മുമ്പെങ്ങുമില്ലാത്ത സംഘര്ഷയുഗത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ വഴി വരുന്ന അനുഭവങ്ങള്‍ ഓര്ക്കുകയേവയ്യ എന്ന മട്ടിലാണ്. എഴുപത്തിമൂന്നിലെത്തിയഞ്ഞാന് തിരിഞ്ഞുനോക്കുമ്പോള്‍ പഴയ അവസ്ഥയല്ല ഇന്ന് നമുക്കുചുറ്റുമുള്ളത്. പിഞ്ചുകുഞ്ഞുങ്ങള്‍വരെ നാനാവിധ പീഡനത്തിനും ഇരയായിരിക്കുന്നകാഴ്ചയാണ്. വിവേകവും ആത്മധൈര്യവുമാണ് ഇന്നത്തെ സ്ത്രീകള്‍ക്കുവേണ്ടത്. ഓരോവഴിയും തെരഞ്ഞെടുക്കുമ്പോള്‍ നാം ശ്രദ്ധാപൂര്‍വം വിവേകത്തോടെ പെരുമാറണം. ഒരിക്കലും ദുര്‍ബലയാവരുത്. സല്‍സ്വഭാവം, ദയ, ക്ഷമ എന്നീ പാതയില്‍നിന്നും വ്യതിചലിക്കാതെ മുന്നോട്ടുള്ള പ്രയാണം കരുപ്പിടിപ്പിക്കണം. ധാര്‍മികതയെപ്പറ്റി നാം ബോധവാനാകണം. പക്വതയും ആത്മബലവും ഒരിക്കലും ചോര്‍ന്നുപോകരുത്. മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനവുമായി നടന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരുപാട് എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്. അതിനെ വകവയ്ക്കാതെ സധൈര്യം നീങ്ങാന്‍ കൂടെയുള്ളവരേയും പ്രേരിപ്പിച്ചായിരുന്നു നീക്കങ്ങള്‍ ഓരോന്നും.
ഒരുതരം അജ്ഞതയാണ് സമൂഹത്തെ മഥിച്ചുകൊണ്ടിരിക്കുന്നത്. കുട്ടിയിലേമുതല്‍ നല്ലശീലം വളര്‍ത്തണം. സ്കൂളില്‍ അതിനുള്ള പാഠ്യപദ്ധതി തന്നെ വേണം. മുന്‍ കാലത്ത് പഠന സമ്പ്രദായം തന്നെ അതായിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും വരുന്ന ഭാഷതന്നെ അറപ്പുളവാക്കുന്നവയായിക്കഴിഞ്ഞു.
വീടുകളിലെ നിലവാരമില്ലായ്മയും ടിവി സംസ്ക്കാരവും ഗുണത്തേക്കാളേറെ ദോഷത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബാലസമാജത്തില്‍ ആര്‍ക്കും പിടികൊടുക്കാതെ വളര്‍ന്ന ഒരുബാലനെ നേര്‍വഴിക്ക് ഉപദേശരൂപേണ മാറ്റാന്‍ എനിക്കായിട്ടുണ്ട്. ഒരാളും എന്നെ അക്കാര്യത്തില്‍ പ്രോത്സാഹിപ്പിച്ചില്ലെന്നുമാത്രമല്ല പിന്തിരിപ്പിക്കുകയുംകൂടി ചെയ്തു. അതൊന്നും കൂസാതെയാണ് നിരന്തരം പറഞ്ഞ് അവനെ ബോധവാനാക്കിയത്. അവനിപ്പോള്‍ നല്ലനിലയിലായി. കുട്ടികളെ ആയകാലത്ത് നന്നാക്കിയാല്‍ നന്നാവും ഒരു സമയം കഴിഞ്ഞാല്‍ കൈവിട്ടുപോകും. കുടുംബത്തിലെ ചുറ്റുപാടും തകര്‍ച്ചക്ക് ഗതിവേഗം കൂട്ടും.
ദൃശ്യമാധ്യമത്തിന്റെ ദുഷ്പ്രവണതകള്‍ വഴി പെണ്‍കുട്ടികളുടെ വസ്ത്രധാരണംവരെ അത്യപകടകരമായ കാഴ്ചപ്പാടിലാണ്. കാരണവന്മാര് വേണം നല്ലവഴികാണിക്കുവാന്. മനസ്സിനെ ശുദ്ധമാക്കിയെടുക്കയാണ് നാം അനുവര്‍ത്തിക്കേണ്ടത്. ജീവിതം സാര്‍ത്ഥകമാക്കാന്‍ കുടുംബിനികളാണ് ഉണര്ന്നുയരേണ്ടത്. കുട്ടികളെ വളര്‍ത്തുകയും പ്രായമായവരെ പരിചരിക്കുകയും നാം ശ്രദ്ധാപൂര്‍വം ചെയ്യണം. കാരണം നാം ചെയ്യുന്നത് അനുവര്‍ത്തിക്കാന്‍ വരുംതലമുറയെ പ്രേരണചെലുത്തണം. എന്തിനേയും നേരിടാനുള്ള ശക്തി മനസ്സില്‍ പാകപ്പെടുത്തണം.
മുന്‍കാലത്ത് മുത്തശ്ശിമാരുടെ മൊഴികേട്ടുവളര്ന്നതലമുറയാണ് ഇന്ന് പ്രായം ചെന്ന് നില്ക്കുന്നവര്. അത് ഇനിയുള്ള കാലത്ത് കിട്ടാക്കനിയായിക്കഴിഞ്ഞു. വൃദ്ധസദനത്തില്‍ കിടക്കുന്ന മുത്തശ്ശിമാരെ ഇന്നാരുകാണുന്നു. അനുഭവിക്കുന്നു.
കെ.ബി.ശ്രീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: