ന്യൂദല്‍ഹി: ടാറ്റ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കാനുള്ള എയര്‍ ഏഷ്യയുടെ പദ്ധതിയ്ക്ക് പച്ചക്കൊടി. മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യയുടെ അപേക്ഷ പരിഗണിച്ച കേന്ദ്രം സംരംഭത്തിന് അനുമതി നല്‍കുകയായിരുന്നു. 81 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്തുക. വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡാണ് അനുമതി നല്‍കിയതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
എയര്‍ ഏഷ്യയ്ക്ക് പുറമെ അഞ്ച് എഫ്ഡിഐ പദ്ധതികള്‍ക്കാണ് എഫ്ഐപിബി അനുമതി നല്‍കിയത്. 732 കോടി രൂപയാണ് മൊത്തം മൂല്യം കണക്കാക്കുന്നത്.
വിമാന കമ്പനിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ ഏഷ്യയ്ക്കായിരിക്കും. ടാറ്റ സണ്‍സിന് പുറമെ അരുണ്‍ ഭാട്യയുടെ ഉടമസ്ഥതയിലുള്ള ടെലസ്ട്ര ട്രേഡ്പ്ലേസും സംയുക്ത സംരംഭത്തില്‍ പങ്കാളികളാണ്. 30 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ സണ്‍സിനും ശേഷിക്കുന്ന 21 ശതമാനം ഓഹരികളുടെ പങ്കാളിത്തം ടെലസ്ട്രയ്ക്കും ആയിരിക്കും.
വിമാന കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച് എയര്‍ ഏഷ്യയോ ടാറ്റയോ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിംഗ് വ്യക്തമാക്കി. വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എയര്‍ ഏഷ്യ തീരുമാനിച്ചത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ സംയുക്ത സംരംഭത്തിലൂടെ വിമാന കമ്പനി രൂപീകരിക്കുന്ന ആദ്യ വിദേശ വിമാന കമ്പനിയായിരിക്കും എയര്‍ ഏഷ്യ. എഫ്ഐപിബിയുടെ അനുമതി ലഭിച്ചതിനാല്‍ തുടര്‍ നടപടികളുടെ ഭാഗമായി വ്യോമയാന നിയന്ത്രിതാവായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ സമീപിക്കാം. ചെന്നൈ ആസ്ഥാനമായിട്ടായിരിക്കും പുതിയ വിമാന കമ്പനി പ്രവര്‍ത്തിക്കുകയെന്ന് എയര്‍ ഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെര്‍ണാണ്ടസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: