കൊല്ലം: പട്ടികജാതി വ്യവസായ സഹകരണ സംഘത്തിന്റെ വര്‍ക്ക്ഷെഡ് അടച്ചുപൂട്ടി. ഉമയനല്ലൂര്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ പട്ടികജാതി വ്യവസായ സഹകരണസംഘത്തിന്റെ വര്ക്ക്ഷെഡാണ് മുന്നറിയിപ്പില്ലാതെ വ്യവസായകേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടിയത്. ജില്ലയിലെ പട്ടികജാതി സഹകരണസംഘങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഇന്ത്യന്‍ ദളിത് ഫെഡറേഷന് നേതാക്കള്‍ ആരോപിച്ചു.
മെഴുകുതിരി, ചന്ദനത്തിരി, കര്‍പ്പൂരം, മറ്റ് സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉല്പാദനവും പരിശീലനവുമാണ് ഉമയനല്ലൂര്‍ എസ്റ്റേറ്റിലെ രണ്ട് വര്ക്ക്ഷെഡുകളിലായി നടന്നുവന്നിരുന്നത്. 1998ല്‍ രജിസ്റ്റര്‍ ചെയ്ത സഹകരണസംഘത്തില്‍ 13 അംഗങ്ങളാണുള്ളത്.
പതിനഞ്ചോളം പേര് പരിശീലനത്തിനുപയോഗിച്ചിരുന്ന വര്ക്ക്ഷെഡാണ് ജില്ലാ വ്യവസായ കേന്ദ്രത്തിലെ രണ്ടു ജീവനക്കാര്‍ എത്തി അടച്ചുപൂട്ടിയത്.
വര്‍ക്ക്ഷെഡ് ഒഴിഞ്ഞുകൊടുക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പലതവണ സഹകരണസംഘം പ്രസിഡന്റ് സതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വകുപ്പ്മന്ത്രിക്ക് ഭരണസമിതി പരാതി നല്‍കിയിരുന്നു. മന്ത്രി ഇത് ജില്ലാ പട്ടികജാതി വികസനഓഫീസര്‍ക്ക് കൈമാറിയിട്ടും വേണ്ടരീതിയില്‍ ഇടപെടല്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് വര്‍ക്ക്ഷെഡ് അടച്ചുപൂട്ടിയതെന്ന് ഐഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അടച്ചുപൂട്ടല്‍ നടപടിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പട്ടികജാതി പീഡനനിരോധന നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഐഡിഎഫ് ജില്ലാ പ്രസിഡന്റ് പെരിനാട് ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. 10ന് ചേരുന്ന ജില്ലാപ്രതിനിധി സമ്മേളനം തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിനു പോരുവഴി, പള്ളിക്കല്‍ സാമുവല്‍, സതി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: