ആ രാത്രിയില്‍ ആകാശത്ത് നിലാവുദിച്ചിരുന്നോ എന്നറിയില്ല. എന്നാല്‍ പാര്‍വണേന്ദു മുഖവുമായി നമ്മുടെ കൊച്ചുകേരളത്തില്‍ ഒരിടത്ത് മുന്നൂറോളം അംഗനമാര്‍ തിരുവാതിരപ്പാട്ടിനൊപ്പം ഒരൊറ്റ വേദിയില്‍ ചുവടുവച്ചപ്പോള്‍ ഒരു പുതിയ റെക്കോഡ് പിറക്കുകയായിരുന്നു. കേരളത്തിന്റെ തനത് നൃത്ത രൂപമായ തിരുവാതിരകളിക്ക് പുതിയൊരു മാനംകൂടി നല്‍കുകയായിരുന്നു ഇതിനെല്ലാം നേതൃത്വം നല്കിയ മാലതി ജി.മേനോന്.
കണ്ടു പരിചരിച്ചതില്‍നിന്നും തികച്ചും വ്യത്യസ്തമായി രൂപം നല്കിയ മറ്റൊന്നു കൂടിയാണ് ആ രാത്രിയില്‍ കലാകേരളത്തിനായി സമര്‍പ്പിച്ചത്, ‘പിന്നല് തിരുവാതിര’. 77 വയസ്സായെങ്കിലും പ്രായത്തെ വെല്ലുന്ന നിശ്ചയദാര്‍ഢ്യമാണ് പിന്നല് തിരുവാതിരയുടെ ആവിഷ്കാരത്തിന് പിന്നില്‍. കേവലം ഒരു റെക്കോഡ് ബുക്കില്‍ ഇടം നേടുക എന്നതിനപ്പുറം മറ്റൊരു ദൗത്യം കൂടിയാണ് ടീച്ചര്‍ നിര്‍വഹിച്ചുപോരുന്നത്.
തിരുവാതിര ഇന്ന് മലയാളിക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീലാണ്. അന്യം നിന്നുപോകുന്നുവെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും പ്രാധാന്യത്തിന് മങ്ങലേറ്റു എന്നത് വാസ്തവമാണ്. തിരുവാതിരകളിക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് മാലതി ടീച്ചര്‍ക്കുള്ളത്.
ഏതൊരു കലാരൂപത്തിലും എന്നതുപോലെ തിരുവാതിര കളിയിലും ഒരു വെറൈറ്റി കൊണ്ടുവരാന്‍ സാധിക്കുമെന്ന് പിന്നല് തിരുവാതിരയിലൂടെ ടീച്ചര്‍ തെളിയിച്ചു. നവംബര്‍ നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഒരു മണിക്കൂറില്‍ അധികം നീണ്ടുനിന്ന തിരുവാതിര കളിയുടെ മുഖ്യ ആകര്‍ഷണവും പിന്നല് തിരുവാതിരയായിരുന്നു. കയ്യും മെയ്യും മനവുമെല്ലാം ഒരേ താളത്തില്‍ ചലിച്ചെങ്കില്‍ മാത്രം വിജയകരമാകുമായിരുന്ന ഈ കളിയില്‍ ടീച്ചറിന്റെ പ്രിയശിഷ്യകള്‍ വിജയിച്ചുവെന്നുവേണം പറയാന്‍.
മാലതി ടീച്ചര്‍ നേതൃത്വം നല്കുന്ന പാര്‍വണേന്ദു സ്കൂള്‍ ഓഫ് തിരുവാതിരയാണ് ലിംക ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെ ജംബോ തിരുവാതിര അവതരിപ്പിച്ചത്. ഗണപതി സ്തുതിയോടെ ആരംഭിച്ച് സരസ്വതി സ്തുതി, രണ്ട് പൂപ്പാട്ട്, ഇരയിമ്മന്‍ തമ്പിയുടെ തിരുവാതിപ്പാട്ടുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ആസ്വാദകര്‍ക്ക് വേറിട്ടൊരനുഭവമാവുകയായിരുന്നു. പ്രിയ, ജയലക്ഷ്മി, ലക്ഷ്മി മേനോന് എന്നിവരായിരുന്നു പാട്ടുകള്‍ ആലപിച്ചത്.
തന്റെ സ്ഥിരം ശിഷ്യകള്‍ക്കുമാത്രമേ പിന്നല് തിരുവാതിര ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കൂവെന്ന് ടീച്ചര്‍ പറയുന്നു. എട്ട് പേരാണ് വേദിയില്‍ ഇത് അവതരിപ്പിച്ചത്. സ്വന്തമായി ചിട്ടപ്പെടുത്തിയതെങ്കിലും ഇതിന് പ്രചോദനമായത് തമിഴ്നാട്ടിലെ ഗ്രാമീണ നൃത്തരൂപമായ പിന്നല് കോലാട്ടമാണ്. ഭഗവാന് കൃഷ്ണന്റെ ലീലകളാണ് ഇതിവൃത്തമായി മാലതി ടീച്ചര്‍ തെരഞ്ഞെടുത്തത്. കെട്ടുന്നതും അഴിക്കുന്നതുമായി രണ്ട് ഭാഗങ്ങളായിട്ടാണ് ഈ തിരുവാതിര രംഗത്ത് അവതരിപ്പിക്കുന്നത്.
വൃന്ദാരണ്യത്തില്‍……എന്ന് തുടങ്ങുന്നു കെട്ടുന്ന പാട്ട്. ഇതില്‍ ശ്രീകൃഷ്ണന് ഗോപികമാരോടൊത്ത് ആടിപ്പാടുന്ന കഥപറയുന്നു. നീലാരവിന്ദാക്ഷിമാര്‍ ഗോപസ്ത്രീകള്‍ ആലോലം എണ്ണ തേച്ചു….എന്ന് തുടങ്ങുന്ന അഴിക്കുന്ന പാട്ടില്‍ ഗോപികമാരുടെ വസ്ത്രവുമെടുത്ത് മറഞ്ഞിരിക്കുന്ന കൃഷ്ണനെയാണ് വര്‍ണിച്ചിരിക്കുന്നത്. ഈ പാട്ടെല്ലാം പകര്‍ന്നു നല്‍കിയത് അമ്മ കാര്‍ത്ത്യായനി അമ്മയില്‍ നിന്നാണെന്ന് ടീച്ചര്‍ പറയുന്നു.
വിവിധ വര്‍ണങ്ങളില്‍ കട്ടിയുള്ള എട്ട് ചരടുകളാണ് പിന്നല് തിരുവാതിരയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക രീതിയില്‍ മുകളില്‍ കെട്ടി താഴേയ്ക്കിട്ട് കളിക്കുന്ന എട്ട് പേരുടെയും കയ്യില്‍ ഓരോ ചരട് എന്ന വിധത്തിലാണ് ഇത് അവതരിപ്പിച്ചത്. പാടിക്കൊണ്ട് കെട്ടുകയും പാടിക്കൊണ്ട് അഴിക്കുകയും ചെയ്യുന്ന പിന്നല് തിരുവാതിരയുടെ സമയദൈര്‍ഘ്യം ഏകദേശം 10 മിനിട്ടായിരുന്നു. തലയ്ക്ക് മുകളില്‍ വരെ എന്നതാണ് ഈ ചരട് പിന്നുന്നതിന്റെ കണക്ക്. നാളുകള്‍ നീണ്ട പരിശീലനത്തിലൊടുവിലാണ് ആയിരങ്ങളെ സാക്ഷി നിര്‍ത്തി ടീച്ചറും സംഘവും ഇത് വേദിയില്‍ എത്തിച്ചത്. അല്ലാത്ത പക്ഷം ഒരാള്‍ക്കെങ്കിലും കെട്ടുന്നതില്‍ പാളിച്ച പറ്റിയാല്‍ തുടര്‍ന്ന് അഴിക്കുന്നതിലും പ്രയാസം നേരിടുമെന്നത് തന്നെ.
മറ്റൊരാളില്‍നിന്നാണ് പിന്നല് തിരുവാതിര സ്വായത്തമാക്കിയതെന്ന വിമര്‍ശനവും ഇടയ്ക്ക് തനിക്ക് നേരിടേണ്ടതായി വന്നുവെന്ന് ടീച്ചര്‍ ഓര്‍ക്കുന്നു. ചരട് എപ്രകാരം മുകളില്‍ കെട്ടണം എന്നത് കണ്ടുമനസ്സിലാക്കാന്‍ ഇരിങ്ങാലക്കുടയിലുള്ള നൃത്താധ്യാപിക നിര്‍മല പണിക്കരുടെ അടുത്ത് ഒരിക്കല്‍ പോയിരുന്നതായും ഇതാണ് ഇത്തരത്തിലൊരു വിമര്‍ശനത്തിന് ഇടയാക്കിയതെന്നും അവര്‍ പറയുന്നു. തേക്കിന് തടിയിലാണ് ചരട് ബന്ധിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. അന്നതിന്റെ ചിത്രം എടുത്തുകൊണ്ടുവന്ന് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു.
അടുത്ത വര്‍ഷം വിഷുവിനോടനുബന്ധിച്ച് 3000 പേരെ സംഘടിപ്പിച്ചുകൊണ്ട് കൂടുതല്‍ വിപുലമായ രീതിയില്‍ തുരുവാതിര അവതരിപ്പിക്കണമെന്നാണ് ടീച്ചറിന്റെ ആഗ്രഹം. ഇത്രയും പേരെ അണിനിരത്താന്‍ പറ്റുന്നവിധത്തില്‍ ഓപ്പണ്‍ ഗ്രൗണ്ട് കിട്ടേണ്ടതുണ്ട്. ഇതില്‍നിന്നും 30 പേരെ തെരഞ്ഞെടുത്ത് പത്ത് പേരടങ്ങുന്ന ഗ്രൂപ്പുണ്ടാക്കിയായിരിക്കും അന്ന് പിന്നല് തിരുവാതിര അവതരിപ്പിക്കുക. മൂന്ന് സെറ്റ് ചരടില്‍ ഒരേ പാട്ടിനൊപ്പിച്ച് അന്നവര്‍ ചുവടുവയ്ക്കും.
കഴിഞ്ഞ 50 വര്‍ഷമായി തിരുവാതിര കളിയില്‍ പരിശീലനം നല്കുന്ന മാലതി ടീച്ചര്‍ ഇതിനോടകം തന്നെ 2,000 ത്തില്‍ അധികം പേരിലേക്കാണ് ഈ മഹത്തായ കല പകര്ന്നുനല്കിയിരിക്കുന്നത്. ഹിന്ദി ടീച്ചറായിരുന്ന ഇവര്‍ 1993 ലാണ് വിരമിച്ചത്. വീട്ടമ്മമാരും കുട്ടികളുമെല്ലാമുള്‍പ്പെടുന്ന ശിഷ്യഗണം എല്ലാ വിധത്തിലുമുള്ള സഹായ സഹകരണവും ടീച്ചര്‍ക്ക് നല്കുന്നു. തിരുവാതിരപ്പാട്ടുകളുടെ ഗാനശേഖരവുമായി ആതിര തിരുവാതിര എന്ന പുസ്തകവും ആതിര കുളിര് നില എന്ന സിഡിയും പുറത്തിറക്കുകയുണ്ടായി. കേരളത്തിനുള്ളില്‍ മാത്രം തിരുവാതിര കളിയെ ഒതുക്കി നിര്‍ത്താതെ വിദേശത്തും അവതരിപ്പിക്കണമെന്ന മോഹമുണ്ടെങ്കിലും സ്പോണ്സര് ചെയ്യാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്ന പരിഭവവും മാലതി ടീച്ചര്‍ക്കുണ്ട്.
വയസ്സ് 77 ആയെങ്കിലും ഇടയ്ക്കയും കഥകളിയും ടീച്ചര്‍ അഭ്യസിക്കുന്നുണ്ട്. കലാമണ്ഡലം ഗോപിനാഥിന്റെ കീഴിലാണ് കഥകളി പരിശീലനം. പാഞ്ചാലിയായി ഗുരുവിനോടൊപ്പം ഗുരുവായൂരിലായിരുന്നു അരങ്ങേറ്റം. അടുത്തതായി പൂതനാമോക്ഷം രംഗത്ത് അവതരിപ്പിക്കാനുള്ള തീവ്ര പരിശീലനത്തിലാണിപ്പോള്‍. തൃപ്പൂണിത്തുറ കൃഷ്ണദാസാണ് ഇടയ്ക്കയില്‍ ടീച്ചറുടെ ഗുരു.
>> വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: