ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കില്‍ വരള്‍ച്ച കടുംരൂക്ഷതയിലേക്ക്. കൃഷിയിടങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. കുടിവെളളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കെഐപി വലതുകര കനാല്‍ തുറന്നിട്ട് ദിവസം കഴിഞ്ഞിട്ടും കുന്നത്തൂരില്‍ വെള്ളമെത്തിയിട്ടില്ല.
കഴിഞ്ഞ നാലിനാണ് കെഐപിയുടെ വലതുകര കനാല്‍ തുറന്നുവിട്ടത്. മെയിന്‍ കനാലില്‍ നിന്നും ഏഴംകുളത്തു തിരിയുന്ന ശാസ്താംകോട്ട സബ്കനാലില് കഴിഞ്ഞദിവസം വെള്ളമെത്തിയതായാണ് അറിയുന്നത്. എന്നാല്‍ നീരൊഴുക്ക് പലയിടത്തും തടഞ്ഞനിലയിലാണ്. കാട്കയറിയും ചപ്പ്ചവറുകള് ഇട്ടും കനാലുകള്‍ പലയിടത്തും അടഞ്ഞു കിടക്കുന്നതിനാല്‍ നീരൊഴുക്ക് നാമമാത്രമായാണ് നടക്കുന്നത്. രൂക്ഷമായ വരള്‍ച്ച നേരിടുന്ന കുന്നത്തൂരില്‍ കനാല്ജലമെത്തുന്ന കാര്യം ഇങ്ങനെയാണെങ്കില്‍ സംശയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴംകുളത്തു നിന്നും ശാസ്താംകോട്ടയ്ക്കുള്ള പ്രധാന കനാലിന് 23 സബ്കനാലുകളാണുള്ളത്. ഇവയിലൂടെ എല്ലാം വെള്ളം ഒഴുകിയെങ്കില്‍ മാത്രമേ കുന്നത്തൂരിലെ കൊടുംവരള്‍ച്ചയ്ക്ക് തെല്ലെങ്കിലും പരിഹാരമാകു. കനാല്‍ പലയിടത്തും വൃത്തിഹീനമായി കിടക്കുന്നതിനാല്‍ സമൃദ്ധമായ നീരൊഴുക്കിന് സാധ്യത കുറവാണ്.
തൊഴിലുറപ്പ് സംഘങ്ങള്‍ പലയിടത്തും കനാല്‍ വൃത്തിയാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമല്ല. ശൂരനാട് തെക്ക് പഞ്ചായത്തിലെ 3-10 വാര്‍ഡുകളിലെ കനാലുകളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഇനിയും വൃത്തിയാക്കിയിട്ടില്ല. ശാസ്താംകോട്ട പടിഞ്ഞാറ്, പള്ളിശ്ശേരിക്കല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖല ഇവിടെയൊന്നും കനാലുകളില്‍ നീരൊഴുക്കിന് കഴിയാത്ത നിലയില്‍ മാലിന്യം നിറഞ്ഞു കിടക്കുകയാണ്.
കുന്നത്തൂര്‍ താലൂക്കിലെ 800ല്‍ അധികം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി അന്യരെ ആശ്രയിക്കുന്നതായാണ് റവന്യൂ അധികൃതരുടെ റിപ്പോര്‍ട്ട്. പലയിടത്തും വെള്ളം പണംകൊടുത്ത് വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. മുതുപിലാക്കാട് പ്രദേശത്ത് പെട്ടിഓട്ടോയില്‍ ഒരു കുടംവെള്ളത്തിന് 25 രൂപ വരെ വീട്ടുകാര്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം സംഘങ്ങള്‍ മുതുപിലാക്കാട്, പോരുവഴി പ്രദേശങ്ങളിലുണ്ട്. ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി, കോട്ടപ്പുറം പ്രദേശങ്ങളിലും 50 രൂപ വരെ ഒരുകുടം വെള്ളത്തിന് വിലകൊടുത്താണ് വാങ്ങുന്നത്.
താലൂക്കിലെ ഹെക്ടര്‍ കണക്കിന് വാഴകൃഷി നശിച്ചു. കുലയായ ഏത്തവാഴകള്‍ വരള്‍ച്ച കാരണം ഒടിഞ്ഞുവീഴാന്‍ തുടങ്ങി.
തുടക്കത്തില്‍ ചിലര്‍ വാഴക്ക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമടിച്ചിരുന്നെങ്കിലും ജലക്ഷാമവും സാമ്പത്തിക ചിലവും കാരണം അതും ഉപേക്ഷിച്ച് നിരാശരായി കഴിയുകയാണ്. സര്‍ക്കാരിന്റെ അടിയന്തിര ദുരിതാശ്വാസ നടപടിയുണ്ടായില്ലെങ്കില്‍ കര്‍ഷകരുടെ കൂട്ടആത്മഹത്യക്ക് വരെ വരള്‍ച്ച വഴിവെക്കുമെന്ന് ഏലാ വികസനസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: