തണുപ്പ് അരിച്ചിറങ്ങുന്ന രാത്രികളില്‍ വീടുകള്‍ക്കുമുന്നില്‍ നക്ഷത്രവിളക്കുകള്‍ തൂങ്ങിക്കിടക്കുന്നത് കാണാന്‍ എന്തു ഭംഗിയാണ്. ഡിസംബര്‍ മാസം എന്നു കേള്‍ക്കുമ്പോഴെ നക്ഷത്രവിളക്കുകളാണ് മനസ്സില്‍ തെളിയുന്നത്. പല നിറത്തിലുള്ള പ്രകാശം പരത്തി ഓരോ വീടുകള്‍ക്കു മുന്നിലും ചെറുകാറ്റിലാടുന്ന വിളക്കുകള്‍. നക്ഷത്രവിളക്കുകള്‍ എന്നുമുതലാണ് കാണാന്‍ തുടങ്ങിയത്?. വര്‍ഷങ്ങള്‍ ഒരുപാട് പിന്നോട്ടുള്ള ഓര്‍മയിലും അവയുണ്ട്. അന്നൊക്കെ നക്ഷത്രങ്ങള്‍ക്കുള്ളില്‍ വൈദ്യുത വിളക്കുകളല്ല പ്രകാശിച്ചിരുന്നത്. മെഴുകുതിരി കത്തിച്ചു വയ്ക്കുകയായിരുന്നു. ഇപ്പോള്‍ പലവര്‍ണ്ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ക്കുള്ളില്‍ വൈദ്യുതി ദീപങ്ങള്‍ തെളിയുമ്പോള്‍ അവിടമാകെ നക്ഷത്ര ശോഭ നിറയുന്നു.
ലോകത്തെല്ലായിടത്തും നക്ഷത്രവിളക്കുകള്‍ തൂക്കാറുണ്ട്. മൂന്ന് രാജാക്കന്മാര് ഉണ്ണിയേശുവിനെക്കാണാന്‍ പുറപ്പെട്ടപ്പോള്‍ നക്ഷത്രം വഴികാട്ടിയതിന്റെ സ്മരണയാണത്. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന ക്രിസ്തീയ ആചാരവുമുണ്ടതില്‍.
ക്രിസ്മസ് ആയതിനാല്‍ മാത്രമല്ല നക്ഷത്രവിളക്കുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചത്. ക്രിസ്മസ് എന്ന പ്രത്യേകതയുമുണ്ട്. ക്രിസ്മസിന്റെ ആഘോഷങ്ങള്‍ തികച്ചും മതപരമാണ്. എന്നാല്‍ മറ്റേ തൊരു ആഘോഷത്തെയുംപോലെ ക്രിസ്മസും മനുഷ്യന് സന്തോഷമാണ് നല്‍കുന്നത്. നക്ഷത്രവിളക്കുകളുടെ ഭംഗിയും ക്രിസ്മസ് കേക്കുകളുടെ രുചിയുമാണ് അതില്‍ പ്രധാനം. ക്രിസ്മസ് കഴിഞ്ഞും പുതുവര്‍ഷത്തെ പ്രതീക്ഷിച്ച് നക്ഷത്രവിളക്കുകള്‍ വീടുകള്‍ക്കുമുന്നില്‍ പ്രകാശം പരത്തും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു സുഹൃത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകളാണ് നക്ഷത്രവിളക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
കുട്ടനാട്ടുകാരനായ സുഹൃത്തും ഫെയ്സ്ബുക്കിലൂടെ സംസാരിച്ചത് നക്ഷത്രവിളക്കുകളെക്കുറിച്ചാണ്. മേറ്റ്വിടത്തെയും പോലെയല്ല കുട്ടനാട്ടില്‍ നക്ഷത്രവിളക്കുകള്‍ പ്രകാശിച്ചു കിടക്കുന്നതു കാണാന്‍ പ്രത്യേക ഭംഗിതന്നെയാണ്. ഒരു ഡിസംബര്‍ മാസത്തിലെ കുട്ടനാടു യാത്രയില്‍ അതനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടാകുകയും ചെയ്തു. ആലപ്പുഴനിന്ന് ബോട്ടില്‍ കാവാലത്തേക്കുള്ള യാത്ര. നേരം ഇരുട്ടിയിരുന്നു. കായലിന് ഇരുകരയിലുമുള്ള ചെറിയ വീടുകളില്‍ നക്ഷത്രദീപങ്ങള്‍. ചിലത് വൈദ്യുതദീപങ്ങള്‍. കൂടുതലും മെഴുകുതിരിയുടെ പ്രകാശത്തില്‍ മങ്ങിത്തെളിയുന്ന നക്ഷത്രങ്ങളാണ്.
ഡിസംബറിലെ തണുപ്പിന് കുട്ടനാട്ടില്‍ കാഠിന്യംകൂടും. കായല്‍കാറ്റുകൂടിയാകുമ്പോള്‍ മൂടിപ്പുതയ്ക്കാതെ വയ്യ. മൂടിപ്പുതച്ച ഷാളിനുള്ളില്‍ കുട്ടനാടന്‍ കാഴ്ചകള്‍ കണ്ട് കാവാലത്തേക്കുള്ള ബോട്ടുയാത്ര ഏറെനാള്‍ കഴിഞ്ഞിട്ടും മനസ്സില്‍നിന്നു മായുന്നതേയില്ല. ആ ഓര്‍മയിലെ നിറമുള്ള സന്തോഷമായിരുന്നു നക്ഷത്രവിളക്കുകള്‍.
ഇനി, കുട്ടനാട്ടുകാരനായ സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലേക്കുതന്നെ വരാം. അദ്ദേഹം എഴുതിയത് ഇങ്ങനെ: “ഞങ്ങള്‍ കുട്ടനാട്ടുകാര്‍ക്ക് ക്രിസ്മസ് കാലത്ത് നക്ഷത്ര വിളക്ക് തൂക്കുന്നതിനു മതഭേദം ഇല്ല. മഞ്ഞു മൂടിക്കിടക്കുന്ന പുഴയും പരന്ന കായലും. അവിടവിടെ കണ്ണുചിമ്മുന്ന നക്ഷത്ര വിളക്കുകള്‍. ഇരമ്പത്തില്‍ പോകുന്ന ബോട്ടില്‍ രാത്രിയില്‍ തണുത്തു വിറച്ചുള്ള യാത്രയ്ക്ക് അന്നൊക്കെ ഒരു ആകാശ യാത്രയുടെ അനുഭവം തോന്നിയിരുന്നില്ല. പില്ക്കാലത്ത് വിമാനയാത്ര നടത്തുമ്പോള്‍ അത്ഭുതം കൂറിയത് ഈ കാഴ്ചയല്ലേ അന്നു ബോട്ടിലും വഞ്ചിയിലും കണ്ടത് എന്നായിരുന്നു.
ഇന്നലെ നാട്ടിലൂടെ പോയത് ബോട്ടിലല്ല, റോഡിലൂടെ ആയിരുന്നു. (കാലം പോയ പോക്കേ കാവാലത്തുനിന്ന് കാലത്ത് ആറു മണിക്ക് ബോട്ടില്‍ കയറി ആലപ്പുഴയില്‍ എട്ട് മണിക്ക് എത്തിയും തിരികെ അഞ്ചുമണിക്ക് ആലപ്പുഴയില്‍നിന്ന് തിരിച്ച് ഏഴുമണിക്ക് വീട്ടില്‍ കയറുകയും ചെയ്തിരുന്ന വിദ്യാഭ്യാസ കാലത്ത് ഞങ്ങള്‍ നാട്ടിലെ കാക്കകളെ കണ്ടിരുന്നില്ല. അവ ചേക്കയിറങ്ങും മുമ്പു ഞങ്ങള്‍ പോകും. ചേക്കേറിക്കഴിഞ്ഞേ മടങ്ങി വരുമായിരുന്നുള്ളു. അന്നൊക്കെ ഞങ്ങള്‍ പറയുമായിരുന്നു നമ്മുടെ മക്കളുടെ മക്കളുടെ കാലത്ത് നാട്ടില്‍ റോഡും വണ്ടിയും വന്നെങ്കിലായി എന്ന്. പക്ഷേ എത്രവേഗം റോഡു വന്നു, തോടുകള്‍ മുടിച്ചുകൊണ്ടാണെങ്കിലും. . . . അതു വേറൊരു കഥ) രാത്രിയില്‍ കണ്ടു, പല വീടുകളിലും നക്ഷത്രമുണ്ട്, വിളക്കില്ല. പകല്‍ നക്ഷത്രങ്ങള്‍ പോരല്ലോ. .
പിറവിയുടെ ദിവ്യ അറിയിപ്പായ വെളിച്ചം വേണ്ടേ…. സംശയം, തൊട്ടടുത്തിരുന്ന ചങ്ങാതിയോടു ചോദിച്ചു. അദ്ദേഹം എന്നെ നോക്കി. അടിമുടി എന്നു വേണമെങ്കില്‍ പറയാം. ഇവനാരെടാ എന്ന ഭാവത്തില്‍. പിന്നെ പറഞ്ഞു, അല്‍പ്പം ഉറക്കെത്തന്നെ, ഞാനുമൊരു ക്രിസ്ത്യാനിയാ, ഇത്തവണ നക്ഷത്രത്തില്‍ ഞാന്‍ പോലും വിളക്കിട്ടില്ല. എന്താ, 300 യൂണിറ്റ് കഴിഞ്ഞാല്‍ വില കറണ്ടിന് 15 രൂപയാ. 80 പൈസക്കാ ഇവിടെ ഉണ്ടാക്കുന്ന കറണ്ട് മറ്റു നാട്ടുകാര്‍ക്കു കൊടുക്കുന്നത്. എന്നിട്ടിവിടെ 15 രൂപ. വേണ്ട ചാണ്ടിയുടെയും മുഹമ്മദിന്റെയും (ആര്യാടന്) ഭരണത്തില്‍ ഇവിടുത്തുകാര്‍ തപ്പിത്തടഞ്ഞു നടക്കട്ടെ. ഞാന്‍ എന്തൊക്കെയോ ചിന്തിച്ചിരിക്കെ അടുത്ത ബസ്റ്റോപ്പില്‍ ഇറങ്ങാന്‍ എഴുന്നേറ്റുവെങ്കിലും ആ തലനരച്ച യാത്രക്കാരന് ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു…. അരിക്കു വില 45 രൂപ. ശബരിമലയില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന അരിയുടെ കാര്യമോ. സബ്സിഡി വാങ്ങാന്‍ എഴുനേറ്റു നടക്കാത്തവര്‍ ബാങ്കില്‍ പോകണമത്രേ. ഓട്ടോറിക്ഷക്കാശും കൂടെ വരുന്ന മകനുള്ള പെയ്ന്റിനും തികയില്ല സബ്സിഡി പൈസ. സാധനങ്ങള്‍ക്കെല്ലാം എന്താ വില. വീട്ടില്‍ കിടന്നുറങ്ങാമെന്നു വെച്ചാല്‍ അന്യ സംസ്ഥാന കള്ളന്മാള്‍ വന്നു കഴുത്തു ഞെരിച്ചുകൊല്ലും. അവന്മാര്ക്ക് ഓണക്കിറ്റും കൊടുത്തു വളര്‍ത്തിയെടുക്കുകയല്ലേ…. ആളുകള്‍ കൂട്ടച്ചിരി പൊട്ടിക്കുമ്പോള്‍ എനിക്ക് അവരോടൊപ്പം ചേരാനായില്ല… എന്റെ ഒരു മനോരോഗമേ.. .. “
പ്രിയപ്പെട്ട സുഹൃത്തേ, കുട്ടനാട്ടിന്റെ മാത്രം സങ്കടമല്ല ഇത്. ക്രിസ്മസ് കാലത്ത് വീടിനുമുന്നില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്നത് മതാതീതമായാണ്. വീട്ടിലെ കുഞ്ഞുങ്ങളുടെ മനസ്സിലെ സന്തോഷമാണത്. ഇത്തവണയും വീടിനുമുന്നില്‍ നക്ഷത്രങ്ങളിട്ടു. മേറ്റ്ല്ലാ വീടുകളെയും പോലെ. നൂറ്റിയമ്പതു രൂപ കൊടുത്തു വാങ്ങിയ ഭംഗിയുള്ള നക്ഷത്രം വീടിനു മുന്നില്‍ തൂക്കിയപ്പോള്‍ ഭാരിച്ച വൈദ്യുതി നിരക്കിന്റെ ആശങ്ക മനസ്സിലേക്കു വന്നു. അന്നത്തെ പത്രത്തിലാണ് വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചാല്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്ത വന്നത്. തത്ക്കാലം നക്ഷത്രം കിടക്കട്ടെ, ലൈറ്റ് കത്തിക്കേണ്ടെന്ന് തീരുമാനിച്ചു.
പകലായിരുന്നു നക്ഷത്രം തൂക്കിയത്. നേരം ഇരുട്ടിയപ്പോള്‍ കത്താതെ കിടക്കുന്ന നക്ഷത്രം മനസ്സിനെ നോവിച്ചു. പ്രകാശമില്ലാത്ത നക്ഷത്രത്തിന് ഒരു ഭംഗിയുമില്ല. വെളിച്ചമില്ലാത്ത നക്ഷത്രം വീട്ടിലെ കുട്ടികളെ ഒട്ടും സന്തോഷിപ്പിച്ചില്ല. ഒടുവില്‍ മനസ്സില്ലാമനസ്സോടെ നക്ഷത്രത്തിനുള്ളിലെ വൈദ്യുത വിളക്ക് കത്തിച്ചു. വൈദ്യുത മീറ്ററിലെ സൂചി വേഗത്തില്‍ കറങ്ങുന്നത് അറിയാമെങ്കിലും നല്ലൊരു ക്രിസ്മസ് കാലത്തെ സന്തോഷം, കുറച്ചുപണത്തിന്റെ പേരില്‍ എന്തിന് ഇല്ലാതാക്കണമെന്ന് ചിന്തിച്ചപ്പോള്‍ മനസ്സിനു കുറച്ചാശ്വാസം.
ഏതുതരം ആഘോഷമായാലും സന്തോഷത്തിനാണല്ലോ പ്രാധാന്യം. വെളിച്ചം സന്തോഷം കൊണ്ടുവരുന്നു. ആഘോഷങ്ങള്‍ക്ക് പലപല രൂപവും ഭാവവും. എന്നാല്‍ അതു നല്കുന്ന സന്തോഷത്തിന് ഒരേ ഭാവമാണെപ്പോഴും. വീടുകളുടെ ഉമ്മറത്തു തൂങ്ങുന്ന നക്ഷത്രവിളക്കുകളുടെ നന്മയുടെ പ്രകാശം എല്ലാവരുടെയും മനസ്സില്‍ നിറയട്ടെ. ശാന്തിയുടെ ഒരായിരം നക്ഷത്രവിളക്കുകള്‍ ഓരോരുത്തരുടെയും മനസ്സില്‍ തെളിയട്ടെ. ക്രിസ്മസ് ആശംസകള്‍.
>> നരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: