ഹൈദരാബാദ്: ഹൈദരാബാദ് സ്ഫോടനത്തെക്കുറിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിര്‍ണായകമായ പല തെളിവുകളും ലഭിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി. അന്വേഷണം പുരോഗമിക്കുകയാണെന്നും. കുറ്റവാളികളെ ഉടന്‍ പിടികൂടി കേസന്വേഷണം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. കേസ് അന്വേഷണത്തിനായി ഹൈദരാബാദ്-സൈബരാബാദ് പോലീസ് കമ്മീഷണര്‍മാര്‍ പത്ത് മുതല്‍ പതിനഞ്ച് വരെയുള്ള പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പതിനഞ്ച് സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്രഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണറും അറിയിച്ചു. കുറ്റവാളികളെക്കുറിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് ഇന്ന് സ്ഫോടനസ്ഥലം സന്ദര്‍ശിക്കും.
ഇതിനിടെ സ്ഫോടനസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം തുടങ്ങി. ക്യാമറ ദൃശ്യങ്ങളില്‍ സംശയകരമായി പതിഞ്ഞ അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദില്‍സുക് നഗറില്‍ സ്ഫോടനമുണ്ടായിടത്തെ സിസിടിവിയില്‍ സൈക്കിളില്‍ ബാഗുമായി കടന്നുവരുന്ന ഒരു ചെറുപ്പക്കാരന്റ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബാഗ് സൈക്കിളില്‍ കൊളുത്തിവെച്ച ശേഷം ഇയാള്‍ പെട്ടെന്ന് തിരികെ പോകുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൈക്കിളിലുണ്ടായിരുന്ന ബാഗില്‍ സ്ഫോടകവസ്തുവാണോയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്ഫോടനത്തിന് അരമണിക്കൂര്‍ മുമ്പാണ് ഇയാള്‍ സ്ഥലത്തേക്ക് വരുന്നത്. ദില്‍സുക് നഗറിലെ ട്രാഫിക് സിഗ്നലില്‍ വച്ചിരുന്ന സിസിടിവി കാമറയിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ആഭ്യന്തരമന്ത്രിയോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈദരാബാദ് -സൈബരാബാദ് പോലീസ് കമ്മീഷണര്‍മാരുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ 3,500 സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി. ആറ് മാസത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതിക്കായി ചെലവഴിക്കുന്നത് 450 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: