ഒരു മരണം. അതുണ്ടാക്കുന്ന വ്യഥ; അതിന്റെ പ്രതികരണം. അങ്ങനെ ചിന്തിച്ചുപോകെ, നമുക്കു മുമ്പില്‍ ബാലാസാഹേബ് താക്കറെ വരുന്നു. ഒരു വിധപ്പെട്ടവര്‍ക്കൊക്കെ അദ്ദേഹം പേടിപ്പെടുത്തുന്ന ഒരു വ്യക്തിത്വമാണ്. നര്‍മ്മവും നിശിത വിമര്‍ശനവും ഉള്‍ക്കൊള്ളുന്ന കാര്‍ട്ടൂണില്‍ നിന്ന് കാരിരുമ്പിന്റെ കാര്‍ക്കശ്യത്തിലേക്ക് പരകായ പ്രവേശം ചെയ്ത താക്കറെയെക്കുറിച്ച് പ്രസ് കൗണ്‍സില്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കാട്ജുവിനും നാദാപുരത്തെ കണാരനും ഒരേ അഭിപ്രായം. അദ്ദേഹം മറാത്താ ദേശീയതയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയെന്ന വികാരത്തെ മറാത്താ രാഷ്ട്രീയത്തിന്റെ ഉമ്മറവാതില്ക്കല് കെട്ടിയിട്ടു എന്നൊക്കെയാണ് ആരോപണങ്ങള്‍. നടക്കട്ടെ. എന്തു വേണമെങ്കിലും ആരോപിക്കാം. എങ്ങനെ കരുതിയാലും മറാത്താ സിംഹം എന്ന ചെല്ലപ്പേരിനുള്ളില് കളങ്കമറ്റ ഒരു ദേശീയ വികാരമുണ്ടായിരുന്നു. ഈ വികാരം നിക്ഷിപ്തതാല്‍പ്പര്യക്കാരുടെ മഷ്ഠിഷ്കങ്ങളെ പ്രകോപിപ്പിച്ചുവെങ്കില്‍ തെറ്റ് ആരുടെ ഭാഗത്താണെന്ന് സ്വയം കണ്ടെത്തലത്രേ ഉചിതം. ദേശീയ വികാരത്തെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും താക്കറെക്കുണ്ടായിരുന്ന നിലപാടുകളെ അതിന്റെ കാതല്‍ കണ്ടെത്തി കറ തീര്‍ക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്കു കഴിഞ്ഞിരുന്നു എന്ന കാര്യം മറന്നു പോവുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. താക്കറെയുടെ ഹൃദയം ഭാരതത്തിനുവേണ്ടി തുടിച്ചു. അവിടെ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ കരുതിവെപ്പുകള്‍ ഉണ്ടായിരുന്നു. അക്ഷോഭ്യനായിരുന്നു കൊണ്ട് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. പ്രലോഭനത്തിന്റെ പഞ്ചസാരമിഠായികള്ക്കുള്ളില് കന്മഷമില്ലായിരുന്നു. പക്ഷേ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ സ്വത്വത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മാധ്യമങ്ങളും തയ്യാറായില്ല എന്ന ദു:ഖസത്യം നിലനില്ക്കുന്നു.
ഇത്തവണത്തെ ഇന്‍ഡ്യാ ടുഡെ (ഡിസം.5) ആറുപേജ് അദ്ദേഹത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്നു. ശിവസേന താക്കറെയ്ക്കു ശേഷം എന്ന കൃതി കിരണ്‍ താരെ, രാഹുല്‍ ജയറാം എന്ന കൂട്ടുസംഘത്തിന്റേതാണ്. ഉധവിനും രാജിനുമിടയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലം പറഞ്ഞുകൊണ്ട് ശിവസേനയുടെ ഭാവി എന്താണെന്നു വിശകലനിക്കുകയാണ്. മുന്‍വിധിയുടെ മുനയുള്ള തൂലികയില്‍ നിന്ന് അധികം പ്രതീക്ഷിക്കേണ്ട എന്നതത്രേ വസ്തുത. ഒപ്പം ഭയത്തിന്റെ വിളവെടുപ്പുകാരന്‍ എന്നൊരു കുറിപ്പുമുണ്ട്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫസറായ ദീപാങ്കുര്‍ ഗുപ്തയുടേതാണിത്. ഒടുവില്‍ പ്രൊഫസര്‍ ഇതാ ഇങ്ങനെ കണ്ടെത്തുന്നു: ശിവസേനയുടെ ആ പഴയ പ്രേരകശക്തി എന്നോ പോയി. ഈ നഗരത്തിന് ഇപ്പോള്‍ വ്യക്തമായും മറാത്തിമുഖവും രീതിയുമാണ്. തങ്ങളുടെ രക്ഷിതാക്കള്‍ അനുഭവിച്ച ആകുലതകള്‍ അനുഭവിക്കാത്ത ഒരു മുഴു മഹാരാഷ്ട്രിയന്‍ തലമുറ വളര്‍ന്നു വന്നു. പഴയ ആകുലതകള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ താക്കറെക്കു ഒരു സ്ഥാനവും ഇല്ലെന്ന് പ്രൊഫസര്‍ പറയുന്നില്ല. പക്ഷേ, അതിലും വിഷം ചേര്‍ത്തേ പറയൂ എന്നു മാത്രം. നട്ടെല്ലുള്ള ജാനസ്സില്പെട്ട താക്കറയെ അതില്ലാത്തവര്‍ക്ക് എന്തും പറയാം; ഏതു വേഷവും അണിയിക്കാം. അതവരുടെ ഇഷ്ടം. അത്തരം ഇഷ്ടങ്ങള്‍ എപ്പോഴും വകവെച്ചു തന്നുകൊള്ളണമെന്ന് ശഠിക്കരുത് എന്നു മാത്രം.
രാഹുലിന്റെ കൈകളില്‍ കോണ്‍ഗ്രസ് സുരക്ഷിതമാവണമെന്ന് ആഗ്രഹിക്കുന്ന ഇന്‍ഡ്യ ടുഡെ കവര്‍ക്കഥയും അതിനുവേണ്ടി രചിച്ചിരിക്കുന്നു. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയുമോ? എന്ന ചോദ്യം എറിഞ്ഞിട്ടുണ്ടെങ്കിലും ഉള്ളിലിരിപ്പ് വ്യക്തം. പ്രിയാസഹ്ഗല് നന്നായി എഴുതിയ സാധനം മലയാളത്തില്‍ തറയാക്കിയിട്ടുണ്ട്. മൊഴിമാറ്റക്കാര്‍ ഇനിയും ഹോം വര്‍ക്കുകള്‍ ചെയ്തുകൊണ്ടേയിരിക്കണം.
താക്കറെയുടെ രണോത്സുക രാഷ്ട്രീയത്തെക്കുറിച്ച് കെ. ഹരിദാസന്റെ രചനയുള്ളത് മലയാളത്തി(നവം.30)ലാണ്. ഇന്ഡ്യാടുഡെയില് നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇതും. താക്കറെയെ തള്ളണോ കൊള്ളണോ എന്നു നിശ്ചയിക്കാന്‍ പോലും കഴിവില്ലാത്തവരുടെ കൂട്ടത്തില്‍ ഹരിദാസനെയും പെടുത്താം. മുംബെയില്‍ താക്കറെയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ഒഴുകിയെത്തിയ ജനസഞ്ചയം അദ്ദേഹത്തെയും ആശ്ചര്യപ്പെടുത്തിയിരിക്കുന്നു. അത് രചനകളിലങ്ങിങ്ങോളം നിഴലിക്കുന്നുണ്ട്. ഒടുവില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ടിയാന് എഴുതിത്തീര്‍ക്കുന്നത് ഇങ്ങനെ: മഹാരാഷ്ട്രക്കാരായ അതിപ്രശസ്തരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പലരും-എസ്.എ. ഡാങ്കെയും ബി.ടി. രണദിവെയും ജി. അധികാരിയും അഹല്യാരങ്കനേക്കറും അടക്കം-അന്തരിച്ചപ്പോള്‍ മുംബൈ നഗരം അവരുടെ മരണവാര്‍ത്തകള്‍ അറിഞ്ഞിരുന്നുവോ എന്നുപോലും സംശയമാണ്. അവരില്‍ പലരും അധികാരത്തിന്റെ അടുത്തെങ്ങും എത്തിയവരായിരുന്നില്ല.
ജനസേവനത്തിന്റെ മുഖമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ആദേശം ചെയ്ത് വളര്‍ന്നുവന്ന ശിവസേനാ നേതാവിന്റെ അന്ത്യോപചാരത്തില് തടിച്ചുകൂടിയ ജനാവലി, തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായിരുന്ന നഗരത്തിന്റെ ഗതിമാറ്റങ്ങളുടെ സാക്ഷ്യമായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. രണോത്സുക രാഷ്ട്രീയത്തിന്റെ വഴിത്തിരിവ് അന്വേഷിച്ച് നടക്കുന്ന ശിവദാസാ ഇക്കണ്ടതൊന്നുമൊന്നുമല്ല മന്നവാ എന്നു പറയാന്‍ തോന്നുന്നു.
പിപ്പിലിയോ ബുദ്ധ എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തി ചില നിരീക്ഷണങ്ങള്‍ക്ക് തുനിയുന്നു ഡോ. ടി.ടി. ശ്രീകുമാര്‍. ബുദ്ധശലഭവും ബുദ്ധദര്‍ശനവും എന്ന അദ്ദേഹത്തിന്റെ എഴുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പി(ഡിസം2-8)ല്‍. ദളിത് മുന്നേറ്റവും അതിന്റെ അടിസ്ഥാന ചിന്താധാരകളും അട്ടിമറിക്കാന്‍ എന്നും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉണ്ടായിരുന്നുവെന്നും അവരും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കൂടി ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നുവെന്നും ശ്രീകുമാര്‍ കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അപ്പുറത്തു നിന്നുകൊണ്ട് സിനിമയെ കണ്ടെങ്കിലേ ഇതിന്റെ ഉള്ളുകള്ളി തിരിച്ചറിയാനാവൂ. അതിന് അവസരമുണ്ടാകാത്തിടത്തോളം അതങ്ങനെ തൊണ്ടയില്‍ തറച്ച മുള്ളായി അവശേഷിക്കും. ജയന് ചെറിയാന്റെ ഈ സിനിമ സമൂഹത്തിന്റെ ഉള്‍ക്കാഴ്ചയെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്ന് ശ്രീകുമാര്‍ പറയുന്നുണ്ട്. അതൊക്കെ അങ്ങനെത്തന്നെയോ എന്ന് അറിയണമെങ്കില്‍ എന്താണ് വഴിയെന്നാണ് നമുക്കു ചോദിക്കാനുള്ളത് ബുദ്ധപ്രതിമകളെ ഇപ്പോഴും ഭയക്കുന്നതാരൊക്കെ? എന്നൊരു പഠനവും ഒപ്പം കൊടുത്തിട്ടുണ്ട്. ഡോ. അഞ്ജു കെ. നാരായണനും ഡോ. അജയ്ശേഖറും ചേര്ന്നെഴുതിയതാണിത്. ബുദ്ധസങ്കല്പ്പത്തിനെതിരുനില്ക്കുന്ന സമുദായത്തെ വരച്ചു കാട്ടുന്നതില്‍ വിജയിക്കുമ്പോള്‍ ബൗദ്ധദര്‍ശനങ്ങളുടെ ഉള്ളുറപ്പിന് കേടുപാടുണ്ടാകുന്നു എന്ന കാര്യം ഇരുവരും മറന്നുപോവുന്നു.
ഭാഷ മരിക്കുന്നു എന്ന നിലവിളി ഉയരുമ്പോള്‍ ഇന്റര്‍നെറ്റില്‍ മലയാളം വളരുകയാണെന്ന് പറയുന്നു മാധ്യമം ആഴ്ചപ്പതി (ഡിസം.3)പ്പ്. അവരുടെ ഈയാഴ്ചത്തെ കവര്ക്കഥയാണത്. അനിവര്‍ അരവിന്ദ്, സന്തോഷ് തോട്ടിങ്ങല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: ഇത് സൈബര്‍ ലോകം: ഇവിടെ മാത്രം ഭാഷ വളരുകയാണ്. സാങ്കേതികമായി വളരെ സങ്കീര്‍ണമാണ് മലയാള ഭാഷ. മറ്റു ഭാരതീയ ഭാഷകളുടെയും സ്ഥിതി അതുതന്നെ. സങ്കീര്‍ണമായ ലിപികള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവയൊക്കെ ചിത്രീകരിക്കുന്നതില്‍ നിരവധി പിഴവുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളില് ഉണ്ടായിരുന്നു. ഇവയെല്ലാം തന്നെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകരുടെ സാങ്കേതിക മികവിനുമുന്നില്‍ കീഴടങ്ങിയെന്നാണ് ഇരുവരും പറയുന്നത്. അതുകൊണ്ടാവാം ഇന്റര്‍നെറ്റില്‍ മലയാണ്മ പാറിക്കളിക്കുന്നത്. ഭാഷയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള അച്ചടക്കം പാലിക്കുന്നതോടൊപ്പം കാര്‍ക്കശ്യത്തിന്റെ വ്യാകരണഭാഷ ലളിതമാക്കാനുള്ള സ്നേഹ സമീപനവും വേണ്ടിവരും. മലയാളം മരിക്കുന്നു എന്നു കൂവിയാര്ക്കുന്നതില് അര്‍ത്ഥമില്ലെന്ന് നമുക്കിപ്പോള്‍ മനസ്സിലാവുന്നു. മലയാളത്തിനോട് സ്നേഹമുള്ളവര് ആ ഭാഷയെ ഏതു തലത്തിലും എത്തിക്കും. സാങ്കേതികത്തികവെങ്കില് അങ്ങനെ, നാട്ടുശീലമെങ്കില് അങ്ങനെയും. കേരളപ്പിറവിക്കും വിദ്യാരംഭത്തിനും മാത്രം മലയാണ്മയെ ഓര്ക്കുന്നവര്ക്കുള്ളതല്ല ഈ ലേഖനം എന്നുകൂടി ഇതിനൊപ്പം അറിയുക.
വേണുക്കുട്ടന്‍നായര്‍ എന്ന നാടകാചാര്യന് വിടവാങ്ങി. അഭിനയത്തിന്റെ മറുകരകണ്ട ആ പ്രതിഭ ജീവിതത്തില്‍ പക്ഷേ, ചിറകറ്റു വീണു. സാംസ്കാരിക കേരളം എന്ന വര്ണമേലാപ്പിന് കീഴെ തരിമ്പും മനുഷ്യത്വമില്ലെന്ന് തെളിയിക്കുന്നതായി അദ്ദേഹത്തോടുള്ള പെരുമാറ്റം. അവസാനകാലത്ത് മരുന്നിനും ഭക്ഷണത്തിനും വേണ്ടി യാചിക്കേണ്ട അവസ്ഥ പോലും അദ്ദേഹത്തിനുണ്ടായി. അധികാരകേന്ദ്രങ്ങളുടെ ഉമ്മറക്കോലായകളില്‍ അരപ്പായ കടലാസുമായി അദ്ദേഹത്തിന്റെ ഭാര്യ ഔദാര്യത്തിന് കാത്തുനിന്നു. നിര്‍ദ്ദയമായ നിലപാടാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടായത്. ഒടുവില്‍ സംസ്കാരത്തിന് പോലും ഔദ്യോഗിക ബഹുമതിയെന്ന വഴിപാടുണ്ടായില്ല. ഈ മഹാനാടകവേദിയില് അഭിനയിച്ചു തീര്‍ത്തതത്രയും ജീവിതം എന്ന് അദ്ദേഹത്തിന്റെ ആത്മാവിന് ആശ്വസിക്കാം. ഇദം ഭസ്മാന്തം ശരീരം.
തൊട്ടുകൂട്ടാന്‍
കൈയെത്തില്ല കണ്ണെത്തില്ല
ഏന്തിനോക്കാന്‍ ഏണിയില്ല
ഇനി തുണിയഴിയ്ക്കാം.
ആര്യ.എ.ടി.
കവിത: മതില്
മാധ്യമം ആഴ്ചപ്പതിപ്പ് (ഡിസം.3)
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: