“എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. മരണമെന്ന് നമ്മള് പറയുന്ന പ്രതിഭാസത്തിനപ്പുറം ചിലത് അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് മരണാനന്തര ജീവിതത്തെ അനാവരണം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു”. തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ രചിച്ച തന്റെ ആത്മകഥയില്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ കുറിച്ചതാണ് ഈ വരികള്‍. പക്ഷേ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ നിരാശയോടെ അദ്ദേഹം പറഞ്ഞു- ഇല്ല, എനിക്കതിന് കഴിഞ്ഞില്ല. അതിന് പ്രത്യേക കഴിവുണ്ടാകണം, ആ കഴിവെനിക്ക് ലഭിച്ചില്ല. എല്ലാവര്ക്കും അതിനാകില്ല, അതിന് യോഗ്യതയുണ്ടാകണം, പക്ഷേ വിശ്വാസത്തില്‍ അണുവിട മാറ്റമില്ല. മരണത്തിന് ശേഷമൊരു ജീവിതമുണ്ട്. മറ്റൊരു ദേഹത്തിലേക്ക് കടക്കാന്‍ ദേഹി കാത്തിരിക്കുന്ന ഇടവേള. ചിലപ്പോള്‍ കുറച്ചുനാളത്തെ കാത്തിരിപ്പ്, മറ്റ് ചിലപ്പോള്‍ അത് അനന്തമാകും. ഈ ഇടവേളയില്‍ പൂര്വജന്മബന്ധിതനായ ആത്മാവുണ്ട്, ഭൂമിയിലെ സുന്ദര നാളുകളും പ്രിയപ്പെട്ടവരെയുമോര്ത്ത്….
നീതിയുടെ പ്രകാശഗോപുരമെന്ന് വാഴ്ത്തപ്പെടുന്ന ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ വാക്കുകള്‍ക്ക് എന്നും വിലയുണ്ട്. ചരിത്രത്തില്‍ ഇടംപിടിച്ച വിധിന്യായങ്ങളും പ്രസ്താവനകളും ഇടപെടലുകളും എത്രയോ വേറെ. പ്രായാധിക്യവും ഓര്‍മക്കുറവും അലട്ടുന്ന തൊണ്ണൂറ്റിയെട്ടിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സമൂഹം കാതോര്‍ക്കുന്നു. അത് ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ മരണാനന്തര ജീവിതത്തെക്കുറിച്ചും മീഡിയേറ്റര്‍ വഴി പരേതാത്മാക്കളുമായി സംവദിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു. ചിലര്‍ പരിഹസിച്ചു. മാനസിക വിഭ്രാന്തിയെന്ന് വിധിയെഴുതി ഭൂരിപക്ഷവും ആ നിരീക്ഷണം തള്ളിക്കളഞ്ഞു. തന്റെ നിരീക്ഷണങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ ആരുമെടുത്തില്ലെന്ന് നിരാശയോടെ പറയുന്നു ഇപ്പോഴും ജസ്റ്റിസ് കൃഷ്ണയ്യര്‍. എങ്കിലും സംശയമില്ലാതെ അദ്ദേഹം ആവര്‍ത്തിക്കുന്നു- ആത്മാവുണ്ട്, അവരുമായി സംവദിക്കാന്‍ കഴിയുന്നവരുമുണ്ട്. മരണത്തിന് ശേഷമുള്ള ജീവിതം നിശ്ചലമല്ല.
മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വാദത്തെ എതിര്‍ത്തവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടിയായി മുമ്പ് അദ്ദേഹം കുറിച്ചു; കനത്ത ആഘാതമേല്‍പ്പിക്കുന്ന ചില ഉദാഹരണങ്ങള്കൊണ്ട് മാത്രമേ മരണാനന്തര ജീവിതമെന്ന പ്രശ്നം പരിഹൃതമാകുകയുള്ളു. നിലവിലുള്ള ബൗദ്ധിക സാഹചര്യങ്ങളില്‍ അതിനെതിരായ കാറ്റ് ശക്തമാണ്. പ്രത്യക്ഷമായ തെളിവുകളെ സൃഷ്ടിക്കുന്നതിന് അനുകൂലമായ പരിതസ്ഥിതി സൃഷ്ടിക്കപ്പെടുന്നില്ല.
ഏറെ സങ്കീര്‍ണമായ ഒരു വിഷയത്തോടുള്ള അഭിപ്രായ പ്രകടനം ആര് നടത്തിയാലും കണ്ണടച്ച് അംഗീകരിക്കപ്പെടില്ല. തനിക്ക് അനുഭവപ്പെട്ടത് അദ്ദേഹം പറയുന്നു, വിഡ്ഢിത്തരമെന്ന് തള്ളിക്കളയുകയോ ആയിരങ്ങളില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ആത്മീയമായ അനുഭവമെന്ന് അംഗീകരിക്കുകയോ ആവാം.
തൊണ്ണൂറ്റിയെട്ടാം പിറന്നാള്‍ പിന്നിടുമ്പോഴും താത്വികവും സാമൂഹികവുമായ നിലപാടുകളിലും ഇടപെടലിലും അല്‍പ്പംപോലും മാറ്റമില്ല എന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യരെ ഇത്രമേല്‍ ജനപ്രിയനാക്കുന്നത്. വിലങ്ങുകളെയും വധശിക്ഷയേയും എതിര്‍ത്ത പഴയ സുപ്രീംകോടതി ജഡ്ജിക്ക് ഓര്‍മകളില്‍ ക്ലാവ് പിടിക്കുമ്പോഴും പക്ഷേ നിലപാടുകളില്‍ മാറ്റമില്ല.
സാമൂഹിക അസമത്വങ്ങളില്‍ എന്നും വേദനിച്ചിരുന്ന കൃഷ്ണയ്യര്‍ക്ക് പക്ഷേ വിശ്വാസമില്ല, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അവസാനിക്കുന്ന ഒരു കാലം വരുമെന്ന്. “മുതലാളിത്തം അത്രമേല്‍ വേരുറച്ചുപോയി, ലോകത്ത് എല്ലാ ദിക്കിലും അതുണ്ട്. മുതലാളിത്തം നില നില്ക്കുന്നിടത്തോളം കാലം അസമത്വം അവസാനിക്കില്ല. സമത്വസുന്ദരമായ ഒരു നാട് മനോഹരമായ ഒരു സങ്കല്‍പ്പം മാത്രമാണ്”-കൃഷ്ണയ്യര്‍ക്ക് സംശയമൊന്നുമില്ല.
മനസ്സിനെ നിയന്ത്രിക്കാന്‍ അതീന്ദ്രിയധ്യാനം ശീലിച്ച കൃഷ്ണയ്യര്‍ക്ക് ആത്മീയതയുടെ നിസ്സംഗത സാമൂഹിക പ്രശ്നങ്ങളില്‍ പുലര്‍ത്താനാകില്ല. അദ്ദേഹം പറയുന്നു- എന്റെ തത്വത്തിന് വിരോധമായി ഭാരതത്തിന്റെ പുരോഗതിക്ക് തടസ്സമുണ്ടാക്കുന്നവിധം അപകടകരമായി പ്രശ്നങ്ങള്‍ വളരുമ്പോള്‍ നിശ്ചയമായും }ഞാനതിനെ എതിര്‍ക്കും. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കാനും എതിര്‍പ്പ് പ്രകടിപ്പിക്കാനും എനിക്ക് മടിയില്ല. മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് പലരും എന്നെ ഉപദേശിക്കാറുണ്ട്. വെറുതെ വയസുകാലത്ത് കുഴപ്പമുണ്ടാക്കണോ എന്നും ചോദിക്കാറുണ്ട്. വയസുകാലം ആരോഗ്യത്തിന് നല്ലതല്ല. എങ്കിലും പ്രതിഷേധിക്കേണ്ട വിഷയങ്ങളില്‍ പ്രതിഷേധിക്കുകതന്നെ വേണം. എന്നെ സ്പര്‍ശിക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരിക്കും. ആ സ്വഭാവം ഒരുപാട് ശത്രുക്കളെ സമ്മാനിച്ചു, അത് ഞാന്‍ കൂട്ടാക്കുന്നില്ല. കാരണം സത്യത്തെയാണ് ഞാന്‍ അംഗീകരിക്കുന്നത്. പറയേണ്ടത് പറയും.
എല്ലാ വിഷയത്തിലുമുണ്ട് കൃഷ്ണയ്യര്‍ക്ക് ഇപ്പോഴും വ്യക്തമായ അഭിപ്രായം. അണ്ണ ഹസാരെയുടെ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കൃഷ്ണയ്യര്‍ മങ്ങിത്തുടങ്ങിയ ഓര്മ കള്‍ക്കിടയില്‍നിന്ന് പറയുന്നു “അദ്ദേഹത്തെ ഇപ്പോള്‍ കാണാനില്ലല്ലോ”. ഹസാരെ അനുയായി അരവിന്ദ് കേജ്രിവാളിന്റെ നീക്കത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതികരണമിങ്ങനെ- ധീരതയെ അംഗീകരിക്കുന്നു. ധീരന്മാരുണ്ടാകണം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ തത്വശാസ്ത്രത്തോടല്ല എനിക്ക് യോജിപ്പ്. അദ്ദേഹത്തിന്റെ ചില നിലപാടുകളോടാണ് യോജിക്കുന്നത്. മോഡി ചെയ്ത നല്ല കാര്യങ്ങളോട് യോജിച്ച് അദ്ദേഹത്തിന് ഞാന്‍ കത്തെഴുതിയിരുന്നു. അതില്‍ പലര്‍ക്കും എന്നോട് വിയോജിപ്പുണ്ട്.
ടാഗോറിനെയും മഹര്‍ഷി അരവിന്ദോയേയും കൂട്ടുപിടിച്ചാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ പലപ്പോഴും ജീവിത നിരീക്ഷണങ്ങള്‍ നടത്തുന്നത്. വേഡ്സ് വര്‍ത്ത്, ഓസ്ക്കര്‍ വൈല്‍ഡ്, വാള്‍ട്ട് വിറ്റ്മാന്, ടി എസ് ജോണ്‍സ് തുടങ്ങിയവരുടെ വരികള്‍ ആത്മകഥയില്‍ പലയിടത്തും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ ആശ്രയിക്കുന്ന മതഗ്രന്ഥങ്ങള്‍ എവിടെയും പരാമര്‍ശിക്കപ്പെടുന്നുമില്ല. അതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമിങ്ങനെ- “ഈശ്വരന് എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നു, പക്ഷേ മതഗ്രന്ഥങ്ങളോട് പരിധിയില്‍ കവിഞ്ഞ പ്രതിബദ്ധതയില്ല. ശരികള്‍ ഒരുപാടുണ്ടായിരിക്കാം, എന്നാല്‍ തെറ്റുകളും കുറവല്ല. സൃഷ്ടി നടക്കുന്നത് ഈശ്വരനില്‍നിന്നാണ്. ലോകത്ത് എന്ത് നടന്നാലും അതില്‍ ഈശ്വരന്റെ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു”.
സാമൂഹികപ്രശ്നങ്ങളില്‍ സജീവമായിത്തുടരുമ്പോഴും പ്രിയപത്നി ശാരദ കൃഷ്ണയ്യരുടെ വിയോഗത്തെക്കുറിച്ച് എന്നും വേദനയോടെ ഓര്‍ക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍. ‘പ്രിയപ്പെട്ടവള്‍ വിട പറഞ്ഞപ്പോള്‍ തത്വശാസ്ത്രം പരാജയപ്പെട്ടു’ എന്നാണ് അവരുടെ മരണത്തെക്കുറിച്ച് അദ്ദേഹം കുറിച്ചത്. ഇതുപോലൊരു ദാമ്പത്യ സങ്കല്‍പ്പം മറ്റാരും അവകാശപ്പെടുകയോ പറഞ്ഞുകേള്‍ക്കുകയോ ചെയ്യുന്നില്ലല്ലോ എന്ന ചോദ്യത്തിന് അതെനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ അങ്ങനെയായിരുന്നു എന്ന് അഭിമാനത്തോടെ ഉത്തരം നല്കി അദ്ദേഹം.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒരു യുവാവിന്റെ ഊര്‍ജ്ജസ്വലതയോടെ ഓടിനടന്ന കൃഷ്ണയ്യര്‍ ഇപ്പോള്‍ വാര്‍ദ്ധക്യത്തെക്കുറിച്ച് ആശങ്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. “കണ്ടില്ലേ കാഴ്ച കുറഞ്ഞു. കേള്‍വിശക്തിയും കുറവാണ്. കിടപ്പ് തന്നെയാണ് ആശ്വാസം” അദ്ദേഹം പറഞ്ഞു.
രണ്ട് പുത്രന്മാരാണ് ജസ്റ്റിസ് കൃഷ്ണയ്യര്ക്കുള്ളത്. മൂത്ത മകന് രമേഷ് കുടുംബത്തോടൊപ്പം അമേരിക്കയില്‍. രണ്ടാമന് പരമേഷും കുടുംബവും ചെന്നൈയില്‍. മക്കള്‍ അടുത്തില്ലാത്തതിന്റെ ഏകാന്തത പക്ഷേ കൃഷ്ണയ്യര്‍ക്കില്ല. എന്നും സന്ദര്‍ശകര്‍, പരിപാടികള്‍. 98 ലും തിരക്കിന് ഒട്ടും കുറവില്ല. സ്വകാര്യത എന്നൊന്ന് തനിക്കില്ല എല്ലാം സുതാര്യമാണെന്ന് ചിരിയോടെ പറയുന്നു അദ്ദേഹം, നോക്കൂ ഈ വീട് പോലും. ആര്‍ക്കും വരാം, പോകാം. കൊച്ചിയിലെ സദ്ഗമയ എന്ന വീട്ടില്‍ കൃഷ്ണയ്യര്‍ സന്തുഷ്ടനാണ്. കഴിയുന്ന കാലത്തോളം സാമൂഹികപ്രശ്നങ്ങളില്‍ ഇടപെട്ട് ജീവിക്കണമെന്നാണ് ആഗ്രഹം.
മദ്രാസ് നിയമസഭാംഗം, കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം, കേന്ദ്രമന്ത്രി, സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജി എന്നതിനൊക്കെ അപ്പുറം മനുഷ്യസ്നേഹിയെന്നും അദ്ദേഹം അറിയപ്പെട്ടു. ഏഴ് വര്‍ഷംകൊണ്ട് നാനൂറിലധികം കേസുകളില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിയാണ് താനെന്ന് അഭിമാനത്തോടെ അയ്യര്‍ പറഞ്ഞിട്ടുണ്ട്. ഏഴ് വര്‍ഷംകൊണ്ട് ഒരു കേസ് പോലും പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാത്ത ജഡ്ജിമാരുള്ള സുപ്രീംകോടതിയില്‍ തനിക്ക് കഴിഞ്ഞത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിമാനിക്കുന്നു.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ പുറപ്പെടുവിച്ച വിധി ചരിത്രത്തില്‍ ഇടം നേടിയത് ഇന്നും ചര്‍ച്ചാവിഷയമാണ്. കോടതി എന്ത് നിലപാടെടുക്കുമെന്ന് ലോകം മുഴുവന്‍ കാതോര്ത്തിരിക്കുമ്പോള് ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്ന മലയാളി വിധിയെഴുതി – ഇന്ദിരയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കുന്നു, പക്ഷേ പ്രധാനമന്ത്രിയായി അവര്‍ക്ക് തുടരാം. അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാന്‍ ഇന്ദിരക്ക് വഴി തെളിയിച്ച വിധിയെന്ന് ഇത് വിമര്‍ശിക്കപ്പെട്ടു. ഇതിനെക്കാള്‍ ന്യായമായ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഒരു ന്യായാധിപനും കഴിയില്ലെന്ന് വിധിയറിഞ്ഞ ഇന്ദിര പ്രതികരിച്ചു.
ജഡ്ജിമാര്‍ അതീന്ദ്രിയധ്യാനം പരിശീലിക്കുന്നതിനെക്കുറിച്ച് കൃഷ്ണയ്യര്‍ പറഞ്ഞപ്പോള്‍ അതും കൗതുകമായി. ധ്യാനത്തിലൂടെ മനസ്സാന്നിധ്യവും വിവേചനാധികാരവും മെച്ചപ്പെടുകയും അതുവഴി സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജഡ്ജിമാര്‍ മാത്രമല്ല തടവുകാര്‍ക്കും കൊടുംകുറ്റവാളികള്‍ക്കും അതീന്ദ്രിയ ധ്യാനത്തില്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം വാദിച്ചു. സ്വഭാവ സംസ്ക്കരണത്തിനുള്ള ചികിത്സാപദ്ധതിയായാണ് കൃഷ്ണയ്യര്‍ അതീന്ദ്രിയ ധ്യാനത്തെ കണ്ടത്.
ജസ്റ്റിസ് കൃഷ്ണയ്യരുടെ കര്‍മമേഖലയിലേക്ക് കയറിച്ചെന്നാല്‍ ഇതുപോലെ പറയാന്‍ ഒരുപാടുണ്ടാകും. കടന്നു ചെന്ന മേഖലകളിലെല്ലാം വെട്ടിത്തിളങ്ങിയ നക്ഷത്രമായിരുന്നിട്ടും പക്ഷേ, ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ വിശ്വസിക്കുന്നു, നക്ഷത്രങ്ങളുടെ പെരുമയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല ഒരു പുല്നാമ്പിന്റേതെന്ന്. കൃഷ്ണയ്യരുടെ ആത്മകഥക്ക് ആമുഖമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.സി. ലഹോട്ടി കുറിച്ചത് ഇങ്ങനെ – അദ്ദേഹം നല്ലൊരു മനുഷ്യനാണെന്ന വസ്തുതയെയാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കാള്‍ ഞാന്‍ വില മതിക്കുന്നത് – ശരിയാണ്, തിളങ്ങിനില്‍ക്കുന്ന നക്ഷത്രങ്ങളുടെ കണ്ണില്‍പ്പെടാത്ത പുല്നാമ്പുകളുടെ വേവലാതി ഏറ്റുവാങ്ങിയാണ് എല്ലാ ബഹുമതികള്ക്കുമപ്പുറം ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ എന്ന മനുഷ്യസ്നേഹി കൂടുതല്‍ ആരാധ്യനാകുന്നത്.
>> രതി എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: