ന്യൂദല്‍ഹി: പീഡനക്കഥകള്‍ നല്കിയ മോശം പ്രതിഛായയില്‍ നിന്ന് ദല്‍ഹിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ശ്രമം. ദല്‍ഹിയെ എല്ലാവരും സ്നേഹിക്കുന്ന പ്രദേശമാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സുതാര്യവും തുറന്നതുമായ ഭരണവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും നല്കി ദല്‍ഹിയെ ഇ-സിറ്റിയാക്കാനാണ് ഷീലയുടെ പദ്ധതി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ദല്‍ഹിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ മുഖ്യമന്ത്രി പങ്കുവച്ചത്. വൃത്തിയുള്ളതും പച്ചപ്പ് നിറഞ്ഞതുമാണ് നഗരം. എങ്കിലും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങളും വികസനവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരും സ്നേഹിക്കുകയും എല്ലാവര്ക്കും സന്തോഷം നല്‍കുകയും ചെയ്യുന്ന നഗരമായി ദല്‍ഹിയെ മാറ്റണം. ദല്‍ഹി എല്ലാവര്ക്കും വേണ്ടിയുള്ളതാകണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
നഗരവികസനത്തില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടെങ്കിലും ദല്‍ഹി കൂട്ടബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ദല്‍ഹിയുടെ പ്രതിഛായ പാടെ തകര്‍ത്തിരുന്നു. ഇത് വേദനാജനകമായ അനുഭവമായിരുന്നെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടും ദല്‍ഹിയില്‍ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടാണ് പ്രതിദിനം വരുന്നത്. ഭരണസിരാകേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും നഗരം ഏറെ മനോഹരമാണെങ്കിലും നഗരാതിര്‍ത്തി വിട്ടാല്‍ സ്ഥിതി ദയനീയമാകുന്ന കാഴ്ചകളാണ് അധികവും. നഗരവികസനത്തില്‍ ശ്രദ്ധിക്കുന്ന മുഖ്യമന്ത്രി തുടര്‍ച്ചയായി അധികാരക്കസേരയിലിരിക്കുമ്പോഴും ഗ്രാമീണരെ മറന്നുപോകുന്നെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: