കേരളത്തിലെ പ്രശസ്തരായ പത്രപ്രവര്‍ത്തകര്‍ക്ക് ആ തൊഴിലില്‍ ഏര്‍പ്പെടാന്‍ എന്ത് യോഗ്യതയാണുണ്ടായിരുന്നത്. ഔപചാരികമായ ഉന്നതവിദ്യാഭ്യാസവും പത്രാസുകളും ഇല്ലാത്തവരായിരുന്നു അവരില്‍ പലരും. പത്രാധിപന്മാരില് അവിസ്മരണീയരായ പി.വി.കെ.നെടുങ്ങാടിയും വി.എം.കൊറാത്തും ഈയവസരത്തില്‍ ഓര്‍മയില്‍ തെളിയുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം പോകാത്തവരായിരുന്നു അവര്‍. അവര്‍ പത്രരംഗത്ത് പ്രവേശിച്ചതുതന്നെ അന്‍പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആവശ്യമനുസരിച്ചായിരുന്നു. പ്രവര്‍ത്തിപരിചയത്തിലൂടെ നേടിയ അറിവും പരിശീലനവുമാണ്. അവരെ ആ മേഖലയിലെ ഏറ്റവും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചത്. വി.എം.കൊറാത്ത് ജന്മഭൂമി പത്രാധിപസ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ പത്രാധിപ ഭീമന് എന്നാണ് പ്രൊഫ.എം.പി.മന്മഥന് വിശേഷിപ്പിച്ചത്. സാധാരണ റിപ്പോര്‍ട്ടറായി 1946 ലോ മറ്റോ മാതൃഭൂമിയില്‍ പ്രവേശിച്ച അദ്ദേഹം അതിന്റെ ഡപ്യൂട്ടി എഡിറ്ററായി 1986 ല്‍ വിരമിച്ചപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ കുലഗുരുവെപ്പോലെയായിക്കഴിഞ്ഞിരുന്നു.
ജന്മഭൂമിയുടെ മുഖ്യപത്രാധിപത്യം സ്വീകരിച്ചശേഷം എത്രയെത്ര യുവാക്കളാണ് അദ്ദേഹത്തില്‍നിന്ന് മാര്‍ഗദര്‍ശനം നേടി ഈ രംഗത്ത് കൃത ഹസ്തത നേടിയത്. അവരില്‍ ഔപചാരികമായി അക്കാദമിക പരിശീലനം നേടിയവര്‍ മാത്രമല്ല ഉണ്ടായിരുന്നത്.
അതുപോലെ തന്നെ വിസ്മയകരമാണ് പി.വി.കെ. നെടുങ്ങാടിയുടെ കാര്യവും. കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമരഭടനായി പൊതുരംഗത്തെത്തിയ നെടുങ്ങാടി 1930 കളില്‍ത്തന്നെ പത്രരംഗത്തെത്തി. കണ്ണൂരിലെ ദേശമിത്രത്തില്‍ പത്രാധിപരായിരിക്കെ അദ്ദേഹം കൈപിടിച്ചു പിച്ചവെപ്പിച്ചവരാണ് ഉത്തരകേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തകരെല്ലാം തന്നെ.
പത്രപ്രവര്ത്തനത്തിലേര്പ്പെടുന്നവര്ക്ക് ചുരുങ്ങിയ അക്കാദമിക യോഗ്യതകള്‍ നിര്‍ണയിക്കണമെന്ന പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഈയിടെ മുന്നില്‍വെച്ച നിര്‍ദ്ദേശമാണ് ഈവിധം ചിന്തിക്കാന്‍ ഇടയാക്കിയത്. ജ:കട്ജു ഏതാനും മാസങ്ങളായി പലവിവാദപരമായ അഭിപ്രായങ്ങളും പുറപ്പെടുവിച്ചതായി നമുക്കറിയാം. അദ്ദേഹത്തിന്റെ രോഷത്തിന് പാത്രമായത് മുഖ്യമായും ഹിന്ദുത്വ പ്രസ്ഥാനങ്ങളാണുതാനും. കാശ്മീര്‍ തീവ്രവാദികള്‍, ഗുജറാത്തിലെ മോദിവിരുദ്ധര്‍ എന്നിത്യാദി ശക്തികളെ താലോലിക്കുന്ന രീതിയാണദ്ദേഹത്തിന്റേത്. പലപ്പോഴും നിഷ്പക്ഷനായൊരു ന്യായാധിപന്റെ അഭിപ്രായമല്ല അദ്ദേഹത്തില്നിന്നുവരുന്നത്.
ഭാരതത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ഡോ.കൈലാസനാഥ കട്ജുവിന്റെ പുത്രനാണ് അദ്ദേഹം. കെ.എന്‍.കട്ജുവും ജനസംഘസ്ഥാപകന്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയും കരുതല്‍ തടങ്കല്‍ നിയമത്തിന്റെ പ്രശ്നത്തില്‍ ലോക്സഭയില്‍ കൊമ്പുകോര്‍ത്ത സംഭവം പ്രസിദ്ധമാണ്. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനായി ഈസ്റ്റിന്ത്യാ കമ്പനി ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ബംഗാളിലെ നിയമമെന്ന് കുപ്രസിദ്ധിയാര്‍ജിച്ച ചട്ടമാണ് കരുതല്‍ തടങ്കല്‍ നിയമം. സ്വതന്ത്രഭാരതത്തില്‍ പ്രസ്തുത നിയമം നടപ്പാക്കില്ലെന്ന് സാമ്രാജ്യ നിയമസഭയില്‍ ശക്തിയുക്തം വാദിച്ചത് ഡോ.കട്ജുവായിരുന്നു. എന്നാല്‍ 1952 ല്‍ പ്രസ്തുത നിയമത്തെ വീണ്ടും നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം തന്നെ ബില്‍ അവതരിപ്പിച്ചതിനെ ഡോ.മുഖര്‍ജി എതിര്‍ത്തുകൊണ്ടു ചെയ്ത പ്രസംഗം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു.
ഡോ.മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായപ്രകടനമാണല്ലൊ പറഞ്ഞുവന്നത്. പത്രപ്രവര്‍ത്തനം പഠിക്കുന്നതിന് അന്പതുവര്ഷങ്ങള്ക്ക് മുമ്പുവരെ മുംബൈയിലും നാഗ്പൂരും ചില കോഴ്സുകള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പത്രപ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ അവയ്ക്ക്കഴിഞ്ഞിരുന്നില്ല. 1970 കളില്‍ ഭാരതീയ വിദ്യാഭവന് പോലുള്ള സ്ഥാപനങ്ങള്‍ ചില ഡിപ്ലോമ കോഴ്സുകള്‍ നടത്തിവന്നു. അവിടെനിന്ന് പുറത്തിറങ്ങിയവര്‍ പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു തുടങ്ങി. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള സാങ്കേതികമായ ഉപരിപ്ലവജ്ഞാനം മാത്രമേ അവരില്‍ മിക്കവര്ക്കുമുണ്ടായിരുന്നുള്ളൂവെന്ന് ജന്മഭൂമിയുടെ ചുമതല വഹിച്ച കാലത്ത് അനേകം പേരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മിക്കവാറും സ്ഥലങ്ങളില്‍ പ്രസ് ക്ലബുകളും സര്‍വകലാശാലകളും കോഴ്സുകള്‍ നടത്തുന്നു. അവിടെനിന്ന് അക്കാദമിക യോഗ്യത നേടിയവരില്‍ മിക്കവര്‍ക്കും ഉപരിപ്ലവമായ അറിവ് മാത്രമേയുള്ളൂവെന്നും അനുഭവത്തില്നിന്നറിയാന് കഴിയുന്നു.
വളരെ കുറച്ചുപേര്‍ ഈ രംഗത്ത് വിജ്ഞാനം നേടാന്‍ ശ്രമിക്കുന്നുണ്ട് എന്നത് നിരാകരിക്കുന്നില്ല. രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവും സാഹിത്യപരവും വാണിജ്യപരവും സിനിമ; കായികരംഗസംബന്ധിയുമായ വിവിധ വിഷയങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. പൊതുജനങ്ങളെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അവയുടെ നന്മതിന്മകളെ വിലയിരുത്താന്‍ കഴിയണമെങ്കില്‍ അതികഠിനമായ അധ്വാനവും അറിയാനുള്ള ജിജ്ഞാസയും വേണ്ടതുണ്ട്. പൊതുവിജ്ഞാനം ഏറ്റവും പുതിയ രംഗത്തേക്കും എത്തണം. കേരളത്തിലാണെങ്കില്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം സമ്പാദിക്കണം. മറ്റു ഭാഷകള്‍ ഒന്നുരണ്ടെണ്ണമെങ്കിലും ഇംഗ്ലീഷോ ഹിന്ദിയോ തമിഴോ കന്നടയോ സ്വായത്തമാക്കണം. അര്‍ത്ഥലോപം വരാതെ ആശയങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയണം.
ഓരോപ്രശ്നം കൈകാര്യം ചെയ്യുമ്പോഴും അതിന്റെ പശ്ചാത്തലം കണ്ടെത്താന്‍ കഴിയണം. അതൊക്കെ സ്വപ്രയത്നത്താല്‍ നേടിയെടുക്കേണ്ട യോഗ്യതകളാണ്. ഇക്കാലത്തെ പത്രക്കാര് വിവരങ്ങള്‍ക്ക് മിക്കവാറും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതിനാല്‍ അടിസ്ഥാന വിവരങ്ങള്‍ ഇല്ലാതെ ഉള്‍കനം നഷ്ടപ്പെട്ട വിവരണങ്ങള്‍ നല്‍കുന്നതായി അനുഭവപ്പെടുന്നു. ഭാരതത്തിന്റെ ഭൂപടം നല്‍കുന്നതിന് പത്രലേഖകര്‍ നെറ്റിനെ ആശ്രയിക്കുമ്പോള്‍ പലപ്പോഴും പാക്കിസ്ഥാനും ചീനയും അവകാശമുന്നയിക്കുന്ന അതിര്‍ത്തികളുള്ള ചിത്രങ്ങള്‍ കൊടുക്കുന്നതായി അനുഭവപ്പെടുന്നു. നെറ്റിന്റെ സഹായം തേടുമ്പോള്‍ അടിസ്ഥാന വസ്തുതകളിലുള്ള ഉറച്ച ധാരണയില്ലാത്തവര്‍ അബദ്ധത്തില്‍ ചാടുക പതിവാണ്. കട് ആന്‍ഡ് പേസ്റ്റ് ലേഖനങ്ങളായിത്തീരുന്നു അവ.
ദൃശ്യമാധ്യമമായാലും പത്രമാധ്യമമായാലും സ്വന്തം നിലപാടില്‍ ഉറപ്പുണ്ടാകണം. വാര്‍ത്താ ചാനലുകള്‍ നടത്തുന്ന ചര്‍ച്ചകളില്‍ അവതാരകരുടെ അഹന്തയും അപ്രമാദിത്ത ഭാവനയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം അനുഭവങ്ങള്‍ പറയാനുള്ള അവസരം നല്‍കാതെ അവരെ അപഹസിക്കുകയും ഉത്തരംമുട്ടിക്കുകയും ചെയ്യുന്നതില്‍ ഭാവിക്കുന്ന ‘അമ്പട ഞാനേ’ എന്ന ഭാവവും, ചാനലുകളെ പ്രേക്ഷകരില്‍നിന്ന് വിമുഖരാക്കുന്നുണ്ട്. വൃത്താന്തങ്ങള്‍ സത്യമായി അറിയിക്കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മത്തിനുപകരം കഥകളും പത്രസ്ഥാപനത്തിന്റെ താല്‍പ്പര്യ രക്ഷയും മുന്‍തൂക്കം നേടിയിരിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അടിസ്ഥാന അക്കാദമിക യോഗ്യത ഇന്ന് മിക്ക സ്ഥാപനങ്ങളും ആവശ്യപ്പെടുന്നുണ്ട്. അതിനേക്കാള്‍ പ്രധാനം മാധ്യമ പ്രവര്‍ത്തകനാകാനുള്ള അര്‍ഹത സ്വന്തപ്രയത്നംകൊണ്ട് നേടിയെടുക്കുകയെന്നതാണ്. അവിടെയാണ് വി.എം.കൊറാത്തിനെയും പി.വി.കെ.നെടുങ്ങാടിയേയും പോലുള്ളവര്‍ മാതൃകാസ്തംഭങ്ങളായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. ജസ്റ്റിസ് കട്ജുവിന്റെ അഭിപ്രായങ്ങള്‍ ഈ ചിന്തക്ക് വഴിയൊരുക്കിയെന്നേയുള്ളൂ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: