ക് പകര്ന്നുനല്കുന്നതില് ഭാഗവതര്‍ ശ്രദ്ധാലുവാണ്.
“സോജാ രാജകുമാരി….” എന്ന സൈഗാളിന്റെ ഈരടികള്‍ ചുണ്ടിലെന്നും പാടിനടന്ന പാപ്പുക്കുട്ടി ഭാഗവതരെ കൊച്ചിയിലെ ജനം െസൈഗാള് എന്നാണ് വിശേഷിപ്പിച്ചത്. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പ്രശസ്തിപത്രത്തില്‍ ഭാഗവതരെ “കേരള സൈഗാള്‍” എന്നും വിശേഷിപ്പിച്ചത് ഏറെ വിലപ്പെട്ടതായാണ് പാപ്പുക്കുട്ടി ഭാഗവതര്‍ കരുതുന്നത്.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1991), അക്കാദമി പ്രത്യേക പുരസ്ക്കാരം (1997), അക്കാദമി ഫെല്ലോഷിപ്പ് (2004) തുടങ്ങിയ സവിശേഷ പുരസ്ക്കാരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ തേടിയെത്തിയ പാപ്പുക്കുട്ടി ഭാഗവതര്‍ നൂറാം വയസ്സില്‍ 2012 നവംബറില്‍ നടത്തിയ കച്ചേരിയിലൂടെയാണ് ഗിന്നസ്സിലെത്തുന്നത്.
സമ്പത്ത് നോക്കാതെ സപ്തസ്വരങ്ങള്‍ പകര്ന്നുനല്കി ശിഷ്യരിലും ജനങ്ങളിലും ആദരണീയനായ സംഗീതലോകത്തെ കാരണവരുടെ 101-ാം ജന്മദിനാമാഘോഷിക്കുമ്പോള് കൊച്ചി പെരുമ്പടപ്പ് ദേശം നിറഞ്ഞ സന്തോഷത്തിലാണ്. ദുഃഖവെള്ളിയാഴ്ച ദിനത്തിലെത്തിയ ജന്മദിനാഘോഷം ഏറെ അനുഗ്രഹമായാണ് ശിഷ്യഗണങ്ങള്‍ കരുതുന്നത്.
പെരുമ്പടപ്പ് ചക്കാലക്കല്‍ വീട്ടില്‍ ഭാര്യ ബേബി, മകനും താരവുമായ മോഹന്‍ജോസ്, സാബു, സാലി, ജീവന്, മകളും സംവിധായകന് കെ.ജി.ജോര്‍ജിന്റെ ഭാര്യയുമായ സല്‍മ എന്നിവരോടും സുഹൃത്തുക്കളോടും നാട്ടുകാരോടുമൊത്ത് ജന്മദിനമാഘോഷിച്ചു കേരളാ സൈഗാള്‍….ഇനിയും ഏറെക്കാലം അദ്ദേഹം ആരോഗ്യവാനായി ഇരിക്കുമെന്ന പ്രാര്‍ത്ഥനയോടെ….
കൃഷ്ണകുമാര്‍ മട്ടാഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: