സംഗീതമെന്ന മഹാസാഗരത്തില്‍ സപ്തസ്വരത്തിന്റെ വിസ്മയം തീര്‍ത്ത സുകുമാരി നരേന്ദ്രമേനോന് കര്‍ണ്ണാടക സംഗീതസപര്യയില്‍ അരനൂറ്റാണ്ട് പിന്നിടുന്നു. ക്രിസ്തുമസ് ദിനത്തില്‍ ഗാനകല്ലോലിനി സുകുമാരി നരേന്ദ്ര മേനോന്റെ സംഗീതസുവര്ണ ജൂബിലി ആഘോഷം മലയാളിയും പാലക്കാട്ടുകാരനും മഹാരാഷ്ട്ര ഗവര്‍ണറുമായ കെ.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും.
1944ല്‍ പാലക്കാട് ജില്ലയിലെ മണ്ണൂരില്‍ പാരമ്പര്യ സംഗീതകുടുംബത്തിലായിരുന്നു അവരുടെ ജനനം. അമ്മയും അമ്മൂമ്മയും സംഗീതജ്ഞരായിരുന്നു. ആ കഴിവ് സ്വാഭാവികമായും അവര്‍ക്കും പകര്ന്നുകിട്ടിയെന്നതില് ആശ്ചര്യപ്പെടാനില്ല. ജന്മിയായ രാമവര്‍മ്മ തമ്പാനായിരുന്നു അവരുടെ പിതാവ്. അമ്മ ചിന്നമണി നേത്യാരുടെ ശിക്ഷണത്തില്‍ ആറാം വയസ്സുമുതല്‍ ആദ്യ സംഗീത പാഠം അഭ്യസിച്ചു തുടങ്ങി. ടൈഗര്‍ വരദാചാരിയുടെ ശിഷ്യനായ പി.ആര്. സുബ്രഹ്മണ്യത്തിന്റെ കീഴില്‍ ഗുരുകുല സമ്പ്രദായത്തിലായിരുന്നു പിന്നീടുള്ള പഠനം. മുസിരി സുബ്രഹ്മണ്യയ്യര്‍, തിരുപ്പാമ്പരം സ്വാമിനാഥ പിള്ളൈ, ചിറ്റൂര്‍ സുബ്രഹ്മണ്യപിള്ളൈ, ടി.ബൃന്ദാമ്മ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരുടെ ശിക്ഷണത്തിലും സംഗീതം അഭ്യസിച്ചു. ഇതിനിടെ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന് ചെമ്പൈ വൈദ്യനാഥ ഭാഗവതരില്‍ നിന്ന് ഏതാനും കൃതികള്‍ സ്വായത്തമാക്കാനും അവര്‍ക്ക് ഭാഗ്യമുണ്ടായി.
തുടര്‍ന്ന് ചെന്നൈ അഡയാറിലെ സെന്‍ട്രല്‍ കോളേജ് ഓഫ് കര്‍ണ്ണാടിക് മ്യൂസിക്കില്‍നിന്ന് ഫസ്റ്റ് ക്ലാസ്സോടെ സംഗീത വിദ്വാന് പാസ്സായി. അവിടന്നുതന്നെ വയലിനും പഠിച്ചു. 1960ല്‍ നാട്ടില്‍ തിരിച്ചെത്തിയ അവര്‍ നീലേശ്വരം രാജാസ് ഹൈസ്ക്കൂളില്‍ മ്യൂസിക് ടീച്ചറായി തന്റെ അധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് പാലക്കാട് മ്യൂസിക്ക് കോളേജില്‍ അസിസ്റ്റന്റ് മ്യൂസിക് പ്രൊഫസറായി.ഗുരുകുല സമ്പ്രദായത്തില്‍ 1963ല്‍ കേരള കലാമണ്ഡലത്തില്‍ സ്ഥിര ജോലിലഭിച്ചു. കലാമണ്ഡലത്തില്‍നിന്ന് നൃത്തസംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ നൃത്തവിദ്യാര്‍ത്ഥികളുടെ കൂടെ പാടാന്‍ വേണ്ടിയായിരുന്നു അത്. തുടര്‍ന്ന് പല നൃത്തവേദികളിലും സുകുമാരി പാടി. കൂടാതെ കഥകളി പദങ്ങളും ഓട്ടന്തുള്ളല് പാട്ടുകളും ഇതിനിടെ കേട്ടു പഠിച്ചു. വിവാഹശേഷം അവര്‍ കലാമണ്ഡലത്തിലെ ജോലി 1975 ല്‍ രാജിവച്ചു.
1962 മുതല്ക്കുതന്നെ സുകുമാരി കച്ചേരികള്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. കലാമണ്ഡലത്തിലെ ജോലി രാജിവച്ചതിനുശേഷം അവര്‍ പൂര്‍ണമായും സംഗീതസപര്യയിലേക്ക് തിരിഞ്ഞു. ഭര്‍ത്താവ് പി.ടി.നരേന്ദ്ര മേനോന്റെ പൂര്‍ണ പിന്തുണയില്‍ പലസ്ഥലങ്ങളിലും കച്ചേരികള്‍ നടത്തി. അക്കാലത്ത് നിരവധി സംഗീതവിദുഷികള്‍ ഉണ്ടായിരുന്നെങ്കിലും പല സാഹചര്യങ്ങള്‍കൊണ്ടും അവര്‍ക്ക് മുന്നോട്ട് വരാന്‍ കഴിഞ്ഞില്ല. ഡോ.ഓമനക്കുട്ടി, തൃപ്പൂണിത്തുറ ലളിത, പാറശ്ശാല പൊന്നമ്മാള്‍ തുടങ്ങിയവര്‍ അക്കാലത്തെ പാട്ടുകാരായിരുന്നു. പതിനെട്ടാംവയസ്സില്‍ കച്ചേരി ആരംഭിച്ച സുകുമാരി വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഏറെ അറിയപ്പെടുന്ന കര്‍ണ്ണാടിക് സംഗീതജ്ഞയായി. രാജ്യത്തുടനീളം കച്ചേരി അവതരിപ്പിച്ച അവര്‍ സ്വരമാധുര്യം കൊണ്ട് പുറത്തും അറിയപ്പെട്ടു. ഇതിനിടെ ശ്രീലങ്കന്‍ ടിവി ചാനലായ രൂപവാഹിനിക്കുവേണ്ടിയും സുകുമാരി പാടി. ഇക്കാലത്തുതന്നെ പല നാടന്‍ പാട്ടുകളും ഭക്തിഗാനങ്ങളും പാടാനും അവര്‍ക്ക് അവസരം ലഭിച്ചു. ഇതോടെ ആരാധകരുടെ എണ്ണവും പ്രശസ്തിയും ഉയര്‍ന്നു. യുകെ,യുഎസ്എ, യുഎഇ, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, മൗറീഷ്യസ്, നൈജീരിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലും അവര്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
ചെന്നൈയിലെ പ്രശസ്തമായ എച്ച്എംവി, സംഗീത തുടങ്ങിയ റെക്കോര്‍ഡിംഗ് കമ്പനികള്‍ ഇവരുടെ കര്‍ണ്ണാടിക് സംഗീതം, നാടന്‍പാട്ടുകള്‍, ഭക്തിഗാനങ്ങള്‍, കൈകൊട്ടിക്കളി എന്നിവയുടെ ഇരുപതോളം സിഡികളിറക്കിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകനും കവിയുമായ ഭര്‍ത്താവ് പി.ടി.നരേന്ദ്ര മേനോന് ആണ് പല ഗാനങ്ങളുടെയും വരികളെഴുതിയിരിക്കുന്നത്. വരികള്‍ക്ക് ശാസ്ത്രീയ രാഗങ്ങള്‍ ഉപയോഗിച്ച് ഈണം നല്‍കുന്നതും സുകുമാരി തന്നെയാണ്. സിനിമയില്‍ പാടുന്നതിനോട് താല്‍പ്പര്യമില്ലെങ്കിലും, രാഷ്ട്രപതിയുടെ സുവര്‍ണ കമലം നേടിയ എംടിയുടെ നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അവര്‍ ആലപിച്ച ‘പനിമതി മുഖി ബാലെ….’ എന്ന സ്വാതിതിരുനാള്‍ പദം ഏറെ പ്രശംസ പിടിച്ചുപറ്റി. പിന്നീട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത എംടിയുടെ നാലുകെട്ട് എന്ന സീരിയലിലും പരേതനായ വി.കെ.മാധവന്‍കുട്ടിയുടെ സീരിയലിന്റെ ടൈറ്റില്‍ ഗാനവും അവര്‍ പാടിയിട്ടുണ്ട്.
എന്നാല്‍ തന്റെ 50 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ മറക്കുവാന്‍ കഴിയാതിരുന്ന സംഭവം ചെമ്പൈ വൈദ്യനാഥ ഭാഗവതരുമൊത്തുള്ള ദിവസങ്ങളാണെന്ന് സുകുമാരി നരേന്ദ്ര മേനോന് പറയുന്നു. തന്റെ കല്ല്യാണത്തിന് അദ്ദേഹം വന്ന് കച്ചേരി അവതരിപ്പിച്ചതും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു. ചെമ്പൈയുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു. തന്നെ ഏറെ പ്രോത്സാഹിപ്പിച്ചത് ചെമ്പൈയാണ്. മദ്രാസില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ വസതിയിയില്‍ ചെന്ന് സംഗീതം അഭ്യസിക്കാനും അദ്ദേഹത്തിന് മുന്നില്‍ പാടാനും കഴിഞ്ഞത് ഒരു വരമായി കരുതുന്നു. ഒറ്റപ്പാലത്തെ പൂഴിക്കുന്ന് ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നവരാത്രി ദിവസം പാടാനെത്തുന്ന ചെമ്പൈ 1963ല്‍ സുകുമാരിക്ക് ഗാനകല്ലോലിനി പട്ടവും സഹോദരന് മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് രാഗരത്ന പട്ടവും നല്‍കിയിരുന്നു. 1975ല്‍ അദ്ദേഹത്തിന്റെ അവസാനദിനത്തില്‍ ജീവിതത്തില്‍ എല്ലാ സൗഭാഗ്യവും ലഭിക്കട്ടെ എന്ന് പറഞ്ഞ് തന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചത് സുകുമാരി നിറകണ്ണുകളോടെ ഓര്‍ക്കുന്നു. എല്ലാവര്‍ഷവും തന്റെ ജന്മസ്ഥലമായ കോട്ടായി ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രോത്സവത്തില്‍ പാടണമെന്ന് പറഞ്ഞിരുന്നതായും സുകുമാരി പറഞ്ഞു. കൊല്ലത്തെ പോരുവഴി ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിച്ചതും മറക്കാന്‍ കഴിയാത്ത അനുഭവമാണ്.
എന്തൊക്കെയായിരുന്നാലും ഇന്ന് സംഗീതത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറുകയാണെന്ന് സുകുമാരി വിഷമത്തോടെ പറയുന്നു. കര്‍ണ്ണാടിക്- ശാസ്ത്രീയ സംഗീതം പഠിക്കാന്‍ നിരവധിപേരുണ്ട്. പക്ഷേ അവ അഗാധതലത്തില്‍ പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. പരിശീലനം കുറവാണ്. ഒരു രാഗം പാടിക്കൊണ്ടിരിക്കെ മറ്റൊരുരാഗം പാടാന്‍ പറഞ്ഞാല്‍ അവര്‍ക്ക് കഴിയാറില്ല. എല്ലാവരും പാട്ട് പഠിക്കുന്നത് കലയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് റിയാലിറ്റി ഷോ പോലുള്ള പരിപാടികള്‍ക്കു വേണ്ടിയാണ്. കേരളത്തിലിപ്പോള്‍ കച്ചേരികള്‍ കുറവാണ്. അമ്പലങ്ങളില്‍പ്പോലും കച്ചേരികള്‍ക്കും മറ്റും പകരം ഗാനമേളകളും സിനിമാറ്റിക്ക് ഡാന്‍സുകളുമാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയ സംഗീതം നിലനില്ക്കാന് താല്‍പ്പര്യവും അദ്ധ്വാനവും വേണം. ഇന്ന് പാട്ട് പഠിക്കാന്‍ വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സംഗീതത്തെ ഗൗരവമായിക്കാണുന്നത് ചുരുക്കം ചിലര്‍ മാത്രമാണ്.
കുറച്ച് വര്‍ഷം മുമ്പ് വരെ ക്ലാസിക്കല്‍ ശൈലിയിലുള്ള സിനിമാ പാട്ടുകളുണ്ടായിരുന്നു. ഇന്നാകട്ടെ എല്ലാം വെസ്റ്റേണ്‍ സ്റ്റെയില്‍. ആര്‍ക്ക് വേണമെങ്കിലും പാടാം. സംഗീത സംവിധാനം ചെയ്യാം. ഇപ്പോള്‍ പാട്ട് പാടുകയല്ല, പറയുകയാണ് ചെയ്യുന്നതെന്നാണ് സുകുമാരിക്ക് ഇന്നത്തെ പാട്ടിനെക്കുറിച്ചുള്ള അഭിപ്രായം. ഡോ.ബാലമുരളീകൃഷ്ണയുടെ പാട്ടുകളെ വളരെയധികം ഇഷ്ടപ്പെടുന്ന സുകുമാരിയുടെ റോള്‍ മോഡല്‍ എം.എസ്.സുബ്ബലക്ഷ്മിയാണ്. ഹിന്ദുസ്ഥാനി സംഗീതത്തെ ഇഷ്ടപ്പെടുന്ന സുകുമാരിക്ക് ഗസലിനോട് വലിയ താല്‍പ്പര്യമില്ല.
നിരവധി സാംസ്കാരിക സദസ്സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവര്‍ നടത്തിവരുന്ന സംഗീതവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ പുതിയ തലമുറയില്‍ ഭാരതീയ സംഗീതത്തിന്റെ വൈകാരിക അവബോധം സൃഷ്ടിക്കുവാന്‍ ഏറെ സഹായകമായിട്ടുണ്ട്. സോപാന സംഗീതം, ഗ്രാമീണ സംഗീതം, വേദസംഗീതം എന്നിവയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ വേരുകള്‍ തിരഞ്ഞുള്ള അവരുടെ ഗവേഷണ തല്പ്പരതയും സുകുമാരിയുടെ സംഗീത ജീവിതത്തിന് എക്കാലത്തും വ്യത്യസ്ത മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടിക് സംഗീതം ഒരു സമുദ്രമാണ്. 72 മേളകര്ത്തരാഗങ്ങളില്നിന്ന് നിരവധി ജന്യരാഗങ്ങള്‍ ഉരുത്തിരിയുന്നുണ്ട്. അത് എത്രപഠിച്ചാലും കഴിയില്ല. ഇപ്പോഴും പഠിക്കുകയാണ്. സംഗീതവും നൃത്തവും ഒരാളുടെ ജീവിതത്തെ മോശമാക്കില്ല. ഇന്ന് എല്ലാം ബിസിനസ് താല്പ്പര്യങ്ങളാണ്്. എല്ലാവര്ക്കും ആഗ്രഹങ്ങള്‍ കൂടുതലാണ്. ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ കലയ്ക്കും സംഗീതത്തിനും കഴിയും. അത് ജന്മസിദ്ധമാണ്.
സംഗീതത്തെക്കുറിച്ച് ഒരു ഗ്രന്ഥമാണ് ഇനിയുള്ള സ്വപ്നം. അത് എഴുതാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ആവര്‍ത്തനത്തോട് താല്‍പ്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. എല്ലാ സംഗീതവും കൂട്ടിക്കലര്‍ത്തിയൊരു ഗ്രന്ഥം അതാണ് അവരുടെ സ്വപ്നം. പ്രമുഖ അഭിഭാഷകനും കവിയുമായ പി.ടി.നരേന്ദ്ര മേനോനാണ് ഭര്‍ത്താവ്. ഗായികയായ വാണി വിവേകാണ് ഏകമകള്‍. ഭാരത സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,വിദ്യാധിരാജ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ പുറത്തുനിന്ന് ഇശൈ തെന്‍ട്രല്‍, സുസ്വരസുഖലേയ, നാദശ്രീ തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്. കറകളഞ്ഞ ശബ്ദമാധുരിയും ആസ്വാദ്യമായ സംഗീതജ്ഞാനവും ഗവേഷണബുദ്ധിയും അവരുടെ കലയെ എക്കാലത്തും സമ്പുഷ്ടമാക്കിയിട്ടുണ്ട്.
>> സിജ.പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: