അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെല്‍ക്കിന് ആഗോളവിപണിയിലെ വെല്ലുവിളികളെ അതിജീവിച്ച് വളര്‍ച്ച നേടണമെങ്കില്‍ സാങ്കേതിക പരിമിതികള്‍ മറികടക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ടെല്ക്കിന്റ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടെല്‍ക്കിന് മികച്ച സാങ്കേതിക പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആധുനിക സാങ്കേതികവിദ്യ വാങ്ങാന്‍ ഉദ്ദേശിച്ച രാജ്യങ്ങള്‍ ഇപ്പോള്‍ മികച്ച ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരം രാജ്യങ്ങള്‍ക്ക് ടെല്‍ക്കിന്റെ പങ്കാളിയാകേണ്ട ആവശ്യം വരുന്നില്ല. ടെല്‍ക്കിന് ഇപ്പോഴുള്ള ഗള്‍ഫ് വിപണിയില്‍ നിന്നു ഭാവിയില്‍ വെല്ലുവിളികള്‍ നേരിടുമെന്ന അവസ്ഥയും വന്നിട്ടുണ്ട്. ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവിടെയും തുടങ്ങാന്‍ തയാറെടുക്കുന്നതാണ് ഭീഷണിയാകുന്നത്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ വന്‍വളര്‍ച്ച കൈവരിക്കാന്‍ കഴിയൂകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സുവര്‍ണജൂബിലി ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജോസ് തെറ്റയില്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംപിമാരായ കെ.പി. ധനപാലന്, പി. രാജീവ്, ബാംബൂ കോര്പറേഷന് ചെയര്മാന് പി.ജെ. ജോയി, മുനിസിപ്പല്‍ കൗണ്‍സിലര്‍ അജിത സിജോ എന്നിവര്‍ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടര്‍ അരുണ്‍കുമാര്‍ ഗുപ്ത സ്വാഗതവും ജനറല്‍ മാനേജര്‍ ഉമ്മന്‍ പി.ജോഷ്വ നന്ദിയും പറഞ്ഞു. ടെല്‍ക്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ടാസ്കിന്റെ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: