കൊല്ലം: വിഴിഞ്ഞം കഴിഞ്ഞാല്‍ പ്രധാന തുറമുഖങ്ങളിലൊന്നായി കൊല്ലത്തെ വികസിപ്പിക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. കൊല്ലം തുറമുഖത്ത് ക്യാപ്പിറ്റല്‍ ഡ്രെഡ്ജിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.7 കോടി രൂപ ചെലവഴിച്ചാണ് ഡ്രെഡ്ജിംഗ് നടപ്പാക്കുന്നത്. പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ കൊല്ലം തുറമുഖം വികസിപ്പിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിയോഗിച്ചിരുന്ന കണ്‍സള്‍ട്ടന്റായ ഡിലോയിറ്റിന്റെ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. തുറമുഖത്തെ കപ്പല്‍ ചാലിന്റെ ആഴം ഡ്രെഡ്ജിംഗ് പൂര്‍ത്തിയാകുന്നതോടെ ഒന്‍പത് മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ കഴിയും. വലിയ കപ്പലുകള്‍ക്കും തുറമുഖത്തെത്താന്‍ ഇതോടെ സാധിക്കും. കൊല്ലം തുറമുഖത്തിന്റെ ഓപ്പറേറ്ററിനു വേണ്ടി ക്ഷണിച്ച പുതിയ ടെണ്ടര്‍ അനുസരിച്ച് ഒരു കമ്പനി മുന്നോട്ട് വന്നിട്ടുണ്ട്. 34 കപ്പലുകളിലായി അഞ്ച് ലക്ഷം ടണ്‍ കാര്‍ഗോ കൊല്ലം തുറമുഖത്ത് എത്തിക്കുന്നതിനായി അഗ്രിമ കണ്‍സള്‍ട്ടന്‍സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. പാസഞ്ചര്‍ കാര്‍ഗോ ടെര്‍മിനലിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലത്തേക്ക് പ്രതിവര്‍ഷം നാലു ലക്ഷം ടണ്‍ കശുവണ്ടിയാണ് റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്നും കൊണ്ടു വരുന്നത്. ഏതാണ്ട് 1.35 ടണ്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതിയ്ക്കായി കൊച്ചി തുറമുഖത്തേക്ക് തിരിച്ചയക്കുന്നുണ്ട്. ഇത് പൂര്‍ണമായും ജലമാര്‍ഗമാക്കിയാല്‍ ഗതാഗത ചെലവില്‍ കണ്ടെയ്നറിന് ഏഴായിരം രൂപാവരെ കുറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 12 കോടി രൂപ ചെലവില്‍ കണ്ടെയ്നര്‍ ഹാന്‍ഡിലിംഗ് ക്രെയിന്‍ തുറമുഖത്ത് സ്ഥാപിക്കും. മൂന്നര കോടി രൂപയുടെ ടക്ഷിന്റെ നിര്‍മാണം പുരോഗമിക്കുന്നു. രണ്ട് കോടി രൂപ മുടക്കി തുറമുഖത്തെ പഴയ ടക്ഷിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നു.
പള്ളിത്തോട്ടം-വാടി റോഡിന് 64 ലക്ഷം രൂപയുടെ ഭരണ-സാങ്കേതിക അനുമതി നല്‍കിക്കഴിഞ്ഞു. തീരദേശ റോഡിന്റെ വികസനത്തിനായി ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന് സമീപം 71 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലം തുറമുഖത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മന്ത്രി കെ ബാബു അഭ്യര്‍ഥിച്ചു. തുറമുഖത്തിന്റെ ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം എന്‍. പീതാംബരക്കുറുപ്പ് എം പി നിര്‍വഹിച്ചു. തുറമുഖത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നടത്തി. പി.കെ. ഗുരുദാസന് എംഎല്‍എ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കൊല്ലം കോര്പ്പറേഷന്് കൗണ്‍സിലര്‍ ജോര്‍ജ് ഡി കാട്ടില്‍, കാഷ്യൂ എക്സ്പോ ഋട്ട്സ് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് ഹരികൃഷ്ണന് നായര്‍, ഐ ആര് ഇ സീനിയര്‍ മാനേജര്‍ എന്‍.എസ്. അജിത്, ലേബര്‍ വെല്‍ഫെയര്‍ ചെയര്മാന് കെ.വി. സുഭാഷ്ബാബു, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. അനില്‍കുമാര്‍, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ എ.കെ. ഹഫീസ്, എ.എം. ഇക്ബാല്‍, ടി.കെ. സുല്‍ഫി, ഉദയഭാനു, ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുറമുഖ ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് ചടങ്ങില്‍ കൃതജ്ഞത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: