സിദ്ധിയും സാധനയുംകൊണ്ട് കേരളത്തിന്റെ കലാരംഗത്ത് കീര്‍ത്തിമുദ്ര നേടിയ കലാകാരന്. സംഗീതം, വാദ്യം എന്നിവയെ അടുത്തറിഞ്ഞ ഇദ്ദേഹത്തില്‍നിന്നും പഠിക്കാന്‍ ഏറെയുണ്ട്. മനസ്സു പാകപ്പെടുത്തിയാല്‍ മാത്രം മതി, ഏവര്‍ക്കും എന്തും നേടാന്‍ നിഷ്പ്രയാസമെന്ന് തോന്നിക്കുന്ന അനുഭവസീമകള്‍ സുവര്‍ണ ലിപികളില്‍ തീര്‍ത്ത മറ്റൊരു കലാകാരന് ഇന്ന് നമുക്കിടയില്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ മാസം 13ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കോട്ടക്കല്‍ പി.ഡി.നമ്പൂതിരി എന്ന കഥകളി സംഗീത കലാകാരനെ അടുത്തറിയുക തന്നെ വേണം.
കേട്ടുപഴകിയ പാട്ടുകള്‍ പുതിയ അവതരണത്തില്‍ ആസ്വാദകരുടെ മനസ്സിനകത്തേക്ക് ചെറുകാറ്റായി പ്രവേശിക്കുമ്പോള്‍ രൂപപ്പെടുന്ന സുഖം ഒന്നുവേറെതന്നെയാണ്. അതൊരുക്കാന്‍ നമ്പൂതിരിയുടെ ധിഷണയിലൂടെ അരിച്ചെത്തുമ്പോള്‍ അരങ്ങുണരുക തന്നെ ചെയ്യും. മാറ്റം കൊതിക്കുന്നവര്‍ക്ക് ഇത് അനുഭവമായിരിക്കും. ദുഃശാഠ്യങ്ങള്‍ ഒന്നും ഇല്ലാത്ത ഇദ്ദേഹ ത്തില്‍നിന്നും സംഘാടകര്‍ക്ക് വിലങ്ങുതടിയാവുന്ന യാതൊന്നും ഉണ്ടാകില്ല.
പാരമ്പര്യത്തിന്റെ വഴികളില്‍ നിറഞ്ഞ കളരിയഭ്യാസത്താല് ഒട്ടേറെ ആചാര്യന്മാര്ക്കൊപ്പം പയറ്റുകയും അവരുടെ നേര്‍രേഖയില്‍ സഞ്ചരിച്ചും അരങ്ങു ഭാഷ്യം നേടിയ തഴക്കം ഒന്നുവേറെതന്നെയാണ്. ഏതു സമയത്തും എവിടെയും എത്തിച്ചേരാനും ആര്‍ക്കുവേണമെങ്കിലും തന്റെ സഹായം കയ്യയച്ചു നല്‍കാനും തയ്യാറായ കലാകാരന്മാര് അധികം കാണില്ല. ഇടയ്ക്കയെപ്പറ്റി പഠിച്ചിട്ടില്ലെങ്കിലും അതില്‍ വരുത്തുന്ന ക്രയവിക്രയങ്ങള്‍ ഇതിന്റെ തലതൊട്ടപ്പന്മാര്‍ക്കും വരികയില്ലെന്നതാണ് സത്യം. ആചാര്യ പദവിയില്‍ നിറഞ്ഞുനില്ക്കുന്ന പി.ഡി.നമ്പൂതിരിയുടെ അരങ്ങു ഭാഷ്യം അപാരം.
സംഗീത പഠനം തുടങ്ങി രണ്ടാംവര്‍ഷം അരങ്ങേറ്റം. അതോടെ താന്‍ ഒരു പാട്ടുകാരനായി എന്ന തോന്നല്‍ മനസ്സില്‍ നാമ്പിട്ടു. കേരള കലാമണ്ഡലത്തില്‍ ഓഗസ്റ്റ് പതിനഞ്ചിന്റെ ആഘോഷം. അവിടെ പങ്കാളിയാകുവാന്‍ എത്തി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്ക്കുമൊപ്പം പത്ത്, പതിനേഴ് വയസ്സുകാരന് ശിരസ്സുയര്ത്തിയങ്ങനെ നിന്നു. ഒട്ടും വിട്ടുകൊടുത്തില്ല. സംഗീതജ്ഞരുടെ നീണ്ട നിര തന്നെയാണവിടെ. തനിക്ക് പാടുവാന്‍ അവസരം കിട്ടിയത് വെളുപ്പാന്‍ കാലത്തെ തട്ടുപൊളിപ്പന്‍ കഥയ്ക്ക്. അന്ന് ഗംഗാധരാശാന് പൊന്നാനി ഭാഗവതരായി നില്ക്കുന്ന സമയത്ത് ഇലത്താളവുമായി ശങ്കിടി പാടാന്‍ ചെന്നു. കഥ പ്രഹ്ലാദ ചരിതം. പാടുവാന്‍ മോഹം മാത്രമേയുള്ളൂ. കഥയൊന്നും തോന്നുകയേ ഇല്ല. ആശാന് പാടുന്നത് കേട്ട് മുക്കി മൂളി പാടി. ഇതിനാണോ താനിങ്ങുവന്നേ എന്ന മട്ടില്‍ ഗംഗാധരാശാന് തറപ്പിച്ചു നോക്കി. ആ ഒറ്റ രംഗത്താല്‍ അവിടെനിന്നും തടിതപ്പി. ഒരു വിദ്യാര്‍ത്ഥിക്കുവേണ്ട വീറും വാശിയും ആ മനസ്സില്‍ ജ്വലിച്ചു. പിറ്റേന്ന് വൈകുന്നേരം 4 മണിയോടെ പ്രഹ്ലാദ ചരിതം മനഃപാഠമാക്കി. ക്രമേണ അങ്ങനെ നടപ്പുകഥകള്, പാട്ടുകാരന് അറിഞ്ഞിരിക്കേണ്ടവ ഭംഗിയായി പഠിച്ചു. കലാമണ്ഡലത്തിലെ ആ സംഭവം ഉണ്ടായില്ലെങ്കില്‍ രംഗം ഇതാവില്ലായിരുന്നു.
അവിടെനിന്നും നേരിട്ട അപമാനം മനസ്സിനെ ഉലച്ചിരുന്നു. ആ രംഗം തികട്ടി വരുമ്പോള്‍ ശിരസ്സ് താനെ താഴും. അതിനുശേഷം ഒരു കാര്യവുമില്ലാതെ ഗംഗാധരാശാനോടു തന്നെ വെറുപ്പായി. നേരെ നോക്കാറില്ല. മിണ്ടാറില്ല. വരുന്ന വഴിയില്‍നിന്ന് മാറി വേറെ വഴിക്കു നടക്കും. ചെര്‍പ്പുളശ്ശേരിയിലെ പ്രശസ്തര്‍ നിറഞ്ഞ കഥകളി. സര്‍വസാധാരണമായി കഴിഞ്ഞിട്ടില്ലാത്ത കര്‍ണശപഥം കഥ പാടുന്നത് ഗംഗാധരാശാന്. പുതിയ കഥ, അന്ന് ആദ്യമായി കാണുകയാണ്. വരിയൊന്നും അപ്പോഴും അറിയില്ല എന്നാലും നിന്നുപയറ്റി. അതിലെ എന്തിഹമന് മാനസെ എന്ന ഹിന്ദോളരാഗ പദം മികച്ചതായായി. അതോടെ നീരസം അകന്ന് മാനസികമായി അടുത്തു. അത് ഒരു കൂട്ടുകെട്ടായി വളര്‍ന്നു. സംഗീത വിജ്ഞാനത്തിന്റെ സമുദ്രമാണ് ഗംഗാധരന് എന്ന ഗുരു. ഇന്നും ആ മനസ്സുകള്‍ ഒന്നുചേര്‍ന്ന് ഒഴുകി നടപ്പാണ്.
കോട്ടക്കല്‍ പി.ഡി.നമ്പൂതിരി ഇപ്പോള്‍ അറുപത് വയസിന്റെ തെളിച്ചത്തിലാണ്. കലാസപര്യക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതം. നിരവധി കഥകളി അരങ്ങുകളെ നയിച്ച മുഹൂര്‍ത്തങ്ങള്‍. ഇതൊക്കെ ഓരോ അരങ്ങിനും സുപരിചിതം.
കളിച്ചു നടക്കേണ്ട കാലത്ത് ചെന്നെത്തിയത് കേരള കലാമണ്ഡലത്തില്‍. സ്കൂളില്‍ അഞ്ച് വരെ പഠിച്ചു. നമ്പൂതിരിമാര്‍ മാത്രം അവതരിപ്പിച്ചിരുന്ന, യാത്ര കളിയില്‍ പേരെടുത്ത കലാകാരനായിരുന്നു അച്ഛന്. അതിലെ പാട്ടുകാരനും ചെണ്ടക്കാരനും എല്ലാമായിരുന്നു അദ്ദേഹം. മകനിലും കലയുടെ ശേഷിപ്പ് ദര്‍ശിച്ച ആ അച്ഛന് മകനെ കേരളകലാമണ്ഡലത്തില്‍ എത്തിച്ചു.
കഥകളിച്ചെണ്ടയില് അച്ചുണ്ണിപ്പൊതുവാളും കൃഷ്ണന്‍കുട്ടിപ്പൊതുവാളും ആയിരുന്നു ഗുരുക്കന്മാര്. അവസാന വര്‍ഷമായപ്പോഴേക്കും കൃഷ്ണന് കുട്ടിപ്പൊതുവാള്‍ കലാമണ്ഡലം വിട്ടു. ചന്ദ്രമന്നാടിയാര്‍ വന്ന് ചാര്‍ജെടുത്തു. അവസാന വര്‍ഷം അദ്ദേഹമായിരുന്നു ഗുരു. അഭ്യാസം പൂര്‍ത്തീകരിച്ച് കോട്ടക്കല്‍ എത്തി ചെണ്ടയിലെ വീരവാണിയായ കോട്ടക്കല്‍ കുട്ടന്മാരാര്ക്കു കീഴില്‍ ഉപരിപഠനത്തിന് സ്വന്തം കുടുംബത്തിലെ ജ്യേഷ്ഠന് കോട്ടക്കല്‍ പരമേശ്വരന് നമ്പൂതിരി അച്ഛന്റെ അനുവാദത്തോടെ പി.ഡി.നാരായണന് നമ്പൂതിരിയെ സംഗീതത്തിലേക്ക് തിരിച്ചു. കാരണം അക്കാലത്തവിടെ പാട്ട് പഠിച്ചിരുന്നവര്‍ മതിയാക്കി പോയിരുന്നു. ഇവന് എന്തു പറ്റും എന്ന് മനസ്സിലാക്കിയ ജ്യേഷ്ഠന്റെ കണ്ടെത്തലും തെറ്റായില്ല. അതിനാല്‍ താളം തെറ്റാതെ ഭയമില്ലാതെ പിടിച്ചു പാടുന്ന ധൈര്യവാനായ പുത്രനെ കഥകളി അരങ്ങിന് സ്വന്തമായി. ഇന്നും ഒന്നാമനേക്കാളധികം രണ്ടാമനായി നില്‍ക്കാനും മടിയില്ലാതെ നില്ക്കുന്ന കലാകാരന്. ഇനിയും ഏറെ അധ്യായങ്ങള്‍ എഴുതിത്തീര്‍ക്കാനായി ഒരുങ്ങിനില്‍പ്പാണ് പി.ഡി.നമ്പൂതിരി.
കഥകളി അരങ്ങില്‍ ഒരു വലിയ സംഗീത നിധിയായ വാസു നെടുങ്ങാടി എന്ന അധ്യാപകന്റെ ഇഷ്ട വിദ്യാര്‍ത്ഥിയായി പി.ഡി.നാരായണന് നമ്പൂതിരി കോട്ടക്കല്‍ വളരുകയായിരുന്നു.
മുപ്പത്തി അഞ്ചോളം വര്‍ണങ്ങള്‍ സ്വായത്തമാക്കി. ഇത് കഥകളിയില്‍ മറ്റാര്‍ക്കും നേടാനാവാത്ത ഒന്നായിത്തീരുകയായിരുന്നു. അന്നൊക്കെ ഹാര്‍മോണിയം മീട്ടി പാട്ടുകാര്‍ക്ക് പിന്നില്‍ ഒരു രാവു മുഴുവന്‍ നില്‍ക്കണം. ആട്ടഭാഗത്ത് ഇലത്താളവുമായി രംഗത്തും. അതൊരു വലിയ അനുഭവമായി, പില്ക്കാലത്ത് എതിരില്ലാതെ വളരാനും ഇടവരുത്തി. നെടുങ്ങാടി ആശാനൊപ്പം ഒന്നിച്ചുപാടാന്‍ ചെറിയ അവസരം ലഭിച്ചതേ ഓര്മയുള്ളൂ. ഗുരുക്കന്മാരായ ഗോപാലന്ഷാരോടിയും കൊച്ചേട്ടന് എന്നറിയപ്പെട്ടിരുന്ന പരമേശ്വരന് നമ്പൂതിരിയെന്ന ജ്യേഷ്ഠനൊപ്പവും കോട്ടക്കലെ നാട്യ സംഘത്തിലൂടെ അരങ്ങുപരിചയവും ഹൃദിസ്ഥമാക്കി. അവിടുത്തെ കളരികളിലും ശീലിച്ചു.
കഥകളി സംഗീതത്തിലെ മഹാമേരുവായ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പിന്നീട് അല്‍പ്പകാലം കോട്ടക്കല്‍ അധ്യാപകനായതും വേറിട്ട അനുഭവമായി. തനതായ വ്യക്തിമുദ്രയാല് ആലേഖനം ചെയ്യപ്പെട്ട അക്കാലം ഒന്നിച്ച് അരങ്ങുകള്‍ക്ക് കുറുപ്പാശാനൊപ്പം നിലകൊണ്ടു. കോട്ടക്കല്‍ ജോലി ലഭിച്ചെങ്കിലും അത് തുടരുവാന്‍ ഇടവരുത്തിയില്ല. സ്വതന്ത്രമായി നിലയുറപ്പിക്കാന്‍ തന്നെ നിശ്ചയിച്ച് മനസ്സിനെ ബലപ്പെടുത്തി. പ്രധാന കളിയരങ്ങില്‍ ഒഴിവാക്കപ്പെടാനാവാത്ത കലാകാരനായി പി.ഡി നമ്പൂതിരി മാറി.
പഞ്ചവാദ്യത്തില്‍ തിമിലയും മദ്ദളവും അനായാസം കൈകാര്യം ചെയ്യാന്‍ ഇദ്ദേഹത്തിന് ഒരു പ്രയാസവുമില്ലായിരുന്നു. കലാമണ്ഡലത്തില്‍ ബലരാമനൊന്നിച്ചായിരുന്നു പഠനം. തായമ്പകയാണ് ബാലപാഠം. അതില്‍നിന്ന് കഥകളിക്ക് ഏറെ പാഠങ്ങള്‍ എടുക്കാനുണ്ട്. തായമ്പക വഴങ്ങിയാല്‍ പിന്നെ ഒന്നും നോക്കാനില്ല എന്നാണ് ഭാഷ. ബലരാമനൊന്നിച്ച് ധാരാളം ഡബിള്‍ തായമ്പക അവതരിപ്പിച്ചിട്ടുണ്ട് ഈ കലാനിധി.
ഒരിടത്തും തല കുനിക്കാതെ നില്ക്കാന് ഇദ്ദേഹത്തിന് കഴിഞ്ഞത് മനോബലം ഒന്നുമാത്രം കൊണ്ടാണ്. ശാന്തി ജോലിയും ഏറെക്കാലം നോക്കി. പൂജ പഠിപ്പിച്ച അധ്യാപകന് ശിഷ്യന്റെ ധിഷണാശക്തിയെ സമ്മതിച്ചിട്ടുണ്ട്.
രാമ മംഗലത്തെ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ എന്ന അതുല്യ പ്രതിഭയില്‍നിന്നും കുടുക്ക വീണ എന്ന വാദ്യം പഠിച്ചു. ആ ഗുരുവും ശിഷ്യന്റെ കഴിവിന് മുന്നില്‍ നമസ്ക്കരിച്ചു. കുടുക്കവീണയുടെ വേറെ ഒരു പതിപ്പുണ്ടാക്കി പരീക്ഷിച്ചു. വെറും ഇര്ക്കില് കോലുകൊണ്ട് കീര്‍ത്തനം വായിക്കാന്‍ പി.ഡി.നമ്പൂതിരിക്ക് ഇതിലൂടെ കഴിഞ്ഞു.
പുതിയ തലമറുക്കാര്ക്കും മുതിര്‍ന്നവര്‍ക്കും ഈ കലാകാരനെപ്പറ്റി ഒന്നേ പറയാനുള്ളൂ. നമ്മള് കാണാത്ത അത്ഭുതം. ഒപ്പം പാടുന്നവരെ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും മനസ്സ് വയ്ക്കുന്ന ഗുരുവാണ് നമ്പൂതിരി.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്താണ് പി.ഡി.നമ്പൂതിരിയുടെ സ്വദേശം. കലാകാരന്മാര് ഒട്ടേറെ വളര്‍ന്ന കുടുംബമാണ് കുഞ്ചരക്കാട്ട് മന. ദാമോദരന്‍ നമ്പൂതിരി പിതാവും സാവിത്രിയാണ് അമ്മ. അധ്യാപികയായ ദേവകി ദേവിയാണ് പ്രിയതമ. ഹരി നാരായണനും ശങ്കര നാരായണനും മക്കള്‍.
** പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: