ആലപ്പുഴ പാതിരാപ്പള്ളി ചൈതന്യയില്‍ സുരേഷ്കുമാറിന്റെയും ജയലക്ഷ്മിയുടെയും മകള്‍ ഇരുപതുകാരി ആര്യ ഇനിയും കൂവും. കൂവിക്കൊണ്ടേയിരിക്കും. സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്താല്‍ പിന്നില്‍ ആളുണ്ടോയെന്ന് നോക്കാതെ താന്‍ ഇനിയും കൂവുമെന്ന് ആര്യ. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ മൂല്യബോധനയാത്രയുടെ സമാപനച്ചടങ്ങില്‍ സ്റ്റുഡന്റ്സ് പോലീസ് സംസ്ഥാന പരിശീലകന്റെ വാക്കുകള്‍ അതിരുവിട്ടപ്പോഴാണ് ആര്യ കൂവിയത്.
ആയിരത്തി അഞ്ഞൂറോളം പെണ്‍കുട്ടികളും നൂറ്റമ്പതോളം അധ്യാപകരും നിറഞ്ഞിരുന്ന ഹാളിലായിരുന്നു “അധികപ്രസംഗം”. പ്രതികരിക്കാനായി കൂട്ടുകാരെ വിളിച്ചപ്പോള്‍ പലരും ഭയന്ന് പിന്നോട്ടുമാറി. ടീച്ചര്‍മാരും പോലീസുമുണ്ടെന്നായിരുന്നു അവരുടെ മറുപടി. പക്ഷേ സ്ത്രീകളെ അപമാനിക്കുമ്പോള്‍ നമ്മള് എന്തിനാണ് കയ്യുംകെട്ടി നോക്കിനില്ക്കുന്നത്. നമുക്ക് കൂവിയാലോ എന്ന് ആര്യ ചോദിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്ന പല കൂട്ടുകാരികളും പിന്നോട്ടുപോയി. പിന്നെ ഒന്നും ആലോചിച്ചില്ല. സര്‍വശക്തിയുമെടുത്ത് തന്നാലാവുന്ന രീതിയില്‍ ഒന്നു കൂവി. തന്റെ പ്രതിഷേധം രേഖപ്പെടുത്തിയശേഷം ആര്യ ഹാള്‍ വിട്ടിറങ്ങി. എന്നാല്‍ ആ കൂവലിന് ഇത്രയും ശക്തിയുണ്ടാകുമെന്ന് കൂവലിന് ശേഷമാണ് ആര്യക്ക് ബോധ്യമായത്.
തന്റെ കൂവലോടെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് മൂല്യബോധന ക്ലാസ് നടത്തിയ പരിശീലകന് ഒന്ന് പരിഭ്രമിച്ചു. തന്റെ വാക്കുകള്‍ കൂടുതല്‍ കരുതലോടെ പ്രയോഗിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആര്യയുടെ പ്രതികരണമെന്ന് പിന്നീട് പരിശീലകന് മനസിലായിട്ടുണ്ടാവാം. എന്നാല്‍ ആര്യ ഹാള്‍ വിട്ട് ഇറങ്ങിയതോടെ പരിസരബോധം വീണ്ടെടുത്ത പരിശീലകന് പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെക്കാള്‍ അപകടകരമാണ് പെണ്‍കുട്ടിയുടെ കൂവല്‍ എന്ന് തിരിച്ചറിഞ്ഞു.
“പുരുഷന് വെറും പത്തുമിനിട്ട് കൊണ്ട് ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കണമെങ്കില്‍ പത്തുമാസം വേണ്ടിവരും. ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്ന് പരിശീലകനായ ഡോ. രജിത്ത്കുമാര്‍ പ്രസംഗിച്ചപ്പോഴാണ് ആര്യയുടെ പ്രതികരണം ഉണ്ടായത്.
ശാലീന സുന്ദരികള്ക്കെ ഭര്‍ത്താവിന്റെ സ്നേഹവും ബഹുമാനവും പിടിച്ചുപറ്റാന്‍ കഴിയൂ. മാനംമര്യാദയ്ക്ക് സ്ത്രീകള്‍ വസ്ത്രധാരണം നടത്തിയാല്‍ നാട്ടില്‍ ഒരു പീഡനവും ഉണ്ടാവുകയില്ല. സ്ത്രീയുടെ മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും ഇല്ലാതാകും. മിടുക്കന്മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ പത്തുമിനിട്ടുകൊണ്ട് വളയുന്നവരാണ് സ്ത്രീകളെന്ന രജിത്ത്കുമാറിന്റെ പ്രസംഗം കത്തിക്കയറിയപ്പോള്‍ ആര്യയുടെ സ്ത്രീത്വം ഉണര്‍ന്നു. പിന്നെ അവള് ഒന്നും ആലോചിച്ചില്ല. അവള് ഉച്ചത്തില്‍ കൂവി. ആ കൂവല്‍ കേരളത്തിലെ സ്ത്രീസമൂഹത്തെ മുഴുവന്‍ ചിന്തിപ്പിക്കുന്നതായിരുന്നു. പരിശീലകന്റെ പ്രസംഗംകേട്ട് നിര്വികാരരായിരുന്ന മറ്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആര്യയുടെ കൂവലോടെയാണ് സാധാരണനില കൈവന്നത്. എന്നിട്ടും പ്രതിഷേധിക്കാനോ ഹാള്‍ വിട്ട് ഇറങ്ങിവരാനോ ആര്‍ക്കും ധൈര്യം ഉണ്ടായില്ല.
എന്നേക്കാളും സ്മാര്‍ട്ടായ പെണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിക്കുന്ന കൂട്ടുകാര്പോലും നിശബ്ദരായിവെറും കേള്വികാരായി ഇരിക്കുന്നത് കണ്ടപ്പോള്‍ സങ്കടവും ദേഷ്യവും തോന്നി. പക്ഷേ ഒറ്റയാള്‍ പ്രതിഷേധവുമായി ഇറങ്ങിയ തനിക്ക് ഇപ്പോള്‍ കേരള സമൂഹമാകെ കൂടെയുണ്ടെന്ന വിശ്വാസമുണ്ടെന്നും ആര്യ പറഞ്ഞു.
ഗവണ്മെന്റ് വിമന്‍സ് കോളേജിലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ആര്യ ഇന്ന് കോളേജിലെ താരമാണ്. മാധ്യമങ്ങള്‍ ആര്യയുടെ പ്രതികരണശേഷി വാര്‍ത്തയാക്കിയപ്പോള്‍ സ്ത്രീസമൂഹം ആര്യക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ചു. ഇപ്പോള്‍ ആര്യയുടെ മൊബെയിലിന് വിശ്രമമില്ല. സുഗതകുമാരി ടീച്ചര്‍, ഹൃദയകുമാരി, നടി കല്‍പ്പന, രഞ്ജിനി ഹരിദാസ് എന്നിവര്‍ വിളിച്ച് അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അറിയുന്നവരും അറിയപ്പെടാത്തവരുമായ ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പിന്തുണയുമായി വിളിക്കുന്നു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നൂറ് കണക്കിന് കോളുകളാണ് ആര്യക്ക് എത്തുന്നത്. എല്ലാവരും അഭിനന്ദനംകൊണ്ട് പൊതിയുകയാണ്.
തന്റെ ഡിഎന്‍എയ്ക്ക് തകറാറുണ്ടെന്നാണ് താന്‍ പ്രതിഷേധിച്ച് ഹാള്‍വിട്ട് പോയശേഷം പരിശീലകന് പ്രസംഗിച്ചതെന്ന് കേട്ടു. അത് എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞതിന് തുല്യമാണ്. പ്രതികരിക്കാനുള്ള കഴിവാണ് എന്റെ ഡിഎന്‍എ തകരാറെങ്കില്‍ അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്നത്തെ പെണ്‍കുട്ടികളുടെ എല്ലാ വസ്ത്രധാരണരീതിയോടും എനിക്ക് യോജിപ്പില്ല. എങ്കിലും അവരവര്‍ക്ക് സൗകര്യപ്രദമാകുന്ന ഏതു വസ്ത്രവും ധരിക്കാമെന്നാണ് എന്റെ കാഴ്ചപ്പാട്. അവരവരുടെ ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് അവരവരാണ്. അതില്‍ എന്തെങ്കിലും മോശമുണ്ടെങ്കില്‍ അതിന് വിമര്‍ശിച്ചിട്ടും കാര്യമില്ല. എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ട്. അത് മറ്റുള്ളവര്‍ക്ക് ദോഷമാവരുതെന്നുമാത്രം. ജീന്‍സ് ഇടുന്നതാണ് എനിക്ക് സൗകര്യം. അതുപോലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരവരുടെ സൗകര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിന് ഒരു തെറ്റുമില്ലെന്നും ആര്യ പറഞ്ഞു.
മുമ്പൊരിക്കല്‍ ഓട്ടോറിക്ഷയില്‍ കൂട്ടുകാരുമായി യാത്രചെയ്തപ്പോള്‍ ഓട്ടോറിക്ഷക്കാരന് അസഭ്യം പറഞ്ഞു. ഓട്ടോ നമ്പര്‍ നോട്ട്ചെയ്ത് പോലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ക്ക് എതിരെ പരാതി നല്കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. നാലഞ്ചുപ്രാവശ്യം സ്റ്റേഷനില്‍ കയറി പരാതിയെക്കുറിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പോലീസുകാര്‍ അനങ്ങിയില്ല. തുടര്‍ന്ന് ഡിവൈഎസ്പിക്ക് പരാതി നല്കി ഡ്രൈവര്‍ക്ക് ശിക്ഷവാങ്ങി നല്കി. അന്നും കൂട്ടുകാരികള്‍ പരാതി ഒന്നും കൊടുക്കണ്ടായെന്ന് പറഞ്ഞങ്കിലും ഇത്തരം അനീതികള്‍ പൊറുപ്പിക്കാവുന്നതല്ലെന്നായിരുന്നു ആര്യയുടെ മറുപടി. അതുകൊണ്ടാണ് നടപടിയുണ്ടാകുന്നതുവരെ നിരവധിതവണ സ്റ്റേഷനില്‍ കയറി ഇറങ്ങിയതെന്നും ആര്യ പറയുന്നു.
ആര്യയുടെ കൂവല്‍ നിയമസഭയില്‍വരെ എത്തിനില്‍ക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ ബോധവല്‍ക്കരണയാത്രയില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പരിശീലകന് ഡോ.രജിത്ത്കുമാര്‍ നടത്തിയ പ്രസംഗം അതിരുവിട്ടതാണോയെന്ന് ആഭ്യന്തരവകുപ്പ് പരിശോധിച്ചുവരികയാണ്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു.
രജിത്ത്കുമാറിന്റെ പ്രസംഗവും ആര്യയുടെ കൂവലും പത്രവാര്‍ത്തയായി വന്നതോടെ വിവാദമാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് എംഎല്‍എമാരായ സാജുപോളും വി.എസ്.സുനില്‍കുമാറും നിയമസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ആര്യതന്നെയാണ് താരം. ആര്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ലൈക്കുകളും അഭിനന്ദനപ്രവാഹങ്ങളുമാണ്. സെമിനാറുകളിലെ മിക്ക ചര്‍ച്ചാവിഷയം ആര്യ തന്നെയാണ്. കഴിഞ്ഞദിവസം ടെക്നോപാര്‍ക്കില്‍ നടന്ന ജോലിസ്ഥലങ്ങളില്‍ നടക്കുന്ന ലൈംഗികപീഡനം എങ്ങനെ തടയാമെന്ന സെമിനാറിലും വനിതാ കോളേജുകളിലെ സെമിനനാറുകളിലും ചര്‍ച്ച ആര്യയെകുറിച്ചായിരുന്നു.
ആര്യ കുട്ടിക്കാലത്തുതന്നെ പ്രതികരണശേഷി പ്രകടിപ്പിച്ചിരുന്നതായി അച്ഛന് സുരേഷ്കുമാര്‍ പറഞ്ഞു. കരുണാകര ഗുരുവിന്റെ ശിഷ്യരായ തങ്ങള്‍ക്ക് ഗുരുവിന്റെ അനുഗ്രഹമുണ്ട്. ഇതാണ് അനീതിക്കെതിരെ പോരാടാന്‍ ആര്യയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. സംഭവത്തിനുശേഷം ഹാള്‍ വിട്ടിറിങ്ങിയ ആര്യ തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. ആദ്യം അല്‍പ്പം പരിഭ്രമിക്കുകയും ഭയക്കുകയും ചെയ്തിരുന്നു.
പിന്നീട് കാര്യങ്ങള്‍ മനസിലായപ്പോള്‍ അവള് ചെയ്തതാണ് ശരിയെന്ന് മനസ്സിലായതായും സുരേഷ് പറഞ്ഞു. അച്ഛന് സുരേഷ്കുമാര്‍ എല്‍ഐസി ഏജന്റും അമ്മ ജയലക്ഷ്മി ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഹെഡ് നേഴ്സും ആണ്. ഏകസഹോദരന് ആലപ്പുഴ ഈസ്റ്റ് പോയിന്റ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ഗുരുപ്രിയന്‍.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: