സിംല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അങ്കലാപ്പിലായി. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയാതെ വട്ടം കറങ്ങുകയാണ് പാര്‍ട്ടി.
68 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 45 ലും ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും അവശേഷിക്കുന്ന പട്ടിക ഉടന്‍ പുറത്തുവിടാന്‍ തയ്യാറാവുകയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷമവൃത്തത്തിലായി. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയിലുള്ള ടിക്കറ്റ് സ്ക്രീനിംഗ് കമ്മറ്റി 46 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക് അംഗീകാരം നല്‍കിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പുറത്തുവിടാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ സീറ്റ് മോഹികള്‍ തമ്മിലുള്ള വടംവലിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് വിഘാതമായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ തന്നെ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തിക്കഴിഞ്ഞു. അടുത്തമാസം നാലിനാണ് സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്. ഡിസംബര്‍ 20 ന് വോട്ടെണ്ണും. സ്ഥാനാര്‍ത്ഥികളുടെ അടുത്ത പട്ടിക തയ്യാറായിക്കഴിഞ്ഞെന്നും എപ്പോള്‍ വേണമെങ്കിലും പുറത്തുവിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ധുമല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പ്രദേശ് കമ്മറ്റി അധ്യക്ഷന്‍ വീര്‍ഭദ്ര സിംഗ് ദല്‍ഹിയില്‍ തമ്പടിച്ചിരിക്കയാണ്. ടിക്കറ്റ് വിതരണത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഹിമാചല്‍ പിസിസി പ്രസിഡന്റാകുന്നതിന് മുമ്പ് സജീവപ്രവര്‍ത്തകനായിരുന്ന വീര്‍ഭദ്ര സിംഗ് ഇപ്പോള്‍ മയക്കത്തിലാണെന്നും മുതിര്‍ന്ന നേതാക്കളാരും രംഗത്തില്ലെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഹിമാചലില്‍ രൂക്ഷമായിരിക്കുന്ന വിമതശല്യവും കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ വൈകുന്തോറും ഇത്തരക്കാരുടെ ശല്യം കൂടിക്കൊണ്ടിരിക്കുമെന്നും ഈ നേതാവ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ഒരു മാസത്തില്‍ താഴെമാത്രം സമയം അവശേഷിക്കെ കോണ്‍ഗ്രസില്‍ രൂക്ഷമായിരിക്കുന്ന വിമതശല്യവും വിഭാഗീയതയും പാര്‍ട്ടിയെ അപകടത്തിലാക്കുമെന്നും ഈ നേതാവ് മുന്നറിയിപ്പ് നല്കി. 2007ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 41 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. കോണ്‍ഗ്രസിന് 23 ഉം ബിഎസ്പിക്ക് ഒന്നും സ്വതന്ത്രന്മാര്ക്ക് മൂന്ന് സീറ്റുകളുമാണ് കിട്ടിയത്. ബിഎസ്പി നിയമസഭാംഗം പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: