കൊട്ടാരക്കര: കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്ന കുടിവെള്ളത്തിനായി മറ്റ് വിഷയങ്ങള്‍ മാറ്റിവച്ച് താലൂക്ക് വികസനസമിതിയില്‍ അംഗങ്ങള്‍ കൈകോര്‍ത്തു. താലൂക്കിലെ 20 പഞ്ചായത്തിലും കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞു. ഇതോടെ വെള്ളം എത്തിക്കാന്‍ മാര്‍ഗമെന്ത് എന്നതായിരുന്നു എല്ലാ ചര്‍ച്ചയും.
ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ടാങ്കറുകള്‍ കിട്ടാനില്ലാത്തത് വിതരണത്തെ ബാധിക്കുന്നു. ജില്ലയൊട്ടാകെ 5.25 കോടി രൂപയാണ് കുടിവെള്ളവിതരണത്തിനായി നീക്കി വച്ചിരിക്കുന്നത്. എന്നാല്‍ 50 കോടി കൊണ്ടുപോലും പരിഹാരം കാണാന്‍ കഴിയാത്തവിധം രൂക്ഷമാണ് കുടിവെള്ളക്ഷാമം എന്നായിരുന്നു അംഗങ്ങളുടെ പരാതി.
താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത് മെയിലോടുള്ള ജപ്പാന് കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്നാണ്. കടക്കല്‍, മടത്തറ, എഴുകോണ്‍, കുളക്കട, മെയിലം എന്നീ പഞ്ചായത്തുകളില്‍ നിന്ന് ഈ പ്രദേശത്ത് എത്തണമെങ്കില്‍ തന്നെ കിലോമീറ്ററുകള്‍ താണ്ടണം. ഇത്രയും കിലോമീറ്റര്‍ താണ്ടി 6000 ലിറ്റര്‍ വരെ ശേഷിയുള്ള ടാങ്കില്‍ കുടിവെള്ളം എത്തിച്ചാല്‍ ഒരു വാര്‍ഡില്‍ വിതരണം ചെയ്യാനെ കഴിയുന്നുള്ളു. ഇത് വ്യാപക പരാതിക്ക് ഇടയാക്കുന്നതായി ആക്ഷേപമുയര്‍ന്നു.
കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുടിവെള്ള ടാങ്കറുകള്‍ ഇവിടെ സുലഭമല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി തഹസീല്‍ദാര്‍ പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വില്ലേജിലും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനര്‍ ആയും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും സമിതികള്‍ നിലവില്‍ ഉണ്ട്. ആവശ്യമുള്ള എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുമെന്ന് യോഗത്തില്‍ തഹസീല്‍ദാര്‍ ഉറപ്പ് നല്കി.
ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്നും കൂടുതല്‍ വെള്ളം എടുക്കാന്‍ അനുമതി ആവശ്യമാണെന്നും ഇതിനായി ജില്ലാ കളക്ടറെ സമീപിക്കും. രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി എന്നപേരില്‍ 150 കുടുംബങ്ങള്‍ക്ക് ഓരോ പ്രദേശത്തും കുടിവെള്ളം എത്തിക്കുന്ന പദ്ധതികള്‍ പലതും നിലച്ചു പോയെന്നും ഇവ പുനരുജ്ജീവിപ്പിച്ച് കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നു. പൊതുകിണറുകള്‍, പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന കുഴല്‍ കിണറുകള്‍ എന്നിവ ഉപയോഗയോഗ്യമാക്കിയും പരിഹാരം കാണാന്‍ കഴിയുമെന്നും ഇതിനായി ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും ആവശ്യമുയര്‍ന്നു.
കൂനിന്മേല് കുരു എന്നതുപോലെ 11 മുതല്‍ മാര്‍ച്ച് നാലുവരെ കുണ്ടറ പദ്ധതിയില്‍ കൊട്ടാരക്കര പ്രദേശത്ത് കുടിവെള്ളവിതരണം മുടങ്ങുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്. പ്രതിഷേധത്തിനിടയില്‍ ഒഴിവാക്കാന്‍ കഴിയാത്ത അറ്റകുറ്റപ്പണിക്കായാണ് ഇതെന്നും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും വികസനസമിതി യോഗത്തില്‍ തീരുമാനമായി. പല പരാതിക്കും പരിഹാരം നിര്‍ദേശിക്കാന്‍ വകുപ്പധികാരികള്‍ സഭയിലെത്താത്തത് വിമര്‍ശനത്തിനിടയാക്കി. നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഗോപി അധ്യക്ഷയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: