‘മാനേജ്മെന്റ്’ അഥവാ നടത്തിപ്പ്, നേതൃത്വം സാമൂഹ്യജീവിതത്തിന്റെ ശരിയായ ദിശയിലൂടെയുള്ള യാത്രക്ക് അത്യന്തം അനുപേക്ഷണീയമാണ്. മാനേജ്മെന്റ് എന്നു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും വലിയ സ്ഥാപനത്തിന് മാത്രം വേണ്ടപ്പെട്ട എന്തോ ഒന്നാണെന്ന ചിന്ത നമ്മില്‍ പലര്‍ക്കുമുണ്ട്. വ്യക്തിക്കും സംഘടനക്കും സ്ഥാപനത്തിനുമെല്ലാമുള്ള ശരിയായ മാനേജ്മെന്റാണ് ഉന്നത വിജയത്തിന്റെ ഉറവിടമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു പൂവിരിയലിലും, തീരം തേടിപ്പോകുന്ന തിരമാലകളിലും മരത്തെയും വനത്തെയും ആകമാനം പിടിച്ചുലയ്ക്കുന്ന കാറ്റില്‍പ്പോലും ഒരുതരം മാനേജ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇവയില്‍ മിസ്മാനേജ്മെന്റ് സംഭവിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും നാമനുഭവിക്കാറുണ്ട്.
മാനേജ്മെന്റ് രംഗത്തെ സംബന്ധിച്ച് കടിച്ചാല്പൊട്ടാത്ത സാങ്കേതിക പദാവലികളുടെ അകമ്പടിയും മേല്‍ക്കോയ്മയുമില്ലാതെ സരസവും സരളവുമായ ഭാഷയില്‍ രചിച്ച ഗ്രന്ഥമാണ് ‘ലീഡ്’ (സക്സസ്ഫുള്‍ ലെസണ്‍സ് ഫോര്‍ പീപ്പിള്‍ മാനേജേഴ്സ് അഥവാ മാനവവിഭവശേഷി മാനേജര്‍മാര്‍ക്കുള്ള വിജയപാഠങ്ങള്‍) ഗ്രന്ഥം. കൊച്ചുകഥകളും അനുഭവക്കുറിപ്പുകളും ഉപമകളും ഉള്‍പ്പെടുത്തിയ മനുഷ്യഹൃദയങ്ങളെ ജ്ഞാനവിജ്ഞാനങ്ങളുടെ നാല്ച്ചുമരുകളിലെ ജാലകമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരനായ ഉണ്ണികൃഷ്ണന് മേലടി ഇതിനെ കിളിവാതിലായിട്ടാണ് വിശേഷിപ്പിച്ചതെങ്കിലും ലീഡിലൂടെ കടന്നുപോകുന്ന ഒരാളുടെ മനസ്സില്‍ കാഴ്ചപ്പാടുകളുടെ ‘കാഴ്ച’ അതീവ ഹൃദ്യമായി അനുഭവപ്പെടും. ഭാരതീയ പുരാണങ്ങളും ബൈബിളും ഖുര്‍ആനും ഗ്രീക്ക് ചിന്തകളും സന്നിവേശിപ്പിച്ചുകൊണ്ട് സരളകഥാ ശൈലിയില്‍ സന്ദര്‍ഭങ്ങളെ ആധാരമാക്കി മാനേജ്മെന്റ് തത്ത്വങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയത്തക്ക മറ്റൊരു പ്രത്യേകത.
ഹൃദ്യവും ഹൃദയാവര്‍ജ്ജകവുമായ ഇതിലെ താളുകള്‍ മാനേജ്മെന്റ് വിദഗ്ദ്ധര്‍ക്ക് മാത്രമല്ല, സ്വയം വളരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഉള് വെളിച്ചവും മാര്‍ഗദര്‍ശനവും നല്കുന്നവയാണ്. അതിഗഹനമായ സാങ്കേതിക പാഠങ്ങളില്ലാതെ അവനവന്റെ കാല്‍ച്ചുവട്ടിലെ മണ്ണില്‍ നിന്നുള്‍ക്കൊള്ളുന്ന വളവും വെള്ളവുമാണ് വളര്‍ച്ചക്ക് നിദാനമാകേണ്ടതെന്ന് ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു. അനുദിന ജീവിതത്തിലെ അനുഭവങ്ങളെ, ചുറ്റുമുള്ളവരുടെ പെരുമാറ്റങ്ങളെ, ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും വിജയങ്ങളെയും ഒക്കെ ഉല്‍കര്‍ഷത്തിനുള്ള ഉപാധികളാക്കി മാറ്റുന്നതെങ്ങനെയെന്ന് ഈ ഇംഗ്ലീഷ് ഗ്രന്ഥം പരാമര്‍ശിക്കുന്നുണ്ട്. മാനുഷികത നശിച്ച മാനേജ്മെന്റ് മന്ത്രങ്ങളല്ല, സഹജീവനക്കാരോട് കരുതലുള്ള ഹൃദയഭാഷ തന്നെയാണ് സമകാലീന ലോകത്ത് സ്ഥാപന മാനേജ്മെന്റിനും ഇഴയടുപ്പമുള്ള സാമൂഹ്യ ജീവിതത്തിനും നല്ല കുടുംബ ബന്ധങ്ങള്‍ക്കുമൊക്കെ നിദാനമാകേണ്ടതെന്ന് ഉണ്ണികൃഷ്ണന് മേലടി തന്റെ അനുഭവങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു. പാലക്കാട് പുതുപ്പരിയാരം സ്കൂളിലെ തത്തമ്മ ടീച്ചറെ കാണാന്‍ നാലുപതിറ്റാണ്ടിനുശേഷം നടത്തിയ അന്വേഷണവും പയ്യോളി സ്കൂളിലെ നാരായണന് മാസ്റ്ററും, ചോയി മാസ്റ്ററുമൊക്കെയുമായുള്ള ഹൃദയബന്ധവും പ്രൈമറി സ്കൂളില്‍ സഹപാഠികളായിരുന്ന രാഗിണിയും അബൂബക്കറും വല്‍സരാജും ഒക്കെ തന്റെ പ്രൊഫഷണല്‍ ജീവിതപ്രയാണത്തില്‍ കനത്ത പാഠങ്ങളായി നിറയുന്നത് ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. അനുദിന ജീവിതത്തിലെ അപ്രധാനമെന്ന് കരുതി നാം തള്ളിക്കളയുന്ന ചെറിയ ചെറിയ സംഭവങ്ങളെ വലിയ മാനം കാട്ടിത്തരുന്നു. സൂക്ഷ്മതയുളള കണ്ണും കാതും കൂര്‍മതയുള്ള മനസ്സുമുണ്ടെങ്കില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമല്ലെന്ന് ഘഋഅഉ നമ്മെ ബോധ്യപ്പെടുത്തുന്നു. രാജ്യാതിര്‍ത്തികള്‍പോലും മായ്ച്ച് വളര്‍ന്നിരിക്കുന്ന ബിസിനസ്സ് സാമ്രാജ്യങ്ങളുടെ കിടമത്സരങ്ങള്‍ സമചിത്തതയോടെ മുന്നേറാനും ജീവിതത്തില്‍ സന്തുഷ്ടി നിലനിര്‍ത്താനും സഹായിക്കുന്ന അനുഭവപാഠങ്ങള്‍ ഈ ഗ്രന്ഥത്തിനെ വേറിട്ടതാക്കുന്നു.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിമാരായ കെ.ആര്.നാരായണന്, ഡോ.എ.പി.ജെ.അബ്ദുള്‍ കലാം, മുന്‍ ഗോവ, സിക്കിം ഗവര്‍ണറായിരുന്ന കേദാര്‍നാഥ് സഹാനി ഉള്‍പ്പെടെയുള്ള ഒട്ടേറെ ഉന്നതന്മാര് ക്കൊപ്പം സര്‍വീസില്‍ ചെലവഴിച്ച അനുഭവങ്ങളും ഇന്ത്യന്‍ നേവിയില്‍ ചീഫ് പെറ്റി ഓഫീസറായി കടലിന്റെ കോളിളക്കങ്ങള്‍ കണ്ട വര്‍ഷങ്ങളും അറേബ്യന്‍ മണല്ക്കാടുകളില് എക്സ്പാട്രിയേറ്റ് മാനേജരായുള്ള ഏതാനും വര്‍ഷങ്ങളും വിവിധ ഓട്ടോമോട്ടീവ് കമ്പനികളുടെ സീനിയര്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ എന്ന നിലയിലുള്ള അനുഭവങ്ങളുമൊക്കെ ഗ്രന്ഥത്താളുകളെ സമൃദ്ധമാക്കുന്നു. അതായത് അനുഭവങ്ങളുടെ നിറവില്‍നിന്ന് അടര്‍ന്നുവീണ അമൂല്യനിധി ശേഖരം തന്നെയാണ് ഇതിലെ മൊഴിമുത്തുകള്‍.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിസിനസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഉണ്ണികൃഷ്ണന് മേലടി രാജ്യത്തെ ഒട്ടേറെ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ട ന്റും പരിശീലകനും വിവിധ ബിസിനസ്സ് സ്കൂളുകളില്‍ അധ്യാപകനും പ്രമുഖ മാനേജ്മെന്റ് മാസികകളിലെ കോളമിസ്റ്റുകളാണ്. ആഗോളതലത്തില്‍ എച്ച്ആര്‍ രംഗത്തെ പ്രവണതകളും തൊഴില്‍ നിയമങ്ങളും എന്നതില്‍ ഇപ്പോള്‍ ഗവേഷണം നടത്തിവരുന്നു.
പരിസ്ഥിതി സൗഹൃദ ടൂറിസം, ഹെറിറ്റേജ് കണ്‍സര്‍വേഷന്‍, മേഖലകളിലും ഇടപെട്ടു പ്രവര്‍ത്തിക്കുന്നു ഇദ്ദേഹം. കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ പുരസ്ക്കാരവും ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ 2001 ലെ സമുദ്ര പൗരന് പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 2002 ല്‍ രാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണനില്‍നിന്നും മികച്ച സേവനത്തിനുള്ളപുരസ്ക്കാരവും നേടിയിട്ടുണ്ട്.
(ബംഗളൂരുവിലെ പുലിയാനി ആന്റ് പുലിയാനിയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്)
എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: