ന്യൂദല്‍ഹി: വധശിക്ഷ നിരോധിക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കേണ്ട ആവശ്യകതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. ഇന്ത്യന്എക്സ്പ്രസിന്റെ മറാത്തി പത്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള പ്രശ്സ്തരടങ്ങിയ 13-14 സംഘം സര്‍ക്കാരിനും രാഷ്ട്രപതിക്കും വധശിക്ഷ നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷ നിരോധിക്കണം പകരം ഇവര്‍ക്ക് പരോള്‍ അനുവദിക്കാതെ ആജീവനാന്ത കാലം ജയിലില്‍ ഇടണമെന്നാണ് ഇവരുടെ ആവശ്യം. ജയിലില്‍ കഴിയുന്നവരോട് ക്രൂരത കാണിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിന്റെ കാര്യത്തില്‍ ക്രൂരത എന്നുള്ള പ്രശ്നം കടന്നുവരുന്നില്ല. മുംബൈയില്‍ കടന്നുകയറി നിരപരാധികളായ 166പേരെ കൊന്നൊടുക്കിയ ഭീകരനാണ് കസബ്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും ഇതിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ അത് വായിച്ചുപോലും നോക്കിയിട്ടില്ല. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയുള്ളുവെന്നും ഷിന്‍ഡെ പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അന്താരാഷ്ട്ര സമൂഹം ഉള്‍പ്പെടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധി കത്തുകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. വളരെയധികം ആലോചിച്ച് ചെയ്യേണ്ട ഒരു പ്രക്രിയയാണ് ഇതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷ നിര്‍ത്തലാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പൊതസഭ മുന്നോട്ടുവെച്ച മൊറോട്ടോറിയത്തിനെതിരെ ഇന്ത്യ കഴിഞ്ഞയാഴ്ച്ച വോട്ട് ചെയ്തിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളാണ് പ്രമേയത്തിനെതിരായി വോട്ട് ചെയ്തത്. ഇതിന് തൊട്ടടുത്ത ദിവസമാണ് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: