കല ഏതു തരത്തിലുള്ളതായാലും യഥാര്‍ത്ഥത്തില്‍ ആശയങ്ങളുടെ ആവിഷ്ക്കാരമാണ് നിര്‍വഹിക്കുന്നത്. ആശയം പ്രചരിപ്പിക്കുന്നതിനാകട്ടെ വിവിധങ്ങളായ വഴികളുണ്ടുതാനും. തീരത്തിരുന്ന് സമുദ്രത്തെ നോക്കിക്കാണുന്നവര്‍ അവരവരുടെ ഭാവന സമുദ്രത്തില്‍ ആരോപിക്കുന്നതുപോലെ കലയും അതിവിശാലമായൊരു സമുദ്രമാണ് ഈ സമുദ്രത്തില്‍നിന്നും ഒരു കൈക്കുടന്ന വെള്ളമെടുത്ത് പ്രതിഭ തെളിയിക്കുകയാണ് സിജേഷ് വെള്ളിയൂര്‍. ചുമര്‍ചിത്ര രചനയാണ് ഈ യുവകലാകാരന്റെ ഭൂമിക. ഭാഷ ഭൂമണ്ഡലത്തിലെ പ്രത്യേക അതിരുകള്ക്കുള്ളിലാകുമ്പോള് പുരാതന ലിപികള്‍ ചിത്രങ്ങളിലൂടെ കാണുന്ന സിജേഷിന്റെ ചിത്രങ്ങള്‍ ഭാഷക്കതീതമായ ഒരു പുതിയ തലം സൃഷ്ടിക്കുകയാണ്. വളരെ ചെറുപ്പത്തില്ഹറഹന്നെ ചിത്രരചനയില്‍ ആഭിമുഖ്യം കാണിച്ച സിജേഷ് ക്രമേണ ക്ഷേത്രകലകളിലേക്ക് തിരിഞ്ഞു. മ്യൂറല്‍ അഥവാ പഞ്ചവര്‍ണങ്ങളുടെ മേളനത്തിലൂടെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലുമായി കണ്ണഞ്ചിപ്പിക്കുന്ന രചനകളാണ് ഈ കലാകാരന് ഇതിനകം നിര്‍വഹിച്ചത്. മലപ്പുറം ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ശ്രീരാമന്റെ വനവാസം ആവിഷ്ക്കരിച്ചത് ഈ പ്രതിഭയില്‍ വഴിത്തിരിവിനിടം നല്കി. സംസ്ഥാനത്തിനകത്തും പുറത്തും രചന നിര്‍വഹിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വെള്ളിയൂരില്‍ പിലാക്കുന്നത്ത് മീത്തല്‍ രാജന്റേയും വിലാസിനിയുടേയും മകനായ സിജേഷ് കായണ്ണ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍നിന്നും പ്ലസ് ടു സയന്‍സ് പൂര്‍ത്തിയാക്കിയതിനുശേഷം കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സി ല്‍നിന്നും രണ്ടുവര്‍ഷത്തെ കോഴ്സായ കെജിസി പരീക്ഷയും വിജയിച്ചു. വിദ്യാലയ കാലഘട്ടങ്ങളിലും മറ്റുമായി കലാപ്രകടനത്തിലൂടെ ഒട്ടേറെ ബഹുമതികള്ക്കുടമയായി.
ചായവും ബ്രഷുമായി സജീവമായതിനൊപ്പം സംഗീതത്തിലും തനിക്ക് പ്രതലമുണ്ടെന്ന ചിന്ത ശക്തമായി. അങ്ങനെ പ്രശസ്ത സംഗീതജ്ഞന് ഹരിപ്പാട് കെപിഎന്‍ പിള്ളയുടെ ശിക്ഷണത്തില്‍ സംഗീതവും അഭ്യസിച്ചു. ചുമര്‍ചിത്രം സമൃദ്ധമാകുന്നതിനൊപ്പമുള്ള സംഗീത ഗംഗാ പ്രവാഹവും അക്ഷരാര്‍ത്ഥത്തില്‍ സിജേഷില് പുഷ്പവും സുഗന്ധവും കണക്കെയായി. ചുമര്‍ചിത്രത്തിലും സംഗീതത്തിലുമായി പ്രതിഭാധനത്തിനുടമയാകുമ്പോഴും എല്ലാം തനിക്ക് മാര്‍ഗദര്‍ശനമാകുന്ന സഹപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ് സിജേഷ് വെള്ളിയൂര്‍. ഗായകന് കൂടിയായ ഇ.എം.അഭിലാഷ്, ബിനുലാല്‍, വി.വി.അഭിലാഷ്, (ഉണ്ണി) ഷൈജു പേരാമ്പ്ര, ചിത്രകലാധ്യാപകനായ ശിവാനന്ദന്, വി.സി.ശശി മാസ്റ്റര്‍, സജിന്‍ നരിക്കുനി, ഗോപി ചേവായൂര്‍ തുടങ്ങിയവരുടെ പ്രോത്സാഹനവും സജീവ ഇടപെടലുകളുമാണ് സിജേഷിലെ കലാപ്രതിഭയുടെ വളര്‍ച്ചയില്‍ വളവുംവെള്ളവുമാകുന്നത്. തിരക്കുപിടിച്ച സമൂഹജീവിതത്തെ ഒപ്പിയെടുക്കുന്ന ‘ഒരു ദിവസം’ ഷോര്‍ട്ട് ഫിലിമിന്റെ അണിയറയില്‍ സജീവമായ സിജേഷ് വിവേകാനന്ദ ബാലഗോകുലം ചാലിക്കര യൂണിറ്റ് വൈസ് പ്രസിഡന്റുമാണ്. സഹോദരന് രാജേഷും കലാകാരനാണ്.
എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: