കൊല്ലം: വിപണിയില്‍ അഞ്ചുലക്ഷം രൂപ വിലവരുന്നതുമായ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഡീസന്റ് ജംഗ്ഷനില്‍ രാധാനിവാസില്‍ പ്രദീപ്കുമാര്‍(24) എന്നയാളാണ് അറസ്റ്റിലായത്. ലോക ക്യാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് അനുബന്ധമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്റ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടിക്കുവാന്‍ വേണ്ടി നിയോഗിച്ച സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതും, വായിലെ ക്യാന്‍സറിന് പ്രധാന കാരണമായതുമാണ് പിടിച്ചെടുക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍.
തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഉദ്ദേശം 25,000 ഓളം പാന്‍പരാഗ്, ശംഭു, ചൈനി ഖൈനി, ഗണേഷ്, ഇനത്തിലുള്ള പാക്കറ്റുകള്‍ വന്‍തോതില്‍ ശേഖരിച്ച് സുരക്ഷിതമായി പാക്കറ്റുകളിലാക്കി പലവൃഞ്ജന സാധനങ്ങളുടെയും, പച്ചക്കറി സാധനങ്ങളുടെയും കൂടെ കയറ്റി ട്രെയിന്‍ മാര്‍ഗവും, ചരക്ക് ലോറി മുഖാന്തിരവും കൊല്ലത്ത് എത്തിച്ച് ജില്ലയില്‍ കടയ്ക്കല്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് അഞ്ചു മുതല്‍ 10 വരെ മടങ്ങ് അധികം വിലയ്ക്ക് നല്‍കുകയും, ചെറുകിട കച്ചവടക്കാര്‍ ആവശ്യക്കാര്‍ക്ക് 10ഉം 15 മടങ്ങ് അധിക വിലയ്ക്ക് നല്‍കുകയാണ് പതിവ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊല്ലം അസി. കമ്മീഷണര്‍, ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസും, ക്രൈം സ്ക്വാഡും, ചെറുകിട കച്ചവടക്കാരെ നിരന്തരമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പാന്‍ മസാല കച്ചവടം ചെയ്തു വന്നിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ജില്ലയിലെ മൊത്തവിതരണക്കാരനായ പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ചാമക്കട വലിയകട മാര്‍ക്കറ്റിലുള്ള ഗോഡൗണില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തത്.
കൊല്ലം ഈസ്റ്റ് പോലീസ് സബ്ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അനന് ബാബു, ഹരിലാല്‍, സജിത്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി പാന്‍മസാല വിതരണം ചെയ്തിട്ടുള്ള ജില്ലയിലെ എല്ലാ കടകളിലും പോലീസ് റെയിഡ് നടന്നുവരികയാണ്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: