മലയാള ഭാഷയ്ക്കും കലാസാംസ്കാരിക പാരമ്പര്യത്തിനും ലോകഭുപടത്തില്‍ അനശ്വരസ്ഥാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവം 30ന് തിരുവനന്തപുരത്ത് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ 30,31, നവംബര്‍ 1 തീയതികളില്‍ ഭാഷയും സാഹിത്യവും സംസ്കൃതിയും സംബന്ധിച്ച് നടക്കുന്ന സെമിനാറുകളും സമ്മേളനങ്ങളും കലാ-സാഹിത്യ-സാംസ്കാരിക പ്രതിഭകളുടെ സാന്നിധ്യകൊണ്ട് ശ്രദ്ധേയമാകും.
സെമിനാറുകള്‍, വിദേശത്തുനിന്നും ഇന്ത്യയില്‍നിന്നുമുള്ള അന്യഭാഷ എഴുത്തുകാരുമായുള്ള സംവാദം, കവിയരങ്ങ്, പുസ്തകപ്രദര്ശനം, കലാവിഷ്കാരങ്ങള്‍, ചിത്രരചനാമത്സരം, ആചാര്യപൂജ, ആദരസന്ധ്യ തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് നടത്തും.
ബുക്കര്‍ പ്രൈസ് ജേതാവും അഫ്രിക്കന്‍ നോവലിസ്റ്റുമായ ബെന്‍ ഒക്റി, ചൈനീസ് സാഹിത്യകാരിയായ ടിയാമിന്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന അന്തര്‍ദേശീയ സാഹിത്യസമ്മേളനം മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഭാരതീയഭാഷകളിലെ എഴുത്തുകാരുടെ സംഗമം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 31 ന് നടക്കും. തമിഴ് എഴുത്തുകാരനായ ഡോ. ഇന്ദിര പാര്‍ത്ഥസാരഥി, ഡോ. സിര്‍പ്പി ബാലസുബ്രഹ്മണ്യം ബംഗാളി എഴുത്തുകാരി ശര്‍മ്മിള റേ, മലയാളിയ ഇംഗ്ലീഷ് എഴുത്തുകാരി അനിതാനായര്‍, കന്നട എഴുത്തുകാരന് ഡോ.സിദ്ധലിംഗം എന്നിവര്‍ പങ്കെടുക്കും.
വിവിധ കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും സാംസ്കാരിക രംഗത്തുനിന്നുള്ള പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കുന്ന 16 സെമിനാറുകളാണ് നടക്കുക. എം.ടി.വാസുദേവന്‍നായര്‍, ഒ.എന്‍.വി.കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്, ടി.പദ്മനാഭന് തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാര് മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബര്‍ 31 ന് രാവിലെ മലയാളസാഹിത്യത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ആചാര്യന്മാര്ക്ക് പ്രണാമം അര്‍പ്പിക്കുന്ന ചടങ്ങില്‍ എം.ടി.വാസുദേവന്‍നായര്‍, ഒ.എന്‍.വി.കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്, ടി.പത്മനാഭന്, സുഗതകുമാരി, പി.ഗോവിന്ദപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന് എന്നിവരെ ആദരിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ പ്രവാസി എഴുത്തുകാര്‍ക്ക് പുറമേ കേന്ദ്രമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രി കെ.സി ജോസഫ് എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ 1 ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ‘നാളത്തെ കേരളം:വികസന കാഴ്ചപാട്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും സ്പീക്കര്‍ ജി.കാര്ത്തികേയന് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ വിഷയാവതരണം കേ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, മുന്കേന്ദ്രമന്തി ഒ.രാജഗോപാല്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, കെ.പി മോഹനന്, കെ.ബി ഗണേഷ് കുമാര്‍, ഷിബുബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവരും സി.പി.ഐ സംസ്ഥാ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്,മുന്‍മന്ത്രി എന്‍,കെ പ്രേമചന്ദ്രന്, എം.എല്‍.എ മാരായ മാത്യു ടി തോമസ്, തോമസ് ചാണ്ടി എന്നിവരും സി.പി ജോണ്‍ രാജന് ബാബു എന്നിവര്‍ വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഭാഷാ കമ്പ്യൂട്ടിംഗ് സെമിനാര്‍, കേന്ദ്ര മന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും.
കവിയും കവിതയും എന്ന സെമിനാറില്‍ പ്രമുഖരായ മലയാളകവികള്‍ സ്വന്തം രചനയ്ക്ക് പിന്നിലുള്ള പ്രചോദനവും രചനകളിലെ ആത്മകഥാംശവും ജനങ്ങളുമായി പങ്കുവെയ്ക്കും.
സുഗതകുമാരി, ബാലചന്ദ്രന് ചുള്ളിക്കാട് എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്, ചെമ്മനം ചാക്കോ എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.
പാരമ്പര്യസംസ്കൃതിയുടെ വിവിധമേഖലകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന രണ്ട് സമ്മേളനങ്ങള്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തവ്യക്തികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനങ്ങള്‍ ബി.ഇക്ബാല്‍, ഡോ.ജി.ബാലമോഹന് തമ്പി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ആര്. രാമചന്ദ്രന്‍നായരും തലേക്കുന്നില്‍ ബഷീറും അദ്ധ്യക്ഷത വഹിക്കും.
പുത്തന്മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മാധ്യമരംഗത്തെ പുത്തന്പ്രവണതകള് നവമാധ്യമങ്ങളുടെ പ്രാധാന്യം എന്നിവ ചര്‍ച്ചാവിഷയമാകും. പ്രമുഖ കഥാകൃത്തുക്കള്‍ പങ്കെടുക്കുന്ന കഥപറച്ചിലിന്റെ രസതന്ത്രം സെമിനാര്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ വി.ജെ.ടി.ഹാളില്‍ നടക്കും. സേതു, സക്കറിയ എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ജോര്‍ജ്ജ് ഓണക്കൂര്‍, കെ.എല്‍.മോഹനവര്‍മ്മ എന്നിവര്‍ അദ്ധ്യക്ഷതവഹിക്കും.മലയാളത്തിലെ യുവ എഴുത്തുകാരടക്കമുള്ളവരുടെ നിര സെമിനാറില്‍ പങ്കെടുക്കും. നാട്ടറിവുകള്‍ എന്ന പേരില്‍ കേരളീയ കലകളുടെ ദൃശ്യാവിഷ്കാരം നവംബര്‍ 1 ന് വൈകീട്ട് 7 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തി അവതരിപ്പിക്കും.
ലോകോത്തര പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ട് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകമേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് പുരസ്കാരങ്ങളും നല്‍കും. കേരള കലാമണ്ഡലം, ഗുരുഗോപിനാഥ് നടനഗ്രാമം, ഫോക് ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങള്‍ വി.ജെ.ടി.ഹാളിലും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും, മ്യൂസിയം ഓഡിറ്റോറിയത്തിലും കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കും. മഹോത്സവത്തിന് മുന്നോടിയായി ഒക്ടോബര്‍ 21 മുതല്‍ 25 വരെ പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ സായാഹ്നങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറി. തീര്‍ത്ഥപാദമണ്ഡപത്തില്‍ കഥകളിയും മ്യൂസിയം ബാന്റ് സ്റ്റാന്റില്‍ സാസ്കാരിക പരിപാടികളും നന്ദാവനത്തെ പ്രൊഫ.എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന് ഹാളില്‍ കഥാപ്രസംഗവും കാര്‍ത്തികത്തിരുനാള്‍ തീയേറ്ററില്‍ ഉത്തരാസ്വയംവരവും അവതരിപ്പിച്ചു.
സാഹിത്യകൃതികളുടെ ചലച്ചിത്ര ആവിഷ്കാരങ്ങളില്‍നിന്നും തെരഞ്ഞെടുത്ത നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഗാനസന്ധ്യ ‘നാഴിയുരിപ്പാലുകൊണ്ട്’ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. മലയാളത്തിലെ പ്രശസ്ത പിന്നണിഗായകരായ പി. ജയചന്ദ്രന്, കെ.എസ് ചിത്ര, ജി.വേണുഗോപാല്‍, കല്ലറ ഗോപന്,ബി.വസന്ത, മഞ്ജരി, ജ്യോത്സ്ന, സുധീപ്കുമാര്‍, കൃഷ്ണചന്ദ്രന്, രാജലക്ഷ്മി, വിധുപ്രതാപ്, ശ്രീകാന്ത് എന്നിവര്‍ പങ്കെടുക്കും.
കേരള ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശനവും, കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കായി കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ എന്നിവ തയ്യാറാക്കാന്‍ 100 കലാകാരന്മാരെയും അക്കാദമി അണിനിരത്തും.
മൂന്നുദിവസങ്ങളില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പ്രസിദ്ധരായ കലാകാരന്മാര് അവതരിപ്പിക്കുന്ന വൈവിധ്യമായ കലാപരിപാടികള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: