കൊച്ചി: കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ആദ്യ ഓപ്പണ്‍ ഫോറം സരിത തിയറ്റര്‍ അങ്കണത്തില്‍ നിറഞ്ഞ ആസ്വാദകസദസ്സില് നടന്നു.
സിനിമകളിലെ സെന്‍സര്‍ഷിപ്പിനെ കുറിച്ച് വികാരാധീനനായാണ് മക്ബല് ബഫ് പ്രതികരിച്ചത്. ഒരു കലാകാരന്റെ സൃഷ്ടിയെ പലപ്പോഴും ഇല്ലാതാക്കുകയാണ് സെന്‍സര്‍ ബോര്‍ഡുകള്‍ ചെയ്യുന്നത്.
സെന്‍സറിംഗ് അനിവാര്യമായ കാര്യം തന്നെയാണ്. പക്ഷേ സിനിമയുടെ ജീവനെ നിലനിര്‍ത്തിക്കൊണ്ട് അത് സാദ്ധ്യമാക്കണമെന്ന് കൊച്ചി രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ മക്ബല് ബഫ് അഭിപ്രായപ്പെട്ടു. ഇറാനില്‍ നിലനില്‍ക്കുന്ന അത്രയും ഭീകരമായ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്ന് സംവിധായകന് സജീവന് അന്തിക്കാട് പറഞ്ഞു. ചില ബിംബങ്ങളാണ് ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പിന് അധാരമാകാറുള്ളത്. സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായെത്തിയാല്‍ പോലും ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ ഉടമകള്‍ തയ്യാറാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് പലതലത്തില്‍ നിന്നും സെന്‍സര്‍ഷിപ്പ് നേരിടേണ്ടിവരുന്നുണ്ടെന്ന് ഡോ.കെ.ഗോപിനാഥ് വ്യക്തമാക്കി. സര്‍ക്കാരിതര സ്ഥാപനങ്ങളാണ് ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഇറാനിലെ സിനിമകളെ സെന്‍സര്‍ ചെയ്യുന്നത് വ്യത്യസ്ത തലങ്ങളിലായാണ്. സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡുകള്‍ക്ക് പുറമേ മതസംഘടനകള്‍ വിവിധ പ്രസ്ഥാനങ്ങള്‍ തുടങ്ങി ഘട്ടംഘട്ടമായുള്ള സെന്സറിംഗും കൂടാതെ ഒരു സിനിമയില്‍ ആര് അഭിനയിക്കണം, പശ്ചാത്തലം ഒരുക്കണം തുടങ്ങി സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പോലും മാനിക്കാതെയുള്ള കൈകടത്തലുകള്‍ സിനിമയെ നശിപ്പിക്കുന്നതായി മക്ബല് ബഫിന്റെ മകനും പ്രശസ്ത സംവിധായകനുമായ മെയ്സന്‍ മക്ബല് ബഫ് അഭിപ്രായപ്പെട്ടു.
ചില ബിംബങ്ങളും കാഴ്ച്ചപ്പാടുകളും മലയാള സിനിമകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നുവരാറുണ്ടെന്ന് യു.രാധാകൃഷ്ണന് പറഞ്ഞു. ഇവയോടുള്ള അമിതമായ അഭിനിവേശം പലപ്പോഴും കലയുടെ മൂല്യച്യുതിക്ക് കാരണമാകാം.
സരിത തിയറ്റര്‍ അങ്കണത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക് പരീത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകരായ മൊഹ്സീന് മക്ബല് ബഫ്, മകനും സംവിധായകനുമായ മെയ്സാം മക്ബല് ബഫ്, ഡോ. കെ.ഗോപിനാഥ്, സജീവന് അന്തിക്കാട്, യു.രാധാകൃഷ്ണന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: