കൊച്ചി: വ്യവസായ നിക്ഷേപങ്ങള്‍ക്കായി എമെര്‍ജിങ് കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രചണ്ഡമായ പ്രചരണത്തിലൂടെ കോടികള്‍ ഒഴുകുമ്പോള്‍ ഭരണകക്ഷി എംഎല്‍എയുടെ പീഡനംമൂലം പ്രമുഖ കമ്പനി കേരളം വിടാന്‍ ഒരുങ്ങുന്നു.
കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മ്മാണരംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവുമുള്ള ആലുവ കിഴക്കമ്പലത്തെ കിറ്റക്സ് ഗാര്‍മെന്റ്സ് ആണ് നാലായിരം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്കുന്ന 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഭരണകക്ഷി എംഎല്‍എയായ ബെന്നി ബഹനാന്റെ നിരന്തരമുള്ള പീഡനം മൂലമാണ് ഇത്തരത്തിലൊരു തീരുമാനം വേദനയോടെ എടുക്കേണ്ടി വന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എയുടെ ഒത്താശയോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും എസ്ഡിപിഐ, പിഡിപി, ജമാഅത്തെ ഇസ്ലാമി എന്നീ കക്ഷികളും ചേര്‍ന്ന് കമ്പനിക്കെതിരെ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കാണുകയും നിവേദനം സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.
ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളില്‍ കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അമേരിക്കയില്‍ കമ്പനി രജിസ്ട്രേഷനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ നല്ല നടപടികളാണ്. ഇക്കാര്യവും ചിന്തിക്കും.
അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം വസ്ത്രനിര്‍മ്മാണ കയറ്റുമതിയിലൂടെ 550 കോടി രൂപ രാജ്യത്തിന് വിദേശനാണ്യം നേടിത്തന്ന ഏക വ്യവസായ സ്ഥാപനമാണ് കേരളത്തിലെ വികസന പദ്ധതികള്‍ ഉപേക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്ന സ്വകാര്യ വ്യവസായ സംരംഭകരായ അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ വസ്ത്രനിര്‍മ്മാണ കയറ്റുമതി സ്ഥാപനമായ കിറ്റക്സ് ഗാര്‍മെന്റ് അമ്പത് ഏക്കറില്‍ അപ്പാരല്‍ പാര്‍ക്ക് നിര്‍മ്മിച്ച് വരികയായിരുന്നു. ബാങ്ക് ലോണ്‍ പാസാക്കുകയും പുതിയ മെഷീനുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയുടെയും പീഡനം മൂലം സമയബന്ധിത ഉല്‍പ്പാദനം നടത്തി കയറ്റുമതി ഓര്‍ഡര്‍ യഥാസമയം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ഇനിയും മുതല്‍മുടക്കിന് പറ്റിയ വ്യവസായ അന്തരീക്ഷം നിലവിലില്ല.
കിറ്റക്സ് ഗാര്‍മെന്റ്സിന്റെ ഗേറ്റ് നിര്‍മ്മാണത്തിനുപോലും അപേക്ഷ നല്കി പതിനൊന്ന് മാസമായിട്ട് പോലും അനുമതി നല്‍കുന്നില്ല. കിറ്റക്സ് ഗാര്മെന്റ്സില് എണ്ണായിരത്തോളം പേരും അന്ന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഏഴായിരം പേരും ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ പതിനയ്യായിരം പേര് ജോലി ചെയ്യുന്ന സ്ഥാപനമാണിത്. കഴിഞ്ഞവര്‍ഷം ഇന്‍കംടാക്സ് ഇനത്തില്‍ 21 കോടി രൂപ സര്‍ക്കാരിലേക്കും 69 കോടി ഗ്രാമപഞ്ചായത്തിലേക്കും നികുതിയായി നല്‍കിയിരുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 69 കോടി രൂപയാണ് നല്‍കുന്നത്. കൊച്ചി തുറമുഖത്തുനിന്നും ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും കിറ്റക്സ് ഗ്രൂപ്പാണ് കുട്ടികളുടെ ഉടുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ടോയ് സെറാസിന്റെ 28 രാജ്യങ്ങളിലേക്ക് വച്ച് ഏറ്റവും നല്ല ഉല്‍പ്പാദകനുള്ള അവാര്‍ഡ് കഴിഞ്ഞവര്‍ഷം നേടിയതും കിറ്റക്സ് ഗാര്‍മെന്റ്സാണ്. എമെര്‍ജിങ് കേരള റിയല്‍എസ്റ്റേറ്റ് തട്ടിപ്പാണെന്ന വിമര്‍ശനങ്ങള്‍ക്ക് അടിവരയിടുന്നതാണ് സ്വദേശി വ്യവസായങ്ങളെ പീഡിപ്പിക്കുന്നത്. തങ്ങളെ എമെര്‍ജിങ് കേരളയിലേക്ക് ക്ഷണിക്കുകപോലും ചെയ്തില്ലെന്നും സാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: