കഴിഞ്ഞ രണ്ടാഴ്ചകളിലായി ശരാശരി മലയാളിയെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങളാണ് മലയാളഭാഷയുടെ പേരില്‍ നമ്മുടെ സംസ്ഥാനത്തു നടന്നു വരുന്നത്. വിഷയം വിശ്വമലയാള മഹോത്സവം തന്നെ. വിവാദങ്ങളുടെ പരമ്പരകള്‍ തന്നെ സൃഷ്ടിച്ച് വിശ്വമലയാള മഹോത്സവം കൊടിയിറങ്ങി. ഇപ്പോള്‍ അവശേഷിക്കുന്നത് ആത്മാര്‍ത്ഥതയില്ലായ്മയുടെയും സ്വാര്ത്ഥതാല്പര്യങ്ങളുടെ ചീഞ്ഞളിഞ്ഞ ഗന്ധം മാത്രമാണ്. ഇത്രയും കൊട്ടി ഘോഷിച്ച് ഇങ്ങനെയൊരു പരിപാടി നടത്തിയത് എന്തിനെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെകുറ്റപ്പെടുത്താനാവില്ല. രോഗമില്ലാത്ത ആളിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ നടത്തിയ ചികിത്സ അയാളെ രോഗാതുരനാക്കിയതുപോലെയായി ഇപ്പോള്‍ മലയാളഭാഷയുടെ അവസ്ഥ. കേരളസാഹിത്യ അക്കാദമിയും സാംസ്കാരിക വകുപ്പും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പക്ഷേ നടത്തിപ്പില്‍ സാഹിത്യവും സംസ്കാരവും ഏഴയലത്തുപോലും എത്തിയില്ലെന്നു മാത്രം. മലയാളം ഉച്ചരിക്കുന്ന ആര്‍ക്കെങ്കിലും മലയാള സാഹിത്യ തറവാട്ടിലെ കാരണവരായിരുന്ന സി. വി. രാമന്‍പിള്ളയേയും, ശാസ്ത്രപ്രതിഭയായിരുന്ന സി. വി. രാമനേയും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയില്ലാതെ വരുമോ? സി. വി. രാമന്‍പിള്ളയുടെ പ്രതിമയ്ക്ക് പകരം സി. വി. രാമന്റെ പ്രതിമ സ്ഥാപിച്ചത് എങ്ങനെ മലയാളിക്ക് പൊറുക്കാനാകും. യുവാക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ യുവാവായ ചങ്ങമ്പുഴ എങ്ങനെ സംഘാടകര്‍ക്ക് വൃദ്ധനായി. അങ്ങനെ എന്തെല്ലാം.. സാമാന്യ ബുദ്ധിയും യുക്തിയും ഉള്ളവരാരും സംഘാടകരുടെ കൂട്ടത്തിലില്ലായിരുന്നു എന്നു വേണം കരുതാന്‍. അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടൊപ്പം ഓരോ മലയാളിയുടേയും ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന നമ്മുടെ മാതൃഭാഷയെ ഉദ്ധരിക്കാന്‍ ഇങ്ങനെയുള്ളവര്‍ മുന്നിട്ടിറങ്ങിയാല്‍ മലയാളത്തിന്റെ ഗതിയെന്താകും. വിശ്വസാഹിത്യകാരന്മാരുടെ നിരയിലുള്ള രണ്ടു ജ്ഞാനപീഠ ജേതാക്കള്‍ നോക്കുകുത്തികളായി ഇരിക്കേണ്ടിവന്ന അവസ്ഥ അന്വേഷിക്കേണ്ടതാണ്. എം. ടി വാസുദേവന്‍ നായരേയും, ഒ. എന്‍. വി. കുറുപ്പിനേയും മനഃപ്പൂര്‍വ്വം അധിക്ഷേപിക്കാനായിരുന്നോ ഇന്ത്യന്‍ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലേക്ക് വിളിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയക്കാര്‍ക്ക് സംസാരിക്കുവാന്‍ സമയം അനുവദിച്ചപ്പോള്‍ എന്തുകൊണ്ട് ഈ പ്രതിഭകളെ തഴഞ്ഞു. മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ വികസന സെമിനാറില്‍ സുഗതകുമാരി ടീച്ചറെ അദ്ധ്യക്ഷയാക്കിയ സംഘാടകര്‍ തന്നെ യാതൊരു ഉളുപ്പിമില്ലാതെ അവരെ ആസ്ഥാനത്തു നിന്നും മാറ്റിയത് മലയാളത്തെ സ്നേഹിക്കുന്നവര്‍ എങ്ങനെ പൊറുക്കും. രാജാവ് നഗ്നനാണെന്നു പറയുമോ എന്ന ശങ്കയല്ലേ ഇതിനു പിന്നിലുള്ളത്. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കറെങ്കിലും ഈ സമയം ഔചിത്യത്തോടെ പ്രതികരിച്ചതില്‍ ആശ്വാസം. നാളത്തെ കേരളം എങ്ങനെ എന്നതിന്റെ സൂചനയാണ് ഇതിന്റെ സംഘാടകര്‍ മലയാളികള്‍ക്ക് നല്‍കിയിരിക്കുന്നത്.
എന്തിനും ഏതിനും പുറംമോടി കാണിക്കുന്ന നാം തമിഴനെയും, കന്നടക്കാരനെയും, തെലുങ്കനെയും കണ്ടുപഠിക്കണം. അവര്‍ക്ക് അവരുടെ ഭാഷ മാതാവു തന്നെയാണ്. നമുക്കതു പുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്ന വെറും വാക്കും. നമുക്ക് ഒന്നിനോടും ഒരു മമതയില്ല. ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകില്ല. എന്തിനും ഏതിനും രോഷം കൊള്ളുന്ന ഗര്‍ജ്ജിക്കുന്ന സിംഹങ്ങളൊന്നും ഇതുവരെ ഉരിയാടികണ്ടിട്ടില്ല. വിശ്വമലയാളമഹോത്സവം എന്തുഗുണമാണ് നമ്മുടെ ഭാഷയ്ക്കു ചെയ്തത്. ആഘോഷത്തിനുവേണ്ടി മാത്രം ഉത്സവങ്ങള്‍ നടത്തുക. അതില്‍ നിന്നും നമുക്ക് എന്തുതടയും എന്നു നോക്കുക. അതിനു വേണ്ടി എത്ര പ്രഗത്ഭരായവരേയും നിന്ദിക്കുകയോ, പിന്തള്ളുകയോ ചെയ്യുക. മലയാളിയുടെ ഈ മനോഭാവമാണ് ഇവിടെയും നാം കണ്ടത്. ഒരു ഗുണമുണ്ടായി. ദിവസവും ആരോടെങ്കിലും മാപ്പു പറയേണ്ടി വന്ന കെ. സി. ജോസഫ് എന്ന മന്ത്രിയുടെ സംഘടനാപാടവം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. എന്തിനുവേണ്ടി ഇങ്ങനെയൊരു ഉത്സവം നടത്തി. ഇതിന്റെ സാമ്പത്തിക ലാഭം ആര്‍ക്കുണ്ടായി. മനഃപ്പൂര്‍വ്വം സമൂഹം ആരാധിക്കുന്നവരെ എന്തിനു മാനം കെടുത്തി.
മലയാളിയുടെ അന്തസ്സുയര്ത്തതാന് പ്രാപ്തമാകുമായിരുന്ന ഈ പരിപാടി എന്തിന് ഏതാനും പേര് കൈപിടിയിലൊതുക്കി. ഇതെല്ലാം അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു. മക്കളെ മുന്തിയ സ്കൂളുകളില്‍ ഇംഗ്ലീഷ് അഭ്യസിപ്പിക്കാത്ത എത്രപേര്‍ സംഘാടക സമിതിയിലുണ്ടായിരുന്നു എന്ന് അറിയാനുള്ള അവകാശം മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ഇവര്‍ മലയാള ഭാഷയെ രക്ഷിക്കാനല്ല, ഞെരിച്ചു കൊല്ലാനാണ് ശ്രമിക്കുന്നത്. മലയാളഭാഷയെ ഉദ്ധരിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ഈ ഭാഷയ്ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. കേരളം ഉള്ളിടത്തോളം തന്നെ ഈ ഭാഷയും നിലനില്ക്കും. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് ഒരപേക്ഷ.
>> പി. ജി. തുളസീധരക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: