പി.ഐ.ശങ്കരനാരായണനെഴുതിയ ‘ജ്ഞാനസാധന’ എന്ന കവിതാസമാഹാരം ആധുനിക കാലത്ത് ഏറെ പ്രസക്തിയുള്ള ഒന്നാണ്.
പൂന്താനമെന്ന ഭക്തകവിയുടെ ‘ജ്ഞാനപ്പാന’യുടെ സാരാംശമാണ് ഇതിലെ മുഖ്യപ്രമേയമെന്ന് പറയാം. കുട്ടികള്‍ ഉത്തമഗുണമുള്ളവരായി വളരണമെന്ന് കവി ചിന്തിക്കുന്നു. ഭാവിയില്‍ വീട്ടിലും നാട്ടിലും രാജ്യത്തും അത് ഏറെ ഗുണം ചെയ്യും. മൂല്യങ്ങള്‍ നഷ്ടപ്പെടാതെയുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. സ്വഭാവം നഷ്ടപ്പെട്ടാല്‍ മനുഷ്യന് എല്ലാം നഷ്ടമാകുന്നുവല്ലോ.
‘പൂന്താനദാനം’ തുടങ്ങി ‘കൃഷ്ണത്രയം’ വരെയുള്ള ഇരുപത്തിയഞ്ചു കവിതകളുടെ സമാഹാരമാണീ പുസ്തകം. ഇന്നും നാളേയും ഇന്നലേയും ഒന്നുമറിയാതെ മനുഷ്യര്‍ നിരര്‍ത്ഥകമായ ജീവിതത്തിന് അനാവശ്യമായ അര്‍ത്ഥം കല്പ്പിക്കുന്നു. ക്ഷണഭംഗുരമായ ജീവിതത്തെക്കുറിച്ചെന്തേ മനുഷ്യനറിയുന്നില്ല. കവി വ്യാകുലപ്പെടുന്നു. ജ്ഞാനശ്ലോകി എന്ന കവിതയിലെ വരികള്‍ ഇവിടെ പ്രസക്തമാകുന്നു.
ഇതെത്ര നാളായ്, ഇനിയെത്രകാലം?
അതെപ്രകാരം വരുമാരറിഞ്ഞു?
ജലത്തിലുണ്ടാമൊരു പോളപൊട്ടും-
കണക്കെ ജീവന് വെടിയുന്നതെന്നോ!
ഭാരതദേശത്തിന്റെ മാഹാത്മ്യം വിശ്വമെങ്ങും വ്യാപിപ്പിച്ചു വേദവ്യാസന്റെ ‘മഹാഭാരത’ത്തിലെ ഒട്ടനവധി ഹൃദയസ്പര്‍ശിയായ രംഗങ്ങളും ഇവിടെ കാവ്യരൂപത്തില്‍ പ്രിയ കവി നല്കുന്നു. “ഗീതേ അമൃതവര്‍ഷിണീ” എന്ന ശീര്‍ഷകമുള്ള കവിതയിലൂടെ അന്ധനില്‍ ‘ജ്ഞാനസൂര്യന് പോല്‍ ഉദയം ചെയ്ത ഗ്രന്ഥമേ’ എന്ന വരികള്‍ ഉദാഹരണം.
‘കൃഷ്ണപക്ഷം’- കവിതയില്‍ അന്ധനായ രാജാവിന്റെ കിരീടധാരണത്തിലൂടെ രാജ്യം ഇരുളിലാകുന്നുവെന്ന് കവി പരിതപിക്കുന്നു. ധൃതരാഷ്ട്ര മഹാരാജാവിന്റെ ധര്മപത്നി ഗാന്ധാരി ‘പാതിവ്രത്യം’ എന്ന നാലക്ഷരങ്ങള്‍ക്ക് അര്‍ത്ഥം ചാര്‍ത്തി തന്റെ ഭര്‍ത്താവിനൊപ്പം കണ്ണുമൂടി കെട്ടിയതിലൂടെ അന്ധത സ്വയം ക്ഷണിച്ചു വരുത്തുകയാണല്ലോ.
ഗുരുവായും കാര്യദര്ശിനിയായും ഇരിക്കേണ്ട മാതാവിന്റെ നിയന്ത്രണരാഹിത്യം മക്കളെ വഴിപിഴക്കാനാണ് സഹായിച്ചത്. യുദ്ധം മനുഷ്യന് ഒന്നും നേടിക്കൊടുക്കുന്നില്ല. ദുര്യോധനാദികളുടെ ദുര്‍ബുദ്ധിയും വാശിയും മാത്സര്യവുമല്ല നാം കാട്ടേണ്ടത്. അപ്പോള്‍ കര്മമാര്ഗത്തിലൂടെ ധര്മരഥത്തിന്റെ തേരാളിയായി ഭഗവാന് വരും. ഉത്തമനായ ഏതു ഭക്തന്റേയും സാരഥിയായിരിക്കും ഭഗവാന്.
‘അര്‍ജ്ജുന വിഷാദം’ എന്ന കവിതയില്‍ “എന്റെ ശത്രുക്കളാണെങ്കിലും എന്നുടെ ബന്ധുക്കളാണവര്‍ ഞാന്‍ കൊല്‍വതെങ്ങനെ” എന്ന അര്‍ജ്ജുനന്റെ ചോദ്യത്തിന് കൃഷ്ണന് മറുപടി നല്കി. “മാതാപിതാക്കളായീടുകില് പോലുമേ, ധര്‍മവും നീതിയും കൈവിടുമ്പോള്‍ നിന്റെ കര്മഹസ്തത്തില് ഗാണ്ഡീവം ജ്വലിക്കണം” എന്നത് മാറുന്ന ലോകത്തില്‍ ഒരു താക്കീത് തന്നെ. ‘സുദര്ശനീയ’ത്തില്‍ ആധുനിക കാലത്തെ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ നീതികേടിനെ പരാമര്‍ശിക്കുന്നു. ‘കണികണ്ടു’ ‘കൃഷ്ണനുണ്ണി’ എന്നിവ രണ്ടും ഗുരുവായൂരപ്പന്റെ മനോഹര വര്‍ണനകള്‍.
പീലിത്തിരുമുടി, ഓടക്കുഴല്‍, തോള്‍വള, നവരത്നഹാരം, പീതാംബരം, കാളിന്ദിയാറ്, മഴമുകില്‍, ശ്രീവത്സം, കിരീടം, കങ്കണം, വനമാല-എല്ലാമെല്ലാം ചാരുതയാര്‍ന്ന ദൃശ്യങ്ങളായി മനസ്സില്‍ നിറയുന്നു. എല്ലാവരികളും താള നിബന്ധമാണ്.
കവിതയും സാഹിത്യവും കൃതികളുമെല്ലാം സമൂഹത്തിന് പ്രയോജനം ചെയ്യേണ്ടവയായിരിക്കണമെന്നത് ഒരു പരമമായ സത്യമായിരിക്കേ ഈ കവിതകള്‍ കവി തീര്‍ച്ചയായും സമൂഹത്തിന്റെ ഉല്കര്ഷതയെ മുന്നില്‍ക്കണ്ട് രചിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എഴുത്തച്ഛന്റെ ‘ഹരിനാമകീര്‍ത്തനവും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും ഹിന്ദികവികളായ സൂര്‍ദാസും മീരാബായിയും കബീര്‍ദാസും തുളസീദാസും തമിഴിലെ തിരുവള്ളുവരും സ്മൃതിപഥത്തില്‍ തെളിയുന്നു ഈ ‘ജ്ഞാനസാധന’യിലൂടെ.
‘കണ്ണനോടൊരു ചോദ്യം’ എന്ന കവിതയില്‍ എന്റെ ആത്മനൊമ്പരം തന്നെയാണ് കേട്ടത് ‘ഉണ്ണികൃഷ്ണന് മനസ്സില്‍ കളിയ്ക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്” ആയിരമായിരം അമ്മമാരുടെ പുത്രനായ് ഉണ്ണിക്കണ്ണന് മനസ്സില്‍ വിരാജിക്കട്ടെ, കവിയുടെ ആഗ്രഹംപോലെ.
എന്തുകൊണ്ടും ഏതുകൊണ്ടും അധികാര ദുര്മോഹങ്ങളും സ്വാര്‍ത്ഥത കളും നിറഞ്ഞു കവിയുന്ന ഇക്കാലം മനുഷ്യര്‍ ദര്‍പ്പം നിറയുന്ന കാളിയന്മാരായി വിലസുന്നത് തടയാന്‍ അഥവാ ദര്‍പ്പമടക്കുവാന്‍ ഈ കൃഷ്ണ കവിതാഗ്രന്ഥത്തിന് കഴിവുണ്ട്. കലികാല മാലിന്യങ്ങളാല്‍ വലയുന്ന മനുഷ്യ മനസ്സുകളില്‍ നന്മയുടെ മനോജ്ഞചിത്രങ്ങള് ആലേഖനം ചെയ്യുന്ന ഉത്തമഗ്രന്ഥമാണ് പി.ഐ.ശങ്കരനാരായണന്റെ ‘ജ്ഞാനസാധന’.
ഇനിയുമിനിയും ധര്‍മനീതിയുടെ സുഗന്ധപുഷ്പങ്ങളാല്‍ കാവ്യാര്‍ച്ചന നടത്താന്‍ ഈ കവിയെ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ.
പുസ്തകം: ജ്ഞാനസാധന
ഗ്രന്ഥകര്ത്താ: പി.ഐ. ശങ്കരനാരായണന്
പ്രസാധകര്: നവമന ബാലവികാസ കേന്ദ്രം.
പി.ഐ.ശങ്കരനാരായണന് ഫോണ്‍: 9388414034
** ഗീതാഭാസ്ക്കര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: