കൊച്ചി: ചില്‍ഡ്രന്‍സ് തീയേറ്ററിലെ സ്ക്രീനില്‍ തസ്ലിം മിന്നിത്തിളങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകളോടെ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഹാളിന് പുറത്തേക്ക് നടന്നു. അകത്ത് ലോകസിനിമയിലെ ആരാധ്യരായ മക്മല്‍ബഫ് കുടുംബവും ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിങ്ങുന്ന ഹൃദയത്തോടെ ദ് പെര്‍ഫക്ട് രാഗയുടെ ആദ്യ പ്രദര്‍ശനത്തിന് സാക്ഷികളായി. എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ മകനായ തസ്ലിം കഴിഞ്ഞ മാര്‍ച്ചില്‍ ബാംഗ്ലൂര്‍ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തില്‍ അകാലത്തില്‍ പൊലിയുകയായിരുന്നു. മരണത്തിന് ഏതാനും ദിവസം മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് ഇന്നലെ ചില്‍ഡ്രന്‍സ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ചില്‍ഡ്രന്‍സ് തീയേറ്റര്‍ സാക്ഷ്യം വഹിച്ചത്. ഹാളിലേക്കെത്തിയ മൊഹ്സിന്‍ മക്മല്‍ബഫ് കളക്ടറെ ആശ്ലേഷിച്ചു. ഭാര്യ മെര്‍സിയ മെഷ്കിനി, മക്കളായ മെയ്സം, സമീര, ഹാന എന്നിവര്‍ ശിരസ് കുനിച്ച് ആദരം പ്രകടിപ്പിച്ചു. കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്റെ ചെറിയ വാക്കുകളിലുള്ള ആമുഖം – ‘തസ്ലിമിനുള്ള സമര്‍പ്പണമാണ് ഈ ഫെസ്റ്റിവല്‍’. ചിത്രത്തിന് കഥയെഴുതിയ ഷിപിന് പോള്‍ പെര്‍ഫക്ട് രാഗയ്ക്കായി തസ്ലിം നടത്തിയ പ്രയത്നം ഓര്‍മിച്ചെടുത്തത് വിതുമ്പലോടെയാണ്. നിശബ്ദതയ്ക്കും ഇരുട്ടിനും മുകളിലേക്ക് സ്ക്രീനില്‍ നിന്നും തസ്ലിമിന്റെ പ്രസരിപ്പ് വന്നു നിറഞ്ഞു. ഈ ചെറുപ്പക്കാരന് ഇപ്പോഴും ലോകത്തുണ്ടെന്ന് വിശ്വസിക്കാന്‍ സദസ് ആഗ്രഹിക്കുമ്പോള്‍ വാതില്‍ പതിയെ തുറന്ന് പുറത്തേക്ക് നടന്ന കളക്ടര്‍ ഒരു നൊമ്പരമായി. രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ ഓഫീസില്‍ തനിയെ കുറച്ചു നേരം ഇരുന്ന ശേഷം അദ്ദേഹം യാത്ര തിരിച്ചു. പതിവുള്ള തിരക്കുകളിലേക്ക്.
കുട്ടു എന്നു വിളിപ്പേരുള്ള തസ്ലിമിന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടയില്‍ ദി പെര്‍ഫക്ട് രാഗ പ്രദര്‍ശിപ്പിക്കാന്‍ കളക്ടര്‍ സമ്മതം മൂളിയത്. മരിക്കുമ്പോള്‍ ബാംഗ്ലൂരിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ എന്‍ജിനീയറായിരുന്നു 26കാരനായിരുന്ന തസ്ലിം. കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലും ടി.കെ.എം എഞ്ചിനീയറിങ് കോളേജിലും കലാപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്ന തസ്ലിം ടി.സി.എസിലും തന്റെ അഭിരുചി കൈവിട്ടിരുന്നില്ല. ടിസിഎസിലെ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ വിങ്ങിലെ കൂട്ടായ്മയ്ക്കിടയില്‍ തസ്ലിമിന്റെ മനസിലുദിച്ച ആശയമാണ് ദി പെര്‍ഫക്ട് രാഗ എന്ന ലഘുചിത്രമായി രൂപമെടുത്തത്.
ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സംഘര്‍ഷങ്ങളും കുടുംബബന്ധങ്ങളുമാണ് ദി പെര്‍ഫക്ട് രാഗയുടെ പ്രമേയം. തിരക്കും സമ്മര്ദ്ദവുമേറിയ ജോലിക്കിടയില്‍ മാതാപിതാക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും സഹപ്രവര്‍ത്തകയുമായുള്ള പ്രണയവുമെല്ലാം വിഷയമാകുന്ന ചിത്രത്തില്‍ തസ്ലിമിനൊപ്പം വേഷമിട്ടിരിക്കുന്നതും ടി.സി.എസിലെ സഹപ്രവര്‍ത്തകരാണ്. സ്പാര്‍ക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ഷിപിന് പോളിന്റെ കഥയ്ക്ക് സംവിധാനം നിര്‍വഹിച്ചത് സുന്ദര്‍ നാഗരത്നം. സൊനാലിനയാണ് ചിത്രത്തില്‍ തസ്ലിമിന്റെ നായിക. വിനോദ് കുമാര്‍, ഷിപിന് പോള്‍ എന്നിവരും ദി പെര്‍ഫക്ട് രാഗയില്‍ അഭിനയിച്ചിട്ടുണ്ട്. കൃഷ്ണഗിരി – ബാംഗ്ലൂര്‍ ദേശീയപാതയില്‍ കൃഷ്ണഗിരി ടോള്‍ പ്ലാസയ്ക്ക് സമീപം മാര്‍ച്ച് 15നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തസ്ലിമിനെ ബാംഗ്ലൂര്‍ നാരായണ ഹെല്‍ത്ത് സിറ്റിയിലെ സ്പര്‍ശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം ലോകത്തോട് വിട പറയുകയായിരുന്നു. ടി.കെ.എം എഞ്ചിനീയറിങ് കോളേജ് അധ്യാപിക ഡോ. ബുഷറയാണ് മാതാവ്. സഹോദരി: രേഷ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: