നാളെ രാത്രി 12 മണിയോടുകൂടി നമ്മള് കൈവീശി യാത്രയാക്കുകയാണ് 2012നെ. നമ്മുടെ ഓര്‍മയില്‍ സാന്ത്വനത്തിന്റെ, വിഷാദത്തിന്റെ, വ്യസനത്തിന്റെ, വിദ്വേഷത്തിന്റെ അങ്ങനെ ഒരുപാട് വികാരത്തിന്റെ വിരല്‍പ്പാടുകള്‍ വീഴ്ത്തിയ 2012 യാത്രാമൊഴിയോതുമ്പോള്‍ വളര്‍ച്ചയുടെ ഒരു വര്‍ഷം കൂടി നാം പിന്നിടുന്നു. പ്രതീക്ഷാഭരിതമായ മറ്റൊരു വര്‍ഷത്തിന്റെ പൂമുഖത്തേക്കാണ് നാം നടന്നെത്തുന്നത്. അടുത്ത വര്‍ഷം എന്തൊക്കെയാവും നമുക്കായ് കരുതിവെച്ചിരിക്കുന്നത്. ഒന്നിനെക്കുറിച്ചും നമുക്ക് വ്യക്തമായി ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ കാര്യങ്ങള്‍ വഴിമറഞ്ഞുപോവുന്നു. കൂടുതല്‍ കാളിമയിലേക്ക് കൂപ്പുകുത്തുന്ന തരത്തിലാണ് സ്ഥിതിഗതികള്‍. ദൈവത്തിന്റെ (അവിശ്വാസികള്‍ വിഷമിക്കല്ലേ), പ്രകൃതിയുടെ, മൂന്നാമതൊരു ശക്തിയുടെ വഴിയുണ്ട്. അപ്പുറത്ത് ഡെവിളിന്റെ (അതേന്ന് ചെകുത്താന്റെ) വഴിയുണ്ട്. ഏതു വഴിക്കു പോകണമെന്ന് തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ഡിവൈനും ഡെവിളും തമ്മില്‍ നല്ല വ്യത്യാസമുണ്ടെങ്കിലും വഴിമാറുന്നത് ഒരു സ്ഥലത്തുവെച്ചാണ്. വിവേകത്തിന്റെ സന്ധിയില്‍ കൈ കൊടുത്ത് പിരിയുമ്പോള്‍ കഴിവതും ഡിവൈനിന്റെ പാത തെരഞ്ഞെടുക്കുക.
അങ്ങനെയൊരു പാതതെരഞ്ഞെടുത്തില്ലെങ്കില് കഴിഞ്ഞയാഴ്ച ഇന്ദ്രപ്രസ്ഥത്തില്‍ നടന്നതുപോലെയുള്ള സംഗതികള്‍ വര്‍ധിച്ച തോതില്‍ ഇനിയുമുണ്ടാവും. ഒരു പാര്‍ട്ടിയും സംഘടനയും നേതൃത്വം കൊടുത്തില്ലെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറും. അങ്ങനെ സംഭവിക്കുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കേണ്ടവര് മര്‍ദ്ദനോപകരണങ്ങളായി മാറും. ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടുപോകുന്ന ഭരണകൂടത്തിന് ഇത്തരം ജനശക്തിയെ അപഹസിക്കാനും അതില്‍ സാമൂഹികദ്രോഹ ശക്തി കണ്ടെത്താനും എളുപ്പം കഴിയും. തങ്ങളുടെ കഴിവുകേട് മറച്ചുവെക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതാണല്ലോ. അതുകൊണ്ടുതന്നെ ആന്ധ്രയിലെ ഒരു കോണ്‍ഗ്രസ് നേതാവിന് ഇങ്ങനെ പറയേണ്ടിവന്നു: പാതിരാത്രിക്ക് പെണ്ണുങ്ങള് ഇങ്ങനെ ഇറങ്ങി നടക്കുന്നതെന്തിനാ? അതുകൊണ്ടല്ലേ പ്രശ്നമുണ്ടായത്?
അപ്പോ, അതാണ് സംഗതി. പെണ്ണുങ്ങള് രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കാന്‍ പാടില്ല. പെണ്ണുങ്ങള് ഇന്നയിന്നതരത്തില് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പ്രകോപനം ഇളിക്കിവിടരുത്. നമ്മുടെ വളര്‍ച്ച എങ്ങനെ ഏതൊക്കെ വഴിയിലൂടെയാണ് പോവുന്നതെന്ന് നോക്കുക. മറ്റൊരു വിദ്വാന് വകയുള്ള മൊഴി ഇങ്ങനെ: രാജ്പഥില്‍ നാളെ മാവോവാദികള്‍ വന്ന് ആവശ്യപ്പെട്ടാല്‍ ആഭ്യന്തര മന്ത്രിക്ക് ചര്‍ച്ചക്ക് ചെല്ലാന്‍ കഴിയുമോ? ഭരണകൂടത്തിന്റെ പരാജയം അംഗീകരിച്ചുകൊടുക്കാതെ വസ്തുതകളെ മറ്റൊരു വഴിക്ക് എത്ര വിദഗ്ധമായി തിരിച്ചുവിടുന്നുവെന്ന് നോക്കുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയ വകഭേദമായി ഭരണകൂടത്തിന്റെ ഈദൃശപ്രവൃത്തികള്‍ നമുക്കു കണക്കാക്കാമോ? അങ്ങനെ വേണ്ടിവരുമെന്നാണ് ഇന്ദ്രപ്രസ്ഥത്തില്‍നിന്നുള്ള സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. 2014ലേക്കുള്ള ദൂരം കുറഞ്ഞുവരുമ്പോള്‍ ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം വാസ്തവത്തില്‍ മയപ്പെടേണ്ടതാണ്. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല. കലികാലവൈഭവം എന്നൊക്കെ പറയുന്നത് ഇതിനാണോ? ആവോ, നമുക്ക് കാത്തിരുന്നു കാണുക.
മറ്റ് രംഗത്തൊക്കെ ഹതാശമായ പ്രതീക്ഷകളാണെങ്കിലും എഴുത്തിന്റെ ലോകത്ത് അങ്ങനെയല്ല എന്നത് എത്ര ആഹ്ലാദകരം! കഥയുടെ ചിമിഴില്‍ കനപ്പെട്ട അനുഭവങ്ങള്‍ അടച്ചുവെച്ച് അമൂല്യമായ മുത്താക്കി മാറ്റുന്നതില്‍ പ്രത്യേകചാരുത പ്രകടിപ്പിക്കുന്ന സമദ് പനയപ്പിള്ളിയുടെ പുസ്തകമാണ് ആഹ്ലാദാനുഭവങ്ങള്‍ കൊണ്ടുവരുന്നത്. കഥയുടെ മര്‍മ്മമറിയുന്ന സമദിന്റെ പുതിയ പുസ്തകം കഥയല്ല; ഒരു കാവ്യമാണ്. എന്നാല്‍ കവിതയാണോ, അല്ല. തീക്ഷ്ണാനുഭവങ്ങളുടെ കുറിപ്പുകളാണ്. സമദിന്റെ കഥയാണോ കുറിപ്പാണോ ഹൃദ്യം എന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ഇത്തിരി ബുദ്ധിമുട്ടും. കാരണം രണ്ടും ഒന്നിനൊന്ന് മുന്നിട്ടുനില്‍ക്കുന്നു. വെയില് ബുക്സ് വടകര പ്രസാധനം ചെയ്ത സ്നേഹമരങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍ എന്ന പുസ്തകം ഒറ്റവായനയില്‍ മുഴുവനാക്കാതെ താഴെ വെക്കില്ല. സമദ് പറയുന്നതുപോലെ, തന്റെ നേര്‍ക്കാഴ്ചകളുടെ പ്രകാശനമാണത്. കഴിയുന്നത്ര നിഷ്പക്ഷതയും സത്യസന്ധതയും ഈ കുറിപ്പില്‍ നിറഞ്ഞുകിടക്കുന്നു. കൊച്ചിയില്‍നിന്ന് പ്രസിദ്ധം ചെയ്തിരുന്ന ചീഫ് ഗസ്റ്റ് പത്രത്തില്‍ കാഴ്ച എന്ന പേരിലുള്ള പംക്തിയില്‍ എഴുതിയ 31 കുറിപ്പുകളാണിതില്‍. ഓരോന്നും ജീവിതത്തില്‍നിന്ന് ചീന്തിയെടുത്തത്. ചോരപൊടിയുന്ന, കണ്ണീരുറയുന്ന, അനുഭവം ചൂടുപിടിക്കുന്നവ. സ്നേഹമരങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍ എന്ന കുറിപ്പിലെ നാലു വരി നോക്കുക: നമ്മുടെ സത്യസന്ധമായ കര്‍മ്മം ഇവിടാര്‍ക്കുവേണം. നമ്മുടെ തലച്ചോറും ഹൃദയവുമൊന്നും ഇന്നത്തെ സമൂഹത്തിനൊട്ടും പാകമല്ല.
ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുവാന്‍ അതുകൊണ്ടുതന്നെ നാം അയോഗ്യരുമാകുന്നു. അതെ, നമ്മെ അയോഗ്യരാക്കി ആരൊക്കെയോ യോഗ്യന്മാരായി വാഴുന്നുണ്ട്. സ്നേഹമരങ്ങള്‍ തീപിടിച്ച് നശിക്കുമ്പോള്‍ അങ്ങനെയൊക്കെയേ വരൂ എന്നാണ് സമദ് പറഞ്ഞുപോകുന്നത്. ജീവിതത്തെ ഈ എഴുത്തുകാരന് നോക്കിക്കാണുന്നതില്‍ പ്രത്യേകമായ ഒരു ചാരുതയുണ്ട്. അതില്‍ നന്മയും സ്നേഹവും കാരുണ്യവും അനുതാപവും ഇഴപിരിയാതെ കിടക്കുന്നു. അതുകാണുന്നതും അനുഭവിക്കുന്നതും എത്ര ഹൃദ്യം. ഒരു തപാല്‍ക്കാരന്റെ സങ്കടങ്ങള്‍ എന്ന കുറിപ്പില്‍ ഒടുവിലത്തെ ഒരു വരിയുണ്ട്; അതിങ്ങനെ: നന്മ നിറഞ്ഞവന്റെ നിസ്സഹായതയിലേക്ക് ദൈവമെങ്കിലും രക്ഷകനായി അവതരിക്കാതിരിക്കുമോ? ആ പ്രതീക്ഷ എത്ര സുഖമുള്ളതാണ്. ഡിസംബറിലെ അവസാന ദിനത്തില്‍, മഞ്ഞുപെയ്യുന്ന രാവില്‍ നക്ഷത്രക്കണ്ണില്‍ മിന്നിമറയുന്നതും ആ പ്രതീക്ഷ തന്നെയല്ലേ?
പൗര്‍ണമിയുടെ പ്രഭയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ സൗന്ദര്യത്തിന്റെ മഹാകാശമായി തോന്നും. അത്ര മാത്രം വശീകരണ സ്വാധീനമുണ്ട് പൗര്‍ണമിക്ക്. കവി രമേശന്‍നായരുടെ ഗുരുപൗര്‍ണമി എന്ന കാവ്യവും അത്തരം പ്രഭ പരത്തി മനസ്സുകളെ തീര്‍ഥജലത്തില്‍ സ്നാനം ചെയ്യിക്കുന്നതാണ്. ആ ഗുരുപൗര്‍ണമിയെ മുന്നില്‍ നിര്‍ത്തി സംസാരിക്കുന്നു പയ്യന്നൂരില്‍നിന്ന് പ്രസിദ്ധം ചെയ്യുന്ന പവിത്രഭൂമി മാസിക. അവരുടെ ഡിസംബര്‍ ലക്കത്തിന്റെ കവര്പേജുതന്നെ രമേശന് നായരുടെ പ്രസാദാത്മകമായ ഫോട്ടോയാണ്. ഇത് അവരുടെ പ്രത്യേകതയുമാണ്. സാഹിത്യകാരന്മാരുടെ മുഖചിത്രം നല്കി അവരെ ആദരിക്കുന്ന ഒരു സാംസ്കാരിക മുഖം മാസിക സഹൃദയരുടെ മുമ്പില്‍ ഇതള്‍ വിരിയിക്കുന്നു. സാഹിത്യകാരന്മാരോടുള്ള പെരുമാറ്റത്തിന്റെ രീതി എന്തായിരിക്കണമെന്ന് അവര്‍ കാണിച്ചുതരികയാണ്.
മൂന്ന് രചനകളാണ് ഗുരുപൗര്‍ണമിയെ മുന്‍നിര്‍ത്തിയുള്ളത്. ഒന്ന് പി. പരമേശ്വര്‍ജിയുടെ ഗുരുപൗര്‍ണമി എന്ന കാതലുള്ള കുറിപ്പ്. അതില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ: ഗുരുപൗര്‍ണമി വെറുമൊരു കാവ്യമല്ല. ജീര്‍ണാവസ്ഥയില്‍നിന്ന് വര്‍ത്തമാന സമൂഹത്തെ തട്ടിയുണര്‍ത്താനുള്ള ആഹ്വാനമാണ്.
അദ്വൈതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്കാരമാണ്. സര്‍വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ആ ആവശ്യം സമൂഹം എങ്ങനെ നിറവേറ്റുമെന്ന് ഇനി കണ്ടറിയാം. കവിയുമായി കെ. സുനീഷ് നടത്തുന്ന അഭിമുഖമാണ് മറ്റൊന്ന്. കവികളിലെ രമേശത്വം എന്ന് തലക്കെട്ട്. നല്ല കവിതകള്‍ മറ്റുള്ളവര്‍ക്ക് തൊഴാനുള്ള പ്രതിഷ്ഠകളാണ്. അങ്ങനെ പ്രതിഷ്ഠകളുണ്ടാക്കിയ കവികളാണ് എഴുത്തച്ഛനും മറ്റും. അക്ഷരങ്ങളെ ഭാഷയിലൂടെ പ്രതിഷ്ഠിക്കുകയാണ് കവികള്‍ ചെയ്യുന്നത് എന്ന അഭിപ്രായക്കാരനാണ് രമേശന് നായര്‍. അതുകൊണ്ടാവാം ഭാഷയുടെ പ്രസാദാത്മകത്വം തുളുമ്പുന്ന എഴുത്തുകാരനായ സുകുമാരന്‍ പെരിയച്ചൂര്‍ രമേശന് നായരെ മഹാകവിത്വത്തിലേക്ക് ആദരവോടെ കൂട്ടിക്കൊണ്ടുപോവുന്നത്. ആത്മാര്‍ത്ഥതയുടെ അക്ഷര സംസ്കാരമുള്ള രചനയില്‍ ഇങ്ങനെ കാണാം: മലയാളത്തില്‍ ജ്ഞാനപീഠം ലഭിക്കേണ്ട എഴുത്തുകാര്‍ ആരെന്നു ചോദിച്ചാല്‍ മഹാകവി അക്കിത്തം, മഹാകവയത്രി സുഗതകുമാരി, കഥയുടെ കുലപതി ടി. പത്മനാഭന്, ഇപ്പോള്‍ ‘ഗുരുപൗര്‍ണമി’യിലൂടെ എസ്. രമേശന് നായരും എന്ന് തര്‍ക്കമില്ലാതെ ഏത് ഭാഷാസ്നേഹിക്കും പറയാന്‍ കഴിയും. അങ്ങനെ കഴിയുന്നത് എന്തുകൊണ്ടാണെന്നും സുകുമാരന്‍ ചൂണ്ടിക്കാട്ടുന്നു: രാധതന്‍ പ്രേമത്തേക്കാളും തന്റെ പാട്ടിനെയാണ് കണ്ണന് കൂടുതല്‍ ഇഷ്ടപ്പെടുക എന്ന ശുഭാപ്തി വിശ്വാസത്തിലൂടെ മലയാളഭാഷയെ ആയിരം നാവുള്ളൊരനന്തതയായി കണ്ട കവി മലയാളത്തിന്റെ മഹാകവിയല്ലാതെ മറ്റാരാണ്! ആ കാവ്യസംസ്കാരത്തിനു മുമ്പില്‍ സാംഷ്ടാംഗ പ്രണാമമല്ലാതെ മേറ്റ്ന്ത്!
തൊട്ടുകൂട്ടാന്‍
കടുകോളമുള്ള കണ്ണില്‍
കടലുകാണിക്കും അത്ഭുതത്തെ
ദൈവമെന്ന് വിളിച്ചു ഞാന്‍!
അബ്ദുള്ള പേരാമ്പ്ര
കവിത: ദൈവം
ഇന്ന് മാസിക (ഡിസം)
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: