മോസ്കോ: മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. സിര്‍ത്തിലെ ഗദ്ദാഫിയുടെ വസതിക്കടുത്തുള്ള ഓവുചാലില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ വിമതര്‍ പിടിക്കുകയും കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതല്ല സത്യമെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ വന്‍ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലാണ് പത്രം പുറത്തുവിട്ടിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റായിരുന്ന കാലത്ത് ഗദ്ദാഫിയും നിക്കോളാസ് സര്‍ക്കോസിയും തമ്മില്‍ വലിയ ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇത് പുറത്താകാതിരിക്കുവാനുമാണ് ഗദ്ദാഫി കൊലചെയ്യപ്പെടാനുള്ള പ്രേരണയെന്നും പത്രം പറയുന്നു. ഗദ്ദാഫി ഫ്രഞ്ച് സന്ദര്‍ശനത്തിനായെത്തിയ സമയത്ത് ഇരുവരും തമ്മില്‍ രഹസ്യധാരണകളുണ്ടായെന്നും പത്രം പറയുന്നു. 2007 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് തുക ഗദ്ദാഫിയില്‍ നിന്നും സര്‍ക്കോസി വാങ്ങിയിരുന്നു. ഇത്തരം രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഫ്രഞ്ച് ചാരനെ അയച്ച് ഗദ്ദാഫിയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത് സര്ക്കോസിയാണെന്നും പത്രം വെളിപ്പെടുത്തുന്നു.
ഗദ്ദാഫിയുമായി ബന്ധമുണ്ടായിരുന്ന പാശ്ചാത്യ നേതാക്കള്‍ സര്‍ക്കോസി മാത്രമായിരുന്നില്ല. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഗദ്ദാഫിയെ നിരന്തരം സന്ദര്‍ശിച്ചിരുന്നുവെന്നും പത്രം പറയുന്നു. കോടിക്കണക്കിന് തുകയുടെ ബിസിനസ് ഉടമ്പടികളാണ് ഇരുവരും ഒപ്പ് വെച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗദ്ദാഫിയില്‍ നിന്നും സര്‍ക്കോസി കോടികള്‍ വാങ്ങിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ ലോകരാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സര്‍ക്കോസിയുടെ നിര്‍ദ്ദേശത്തിനിടയില്‍ ഒരു ഫ്രഞ്ച് ഏജന്റും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തിലൂടെ ഗദ്ദാഫി അവസാന നാളുകളില്‍ സംസാരിച്ചിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടുപിടിക്കാന്‍ യുഎസ് സൈന്യം ശ്രമിച്ചിരുന്നു. 2011 ഒക്ടോബര്‍ 20 നാണ് ഗദ്ദാഫി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: