കഴിഞ്ഞ 50 വര്‍ഷമായി മലയാള കാവ്യരംഗത്ത് കേള്‍ക്കുന്ന ആത്മാലാപം എന്ന് പൊതുവെ പറയാവുന്ന ആ ഗാനധാര സുഗതകുമാരിയുടേതാണ്. കേട്ടാല്‍ തിരിച്ചറിയാവുന്ന ശബ്ദം; കണ്ടാല്‍ മനസ്സിലാവുന്ന ചിത്രം. തന്റെ തന്നെ ഒരു ഉപമാനമായി രാത്രിമഴയെ സങ്കല്‍പ്പിച്ച് ഈ കവി തന്റെ ആത്മചിത്രം ഇങ്ങനെ സത്യസന്ധമായി വരയ്ക്കുന്നു.
നിന്റെ ശോകാര്‍ദ്രമാം
സംഗീതമറിയുന്നു ഞാന്‍
നിന്റെ അലിവും,
അമര്‍ത്തുന്ന രോഷവും
ഇരുട്ടത്തു വരവും, തനി
ച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചു നിന്-
ചിരിയും തിടുക്കവും നാട്യവും
അറിയുന്നതെന്തുകൊണ്ടെന്നോ? ഞാനു-
മിതുപോലെ, രാത്രിമഴപോലെ
ഏകാന്തത, ദുഃഖം, ആര്‍ദ്രത എന്നീ സവിശേഷതകളാണ് ഇവിടെ വ്യക്തമാവുന്നത്. ഒപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാനസികപ്പൊരുത്തം എന്ന എല്ലാ കവികള്‍ക്കും ഉള്ള, എല്ലാ കവികള്‍ക്കും വേണ്ടതായ, ഒരു ലയം. ഈ ലയമാണ് സംഗീതത്തിന്റെ ഉറവിടം. ഈ ശ്രവണ സംഗീതംകൊണ്ട് നമുക്ക് കാതിന് സുഖം തോന്നുന്നു. വാക്കിന്റെ ലാളിത്യവും വാക്കുകള്‍ ചേര്‍ക്കുന്നതിലെ ഔചിത്യവും. ഭാവത്തെ അനായാസമായി ഗ്രഹിക്കാന്‍ നമ്മെ സഹായിക്കുന്നു. ഈ ഗുണത്തിന് സുഗേയത എന്നുപറയാം. അതുള്ളപ്പോള്‍, കവിയുടെ പേരുപോലെ തന്നെ, കവിത ‘സുഗതം’ ‘സുഗമം’ ആയി ഭവിക്കുന്നു. കടന്നുചെല്ലാന്‍ ദുര്ഘടങ്ങളൊന്നുമില്ലാത്ത നാട്ടുവഴി ആധുനികതയുടെ തൂണുകളോ, വൈദ്യുതകമ്പിയോപോലും ഈ തെളിഞ്ഞ വഴിയോരത്ത് കാണില്ല. കേള്‍ക്കുന്ന സ്വരത്തിലൂടെ ഒരു വീണയുടെ തന്ത്രിപോലെ നമ്മുടെ മനസ് കമ്പനം കൊള്ളുന്നു. മൃദുവായ സ്പര്‍ശം അഗാധമായ ധ്വനി സൃഷ്ടിക്കും. നാം അറിയാതെ തന്നെ ഈ സുഗേയതയിലൂടെ ആശയത്തിന്റെ ആഴത്തിലേക്ക് കടക്കാന്‍ അഗാധധ്വനി സഹായകമാവുന്നു. ഇങ്ങനെ രണ്ടു ഗുണവും ചേര്‍ന്നതിനെയാണ് പണ്ട് വള്ളത്തോള്‍ ഇങ്ങനെ പറഞ്ഞത്.
“കാവ്യം സുഗേയം, കഥ രാഘവീയം” കവിതയിലെ കഥാവസ്തു ‘രാഘവീയം’ ആണെന്ന് പറയുന്നതിലെ പൊരുള്‍ അത് ശ്രീരാമന്റെ കഥയാവണം എന്നല്ല. നമ്മുടെ മനോഘടനയില്‍ത്തന്നെ നേരത്തെ അതായത്, ത്രേതായുഗം മുതല്‍, ഉറങ്ങിക്കിടക്കുന്ന ശബ്ദത്തെ കവിതയുടെ കരസ്പര്‍ശം ഉണര്‍ത്തി വിടുന്നു എന്നാണ്. രഘുവംശം നമ്മുടെ കുലം ആണ്. പാരമ്പര്യമാണ,് സംസ്കൃതിയാണ്. അതിനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു വികാരമോ ആശയമോ ആവണം. മീട്ടപ്പെടുന്ന ശബ്ദത്തിലൂടെ ഉരുത്തിരിയേണ്ടത്. അതായത്, അന്യവും അപരിചിതവും വിഘടിതവും സംഘര്‍ഷപരവും ആയ ഒന്നും പാടില്ല. തെളിമ, ഹൃദ്യത, ലാളിത്യം എന്നൊക്കെ പറയാവുന്ന സ്വഭാവം മുഖമുദ്രയായി ലഭിക്കുന്നു. എഴുത്തച്ഛന് ഗാനഗന്ധര്‍വനായത് ഈ വരലബ്ധി മൂലമാണ്. ആ ഗന്ധര്‍വത്വം ഇന്നും തങ്ങിനില്ക്കുന്ന ചുരുക്കം കവികളില്‍ പ്രഥമസ്ഥാനത്താണ് സുഗതകുമാരി എന്നു പറഞ്ഞാല്‍ ഒട്ടും തെറ്റുകയില്ല.
എഴുത്തച്ഛന്റേത് സ്വര്‍ഗീയ ധാരയാണെങ്കില്‍ നമ്മുടെ കവിയുടേത് നമ്മുടെ മണ്ണിലൂടെത്തന്നെയുള്ള ധാരാപ്രവാഹമാണ്. ഈ വ്യത്യാസം കവിതയുടെ ജൈവസ്വഭാവമാകയാല് എടുത്തുപറയേണ്ട കാര്യമില്ല. ഒരു പൂര്‍വിക ഗന്ധര്‍വന്റെ ആവര്‍ത്തനമല്ലല്ലോ നമുക്ക് ആവശ്യം. തീര്‍ച്ചയായും ഈ കാവ്യവൃത്തിയുടെ പിന്നില്‍ ഉപാസന എന്ന മാനസിക ഏകാഗ്രത കൂടിയേ തീരൂ. അത് പ്രകടനാത്മകമല്ല. ഹൃദയാര്‍പ്പണമാണ്. കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍
“ആരോരുമറിയാതെ നിന്നെ
എന്നുള്ളില്‍ വെ-
ച്ചാത്മാവ് കുടിയര്പ്പിച്ചു.
എന്നിട്ട് കണ്ടോ-നോക്കിയോ-ആഗ്രഹിച്ചുവോ?
‘ഇല്ല’ എന്ന നിചേധ പ്രസ്താവത്തിലൂടെ ‘ഉണ്ട്’ എന്നതിലെ ആപ്തതയും ഹൃദ്യതയും കവി വെളിവാക്കുന്നത് നോക്കൂ.
നീ നീലചന്ദ്രനായ് നടുവില്‍ നില്‍ക്കേ, ച്ചുറ്റു-
മാലോലമാലോലമിളകീ,
ആടിയുലയും ഗോപ സുന്ദരികള്‍ തന് ലാസ്യ-
മോടികളുലാവിയൊഴുകുമ്പോള്
കുസൃതി നിറയും നിന്റെ കുഴല്വിളിയുടന് മദ-
ദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരിപൊട്ടി ഉണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍,
പൊന്‍മെയ്കള്‍, തരിവളയണിക്കൈകള്‍
മഴവില്ലുചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്ക്കുലപൊഴി-
ഞ്ഞൊരു നാളുമാടിയിട്ടില്ല…..
നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു-
പൊടിയവേ പൂമരം ചാരി
ഇളകുന്ന മാറില്‍ കിതപ്പോടെ നിന്മുഖം
കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ, നീയെന്നെയറിയില്ല”
നമുക്ക് എളുപ്പം മനസ്സിലാവാന്‍ വേണ്ടിയാണ് ‘നീ’ എന്ന ഈ സംബോധന ശ്രീകൃഷ്ണന്റെ നേര്‍ക്ക് ആക്കിയത്. ശ്രീകഷ്ണസങ്കല്പ്പവുമായി ബന്ധിക്കുമ്പോള്‍ വര്‍ണനയ്ക്ക് വേണ്ടുന്ന എല്ലാ ഉപാദാനങ്ങളും ഭാരതീയ കവിക്ക് അനായാസം ലഭിക്കുന്നു. ശ്രീകൃഷ്ണ സങ്കല്‍പ്പവുമായി ഇങ്ങനെ ഒരു പാലം വായനക്കാരുടെ മനസ്സില്‍ എന്നേ രൂപം കൊണ്ടിരിക്കുന്നു. ഈ സാധ്യത ഉപയോഗപ്പെടുത്തുമ്പോള്‍ പാലം ഒരു മതക്കാരുടെയും കുത്തകയല്ല. ജനത്തിന്റേതാണ് എന്ന് ഓര്‍ക്കണം. പാലത്തിലൂടെ നടന്നു കേറുകയേ വേണ്ടൂ. പരിചിതമായ പ്രകൃതിബിംബങ്ങള്‍, ആശയത്തെ ദീപ്തമാക്കി കാണിക്കാന്‍, ചുറ്റും നിരക്കുന്നു. ദൃശ്യങ്ങളുടെ ഈ മനോഹാരിതയാണ് കവിതയുടെ വശ്യത.
പക്ഷേ ഒന്നുകൂടി ഓര്‍ക്കുക ജീവിതസത്യം നമുക്ക് അറിയാന്‍ പാടില്ല. സുവര്ണപാത്രംകൊണ്ട് അത് മൂടിവച്ചിരിക്കുന്നു. ഭൗതിക ജീവിതത്തിന്റെ പരിമിതിയാണത്. ഈ പരിമിതി കടക്കാന്‍ നമുക്ക് പറ്റില്ല. ‘സത്യ’ത്തിന് നമ്മളെ അറിഞ്ഞഞ്ഞുകൂടാ. എന്നാല്‍ ദൂരത്തുനിന്നുകൊണ്ടെങ്കിലും അതിന്റെ ദര്‍ശനം സാധിക്കുക- ആ കുഴല്‍വിളിയുടെ ലയത്തിനൊപ്പം മനസ്സില്‍ ശ്രുതിയുണ്ടാവുക- ആ സത്യത്തിന്റെ കടാക്ഷവും പുഞ്ചിരിയും നമ്മുടെ നേര്‍ക്കും പതിക്കുക- അത് സാധ്യമാണ്. ആ അനുഭവം നമുക്ക് ഉണ്ടാവാന്‍ വേണ്ടിയാണ് കവി, കവിതയിലൂടെ, നമ്മോടു സല്ലപിക്കുന്നത്; ഏകാന്തമായ അനുഭവത്തെ പങ്കുവയ്ക്കുന്നത്. നമ്മെക്കുറിച്ച് ഉല്‍ക്കണ്ഠയും സഹതാപവും അലിവും ഉണ്ട്. പ്രപഞ്ചസത്യത്തെപ്പറ്റിയുള്ള ഇത്തരം അവബോധം, ദുഃഖത്തെയല്ല ദുഃഖത്തില്‍നിന്ന് ശാന്തിയിലേക്കുള്ള പ്രവേശനത്തെയാണ് വ്യക്തമാക്കുന്നത്. ഈ തിരിച്ചറിവ് മനസ്സിന് സ്വച്ഛത പകരുന്നു- ആകുലതയുടെ നടുക്ക് നില്ക്കുമ്പോള് പാശ്ചാത്യ മഹാകവികള്‍ ഇത്തരം സന്ദര്‍ഭത്തില്‍ അവര്‍ക്ക് ശ്രീകൃഷ്ണനെപ്പോലൊരു സങ്കല്‍പ്പം കയ്യെത്തുന്നിടത്ത് ഇല്ലാത്തതിനാല്‍ കൊടുങ്കാറ്റ്, വാനമ്പാടി, നീരൊഴുക്ക് തുടങ്ങിയ പ്രകൃതി ബിംബങ്ങളെ ആണ് ആശ്രയിച്ചത്. കൂടുതല്‍ ശ്രമകരമായ പ്രക്രിയ തന്നെ. നമ്മുടെ അനായാസതയ്ക്കും സുതാര്യതക്കും കാരണം ശ്രീകൃഷ്ണനും ഓടക്കുഴലും ഗോപസ്ത്രീയും പശുവും ഒക്കെത്തന്നെ.
ദുഃഖമാണ് സുഗതകുമാരിയുടെ സ്ഥായിയായ ശ്രുതി എന്നുപറയാറുണ്ട്. ദുഃഖം എന്തുകൊണ്ട് എന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഈ പരിഭവം തീരും. കവിക്ക് അത് തീര്‍ന്നിരിക്കുന്നുവെന്ന് തോന്നുന്നു. നമുക്കും ദുഃഖവിരാമം വരേണ്ടതുണ്ട്. നിത്യസത്യത്തെ ഭാവനയിലൂടെ പിന്തുടരുന്ന എല്ലാ വലിയ ജീവികളുടെയും ഹൃദയരഹസ്യം ഇതാണ് അവരുടെ വൈവശ്യം ധന്യമായ ഒരു അനുഭവമാണ്. ചിലര്‍ അതിനെ ദിവ്യദുഃഖം എന്ന് വിളിക്കുന്നു. കാണാനോ നേരിട്ടനുഭവിക്കാനോ വയ്യാത്ത ഒന്നിനെ സങ്കല്പ്പഛായ കണ്ട് മുന്നില്‍ വരുത്താനാണ് കവികള്‍ ശ്രമിക്കുന്നത്.
ഈ ദിവ്യദുഃഖം മാത്രമോ എല്ലാ കവിതയിലും-അത് ഏകതാനമാവില്ലേ-എന്നൊക്കെ ചോദിച്ചാല്‍, അല്ല, ഇല്ല എന്ന് വിശദമാക്കുന്നുണ്ട്. സുഗതകുമാരിയുടെ വിസ്തൃതമായ കാവ്യലോകം. ദിവ്യദുഃഖത്തിന്റെ താഴെത്തെപടി എന്നു പറഞ്ഞോളൂ-ഭവ ദുഃഖം എന്ന ഒന്നുണ്ട്. ബുദ്ധ ഭഗവാന്റെ ഭവ ദുഃഖം ദിവ്യദുഃഖമായി പരിവര്‍ത്തിച്ചതും നിര്‍വാണം എന്ന ആത്യന്തിക പദപ്രാപ്തി കൈവരിച്ചതും നമുക്കറിയാം.
ലോകജീവിതത്തിന്റെ നടുക്കാണ് നമ്മള്. ഇവിടെ ഭവിച്ചിരിക്കുന്ന സത്യത്തെയാണ് ഭവദുഃഖം എന്ന് പറയുന്നത്. അതിന്റെ നടുക്ക്നിന്ന് കരകേറ്റാനാണ് ‘ശിവശംഭോ’ എന്ന് വിളിച്ച്, നമ്മുടെ തലമുറകള്‍ കേണ് അപേക്ഷിച്ചത്. സങ്കീര്‍ണമായ ജീവിതാനുഭവം ദുഃഖക്കയത്തില് എത്തിച്ചിരിക്കുന്നു. നമുക്കറിയും സര്‍ക്കാരിന്റെ മുറകള്‍, പ്രസ്ഥാനങ്ങളുടെ മുറവിളികള്‍, റാലികളുടെ പ്രതിഷേധങ്ങള്‍, സ്തംഭനരോഗബാധകള്, പണിമുടക്കുകള്‍, ഭീകരനീക്കങ്ങള്‍, എല്ലാം ഹിംസാത്മകമായി നമ്മുടെ നേര്‍ക്ക് കുരച്ചു കയറുന്ന വാസ്തവലോകത്തെപ്പറ്റി. ഇതൊക്കെ നാം തട്ടിമുട്ടി തരണം ചെയ്യുന്നു മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട്. ചുരുക്കം ചിലര്‍ ആത്മഹത്യയില്‍പ്പോലും എത്തുന്നു. എന്താണ് ഇതിന്റെയൊക്കെ പൊരുള്‍? ജീവിതത്തെ നിലനില്‍പ്പിനുവേണ്ടിയുള്ള മത്സരമായി കണ്ട്, പരസ്പരം വഴക്കടിച്ച്, മുറവിളി കൂട്ടി സ്വാര്‍ഥം നേടാനുള്ള ദുരാഗ്രഹം മനുഷ്യന് കൂടിയിരിക്കുന്നു. ദിവ്യദുഃഖം ഏകാന്തവും അനുഗ്രഹദായകവും ആയിരിക്കെത്തന്നെ, ഭവദുഃഖം സാമൂഹികാപേക്ഷവും സ്വാര്‍ത്ഥപൂരിതമായ കളങ്കവും ഒക്കെയാണ്. അനുഗ്രഹമാണ് ആദ്യത്തേതെങ്കില് ശപ്തമാണ് രണ്ടാത്തേത്. ഭവദുഃഖഹേതുവായ മനുഷ്യവൃത്തിയെ കണ്ടില്ലെന്ന് ഭാവിച്ച് ഏകാന്തതയില്‍ മുഴുകാനല്ല. അതിനെ തിരിച്ചറിഞ്ഞ് വികാരത്തിന്റെ ഭാഷയിലൂടെ പ്രബോധനം നടത്താനാണ് സമൂഹത്തോടു താല്‍പ്പര്യമുള്ള കവിക്ക് തോന്നുന്നത്. ആദ്യം പറഞ്ഞ ദിവ്യദുഃഖത്തിന്റെ ഉപോല്‍പ്പന്നം എന്നല്ല സ്വാഭാവിക പരിണാമമാണ് രണ്ടാമത്തെ കര്‍മ മാര്‍ഗം. ഗീതോപദേശവും അങ്ങനെ തന്നെയാണ്. നമ്മുടെ യോഗീശ്വരന്മാരുടെയും ആധുനിക കര്മയോഗികളുടെയും മാര്‍ഗം അതുതന്നെയാണെന്നോര്ക്കുക. അപ്പോള്‍ രണ്ടു ദുഃഖവും തമ്മില്‍ വ്യത്യാസമില്ല- “ഭാവം സ്ഥിരം തന്നെ ചരാചരത്തില്‍” എന്നു പറയാം.
ഈ സ്ഥിരഭാവത്തെപ്പറ്റി പാടുമ്പോള്‍ സുഗതകുമാരിക്ക് സ്ഥൈര്യം എന്ന ഗുണം ലഭിക്കുന്നു. “അന്നന്നു കണ്ടതിനെ വാഴ്ത്തുക” എന്ന മട്ട് ഇവിടെയില്ല. സമകാലിക സാഹിത്യ പ്രസ്ഥാനവും, പുരോഗമന വാദികളുടെ അട്ടിമറി ആഹ്വാനങ്ങളും, ആധുനികത, വാദികളുടെ ശീര്‍ഷാസന പരീക്ഷണങ്ങളും തന്റെ ചുറ്റും എങ്ങനെയൊക്കെ നടക്കുന്നു എന്നതെപ്പറ്റി ഈ കവി വ്യാകുലപ്പെട്ടിട്ടില്ല. ഹൃദയ സംഗീതമാണ് അവരുടെ ശബ്ദം. ആ ഹൃദയത്തില്‍ സ്വന്തം രക്തം തന്നെ പ്രവഹിക്കുന്നു. വെളിയില്‍നിന്നുള്ള രക്ത സ്വീകരണം ശീലിക്കാത്തതിന്റെ പച്ചയായ ആരോഗ്യം, ഹരിതഭംഗി, അവരുടെ കവിതയില്‍ അന്നും ഇന്നും ഒരുപോലെ ദൃശ്യമാകുന്നു.
പ്രതിഷേധമില്ലേ? ശക്തമായിട്ട് അതുണ്ട്. എന്തിന്റെ നേര്‍ക്ക് എന്ന് മുന്ഗണനയിട്ട് ലിസ്റ്റുണ്ടാക്കാന്‍ അനുശാസനം ലഭിച്ച കവികള്‍ നമുക്കുണ്ട്. പ്രതിഷേധിക്കുമ്പോള്‍ സ്വന്തം സ്ഥാനമാനങ്ങളും പ്രതീക്ഷകളും ലിസ്റ്റിന്റെ മറുഭാഗത്ത് കുറിച്ചുവെക്കുന്നവര്ക്കും കുറവില്ല. അതോര്‍ത്തുകൊണ്ട് നമുക്ക് പറയാം. സംസ്കാരികമായ, വിദ്യാഭ്യാസപരമായ, കുടുംബ ബന്ധ സംബന്ധിയായ ജീര്‍ണതകളെ ഇല്ലാതാക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്ന എന്ന ധാര്‍മിക ദൗത്യമാണ് സുഗതകുമാരിയുടെ സമൂഹാപേക്ഷ കാവ്യസൃഷ്ടി നിര്‍വഹിക്കുന്നത്. അങ്ങനെയാണ്, മദ്യപാനത്തെ അതില്നിന്നുണ്ടാവുന്ന സ്ത്രീ പീഡനത്തെ നിരന്തരമായി എതിര്‍ക്കുന്ന കര്‍മരംഗത്തേക്ക് അവര്‍ ഇറങ്ങിവന്നതും. കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് കൈക്കൂലി പിടുങ്ങാനും അതുപോലുള്ള മറ്റു സ്വാര്‍ത്ഥം നേടാനും വേണ്ടിയാണ് സര്‍ക്കാര്‍ ഏജന്‍സികളും വനനശീകരണവും വൃക്ഷധ്വംസനവും നടത്തുന്നത് എന്ന് എല്ലാവര്ക്കും അറിയാം. കവിക്കും തീര്‍ച്ചയുണ്ട്. നിരന്തരമായ സമരം ഈ രംഗത്ത് നടത്തിയതിന് ചില നടപടികള്‍ ഉണ്ടായി. സെയിലന്റ് വാലിയെ രക്ഷിക്കല്‍ സഫലമായത് ഒരു ഉദാഹരണം.
ജനജാഗ്രത കൊണ്ടുമാത്രം സാധിക്കാവുന്ന ഒരു നല്ല കാര്യത്തില്‍ ജനത്തിന് കവിയുടെ പ്രേരണയും സ്വാധീനതയും ഉണ്ടായി എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ നേട്ടമാണ്. എന്നാല്‍ കുടിലബുദ്ധികളുടെ ദുരാഗ്രഹത്തില്‍ നിന്ന് തലസ്ഥാനത്തെ പാതകള്‍ക്ക് വ്യക്തിത്വം നല്കിപ്പോരുന്ന വൃക്ഷമുത്തച്ഛന്മാരെ രക്ഷിക്കാന്‍, ഓരോ നല്ല മനുഷ്യനും ഇറങ്ങിവന്ന് വൃക്ഷത്തെ കെട്ടിപ്പിടിക്കേണ്ട ആപല്‍ഘട്ടമാണ് ഇന്ന് നമ്മുടെ മുമ്പില്‍. ഈ സന്ദേശം കവിതയില്‍നിന്ന് നാം ഉള്‍ക്കൊള്ളണം എന്ന കാര്യംകൂടി നാം ഓര്‍ക്കാന്‍ ഇടയാകട്ടെ. കവിയ്ക്ക് ശ്രേഷ്ഠമായ ബഹുമതിയും പുരസ്കാരവും നല്കുന്ന അവസരത്തില്‍.
പി.നാരായണകുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: