ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ജന്മഭൂമിയില്‍നിന്ന് വാടാനപ്പിള്ളിയിലെ സി.കെ.രവീന്ദ്രന് അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ മനസ്സ് അഞ്ചരപതിറ്റാണ്ടപ്പുറത്തേക്ക് പാഞ്ഞുപോയി. ഞങ്ങള്‍ ഒരുമിച്ചാണ് 1957 ല്‍ ചെന്നൈക്കടുത്ത് പല്ലാവരം എ.എം.ജയിന് കോളേജ് വളപ്പില്‍ നടത്തപ്പെട്ട സംഘശിക്ഷാവര്‍ഗിലെ ദ്വിതീയ വര്‍ഷ പരിശീലനം കഴിച്ചത്. ഞങ്ങള്‍ ഒരേ ഗണത്തിലായിരുന്നു താനും. ഒപ്പം പരിശീലനത്തിനുണ്ടായിരുന്നത് പ്രാന്തകാര്യാലയത്തിലെ മോഹന്‍ജിയും ഇപ്പോള്‍ ചെറുതുരുത്തിയില്‍ താമസിക്കുന്ന എം.എസ്.രാഘവന് മാസ്റ്ററുമായിരുന്നു. 1952 മുതല്‍ 60 വര്‍ഷക്കാലത്തെ തുടര്‍ച്ചയായ സംഘപ്രവര്‍ത്തനം പിന്നിട്ടുകൊണ്ടാണ് രവീന്ദ്രന് യാത്രയായത്. പല്ലാവരത്തു ശിബിരത്തില്‍ പോയപ്പോള്‍ ഞാന്‍ ഗുരുവായൂര്‍ ഭാഗത്ത് പ്രചാരകനായി വന്ന് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ രൂപംകൊണ്ട എറണാകുളം, തൃശ്ശിവപേരൂര്‍ റവന്യൂ ജില്ലകള്‍ക്ക് മൊത്തമായി പരമേശ്വര്‍ജിയായിരുന്നു പ്രചാരകന്. അവിടെ നിന്നുള്ള ശിക്ഷാര്‍ത്ഥികളുടെ പ്രമുഖനായി പരമേശ്വര്‍ജി എന്നെ ചുമതലപ്പെടുത്തിയപ്പോള്‍ അവരെയെല്ലാം ഒരുമിച്ചു കണ്ടതുതന്നെ ഞങ്ങള്‍ യാത്ര തിരിച്ച കൊച്ചിന് എക്സ്പ്രസ് എന്ന വണ്ടിയിലായിരുന്നു. എല്ലാവരുടേയും ലിസ്റ്റ് തയ്യാറെടുക്കുന്നതിനിടയില്‍ രവീന്ദ്രനെ പരിചയപ്പെട്ടു. എന്റെ മുന്‍ഗാമിയായിരുന്ന ശ്രീകൃഷ്ണ ശര്‍മ്മാജിയുടെ കാലം മുതല്‍ വാടാനപ്പിള്ളി അടങ്ങുന്ന നാട്ടിക ഫര്‍ക്കയും ഗുരുവായൂരിലെ പ്രചാരകന്റെ കീഴിലായിരുന്നു.
എന്നാല്‍ ഞാന്‍ ഒട്ടും പ്രവര്‍ത്തന പരിചയമില്ലാത്ത പുതിയ ആളായതിനാല്‍ നാട്ടിക ഫര്‍ക്ക ഒഴിവാക്കിയിരുന്നു. രവീന്ദ്രനുമായി വളരെ എളുപ്പത്തില്‍ അടുത്തു. ശിബിരത്തില്‍ നടക്കുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രഭാഷണങ്ങളുടെ ചുരുക്കം, ആ ഭാഷകള്‍ അറിയില്ലാത്തവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട ചുമതല കൂടി കുറേ ദിവസം കഴിഞ്ഞപ്പോള്‍ പരമേശ്വര്‍ജി എന്നെ ഏല്‍പ്പിച്ചു തുടങ്ങി.
ശിബിരം കഴിഞ്ഞ് ഗുരുവായൂരില്‍ തിരിച്ചെത്തിയ ശേഷവും വാടാനപ്പിള്ളിയില്‍ പോകാന്‍ അവസരം കിട്ടുന്നതിന് മാസങ്ങളെടുത്തു. 57 ലെ വിജയദശമിക്ക് അവിടെ പോകണമെന്ന നിര്‍ദ്ദേശം കിട്ടിയപ്പോഴായിരുന്നു ആദ്യ അവസരം. അന്ന് സംസാരിക്കാന്‍ ശര്‍മാജിയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. അദ്ദേഹവുമായി പരിചയപ്പെടുന്നത് ആ ഭാഗത്തെ സ്വയം സേവകരുമായി അടുപ്പം വളര്‍ത്താനും ശര്‍മ്മാജിയുടെ പഴയ സമ്പര്‍ക്കത്തെ പ്രയോജനപ്പെടുത്താനും കഴിയുമെന്നതിനാലാവണം, ഞാനും അങ്ങോട്ട് നിര്‍ദ്ദേശിക്കപ്പെട്ടത്. എറണാകുളത്തുനിന്നും അഡ്വ. ടി.വി.അനന്തനെയും (പിന്നീട് പ്രാന്തസംഘചാലക്) പരമേശ്വര്‍ജി അങ്ങോട്ടയച്ചു. സി.കെ.രവീന്ദ്രനായിരുന്നു വിജയദശമി പരിപാടിയുടെ മുഖ്യശിക്ഷക്. അന്നത്തെ ചുറ്റുപാടില്‍ വളരെ നല്ല സംഖ്യയെന്ന് കരുതപ്പെടാവുന്ന നൂറിലേറെ സ്വയം സേവകര്‍ പങ്കെടുത്തു. അതിലേറെ കാഴ്ചക്കാരും ഉണ്ടായിരുന്നു. എറണാകുളത്തേയും എനിക്ക് പരിചിതമായിരുന്ന തിരുവനന്തപുരത്തേയും സംഘ ഉത്സവങ്ങളുടെ അടുക്കും ചിട്ടയും വ്യവസ്ഥയും അവിടെ കാണാനുണ്ടായിരുന്നില്ല. എന്നാല്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ത്രസിച്ചുനിന്ന മുഖങ്ങള്‍ ആ കുറവിനെ പരിഹരിച്ചുവെന്ന് തീര്‍ച്ചയാണ്. അന്ന് മുഖ്യശിക്ഷക് രവീന്ദ്രന് കൊടുത്ത നിര്‍ദ്ദേശങ്ങളുടെ കടുപ്പവും സ്വരവും അനന്തേട്ടന് വളരെക്കാലം പറയാറുണ്ടായിരുന്നു. ഒരു പൊതുവഴിയെന്ന് തോന്നിപ്പിക്കുന്ന മണല്‍പ്പരപ്പിലായിരുന്നു പരിപാടി. അന്ന് ശര്‍മ്മാജിയുടെ ബൗദ്ധിക് വിജയദശമിയുടെ സംഘപ്രാധാന്യത്തെയും ഭാരതീയ പാരമ്പര്യത്തില്‍ അതിനുള്ള പ്രാധാന്യത്തേയും വ്യക്തമാക്കുന്നതായിരുന്നു. അതുവരെ അറിഞ്ഞിട്ടില്ലാതിരുന്ന പുതിയൊരു ജ്ഞാനപ്രകാശം എനിക്ക് തന്ന ആശയങ്ങളായിരുന്നു ശര്‍മ്മാജിയില്‍ നിന്ന് കേട്ടത്. വാടാനപ്പിള്ളിക്കാര്ക്ക് ശര്‍മ്മാജിയുടെ സാന്നിദ്ധ്യം നിര്‍വൃതി ദായകം പോലെ തോന്നിച്ചു. സംഘസ്ഥാനില്‍ കര്‍ക്കശക്കാരനായിരുന്ന രവീന്ദ്രന് തരളനായൊരു കുട്ടിയെപ്പോലെയാണ് ശര്‍മ്മാജിയുടെ മുന്നില്‍ പെരുമാറിയത്.
മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വരവുകള്‍ക്ക് മുസ്ലീംഭീഷണിമൂലം തടസ്സം വരുമെന്ന ഭീതിമൂലം ക്ഷേത്ര ഭാരവാഹികള്‍ സംഘത്തെ സമീപിക്കുകയും സമീപ പ്രദേശങ്ങളിലെ ശാഖകളില്‍ വിവരമെത്തിക്കാന്‍ പരേതനായ പി.കെ.അപ്പുക്കുട്ടനുമൊത്ത് പെരിങ്ങാട്, കുണ്ടഴിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം മുതലായ സ്ഥലങ്ങളില്‍ പോകാന്‍ എനിക്ക് അവസരമുണ്ടാകുകയും ചെയ്തു. ആ യാത്ര ഏറെയും കാല്‍നടയായിട്ടായിരുന്നു. കുറെ ഭാഗം തോണിയിലും. വാടാനപ്പിള്ളിയില്‍ കൂടെ വരാന്‍ സി.കെ.രവീന്ദ്രനും മാറാടു ബാലന്, നാരായണന് തുടങ്ങിയവരുമുണ്ടായി. അവിടുത്തെ കടപ്പുറത്തെ ചുട്ടുപഴുത്ത മണലിലൂടെ നടന്നു കാല് പൊള്ളി കുമിളച്ചു. അന്ന് മുതലാണ് ഞാന്‍ പതിവായി ചെരുപ്പുപയോഗിച്ചത്. കടപ്പുറത്ത് ഒരു തോട്ടിലെ കല്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന ‘മുരു’ എന്ന സാധനത്തെ രവീന്ദ്രനും മറ്റും വളരെ സ്വാദോടെ തിന്നുന്നതു കണ്ടു. അവര്‍ തന്ന ഇളനീരായിരുന്നു എനിക്കും അപ്പുക്കുട്ടനും ഭക്ഷണം. അക്കൊല്ലത്തെ മണത്തല ഉത്സവം മുടങ്ങിയെങ്കിലും അടുത്ത വര്‍ഷം അത് ആരാധനാ സ്വാതന്ത്ര്യത്തിനും മൗലികാവകാശ സ്ഥാപനത്തിനും വേണ്ടിയുള്ള ഹിന്ദുസമാജത്തിന്റെ ശക്തമായ സമരമായിത്തീര്‍ന്നു. ഗുരുവായൂരിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളിലെല്ലാം സമരം ആളിപ്പടര്‍ന്നിരുന്നു. വാടാനപ്പിള്ളിയില്‍ സമരത്തെത്തുടര്‍ന്ന് ചില അനിഷ്ട സംഭവങ്ങളുമുണ്ടായി. നിയമത്തിന്റെ വഴിയിലും സമരത്തിന്റെ വഴിയിലും ഹിന്ദുക്കള്‍ നടത്തിയ നീക്കങ്ങള്‍ വിജയം കൈവരിച്ചു. അതിനുശേഷം അരനൂറ്റാണ്ടായി വിശ്വനാഥക്ഷേത്രോത്സവം തടസ്സമില്ലാതെ നടക്കുകയാണ്.
ജനസംഘ പ്രവര്‍ത്തനം കേരളത്തില്‍ സംഘടിതമായി ആരംഭിച്ചപ്പോള്‍ രവീന്ദ്രന് അതിലും സജീവമായിരുന്നു. കോഴിക്കോട് സമ്മേളനം വിജയിപ്പിക്കുന്നതിലും മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംഘാടനത്തിലുമൊക്കെ അദ്ദേഹം സജീവമായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ സമരത്തിലും പങ്കെടുത്തിരുന്നു. വാടാനപ്പിള്ളിയിലെ ആദ്യകാല സംഘപ്രവര്‍ത്തനങ്ങള്‍ക്ക് നട്ടെല്ലായി പ്രവര്‍ത്തിച്ചവരില്‍ ഒരു പ്രമുഖനാണ് രവീന്ദ്രന്റെ മരണത്തോടെ നഷ്ടമായത്. ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചാണ്, യാത്രാസൗകര്യങ്ങള്‍ മിക്കവാറും ശൂന്യമായിരുന്ന അക്കാലത്ത് രവീന്ദ്രനെപ്പോലുള്ളവര്‍ ഹൈന്ദവ സമൂഹത്തിന് തലയുയര്‍ത്തി നില്ക്കാന് ത്രാണിയുണ്ടാക്കിക്കൊടുത്തത്. ഹൃദ്യവും ഭവ്യവുമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം അപ്രത്യക്ഷനായിരിക്കുന്നു.
രവീന്ദ്രന്റെ വേര്‍പാടിനെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ് ഈ ലേഖകന്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവന് തിരിച്ചു നല്കിയ അമൃതാ ആശുപത്രിയിലെ ഡോ.കെ.കെ.ഹരിദാസിന്റെ വേര്‍പാടിനെക്കുറിച്ചറിഞ്ഞത്. ഭാരതത്തില്‍ത്തന്നെ ‘ആഞ്ജിയോ പ്ലാസ്റ്റി’ ചികിത്സാ രീതി അദ്ദേഹത്തോളം വിപുലവും ഫലപ്രദവുമായി ചെയ്ത മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് തോന്നുന്നു. അന്പത്തിനാലാം വയസ്സില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനിടെയായിരുന്നു അന്ത്യമെന്ന് മനസ്സിലായി. കരള്‍ദാനം ചെയ്തത് സ്വപുത്രന് തന്നെയായിരുന്നു.
രക്തക്കുഴലുകളിലെ തടസ്സങ്ങള്‍ മൂലം വളരെ അവശനിലയിലെത്തിയിരുന്ന എന്നെ പ്രാന്തീയ കാര്യാലയത്തിലെ താല്‍പ്പര്യത്തിലാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞ സൗമ്യമായ വാക്കുകള്‍ ഇന്നും മനസ്സില്‍ മുഴങ്ങുന്നു. നിങ്ങള്‍ സാമ്പത്തികമായും മാനസികമായും (ളശിമിരശമഹഹ്യ മിറ ാലിമേഹഹ്യ) തയ്യാറായി വരണമെന്നായിരുന്നു അതിന്റെ ചുരുക്കം. ഒരു മാസം കഴിഞ്ഞ് ചെന്നപ്പോള്‍ ആഞ്ജിയോഗ്രാം എടുത്തശേഷം ഒരു കടലാസില്‍ ബ്ലോക്കുകളുടെ സ്ഥാനവും ഗുരുതരാവസ്ഥയും വരച്ചു കാണിക്കുകയും അടുത്തദിവസം തന്നെ ആഞ്ജിയോപ്ലാസ്റ്റി ചെയ്യുകയുമാണുണ്ടായത്. രോഗിയുടെ മനസ്സില്‍ പരിഭ്രമമോ ഭീതിയോ ഉണ്ടാകാതെയും ആത്മവിശ്വാസം വളരുകയും ചെയ്യുന്ന തരത്തിലുള്ള സമീപനമായിരുന്നു ഡോ.ഹരിദാസിന്റേത്.
തിരുവനന്തപുരത്തെ ബിജെപി കാര്യാലയം മാരാര്‍ജി സ്മൃതിമന്ദിരത്തിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങിയത് ജനാകൃഷ്ണമൂര്ത്തി (പിന്നീട് ബിജെപി അധ്യക്ഷന്‍)യോടൊപ്പമായിരുന്നു. അദ്ദേഹം ചെന്നൈയില്‍ ഡോ.ഹരിദാസിന്റെ ചികിത്സയിലായിരുന്നു. ഹരിദാസ് അമൃതയില്‍ ചേര്‍ന്നപ്പോള്‍ കൃഷ്ണമൂര്‍ത്തിയെ അങ്ങോട്ട് വരാന്‍ നിര്‍ദ്ദേശിച്ചു. സുധീന്ദ്ര മെഡിക്കല്‍ മിഷന്റെ സെക്രട്ടറിയായിരുന്ന ടി.എം.വി.ഷേണായി (അദ്ദേഹം ജന്മഭൂമിയുടെ എംഡി കൂടിയായിരുന്നു)യുടെ കാറിലാണ് ഞങ്ങള്‍ അമൃതയിലെത്തിയത്. ഡോ.ഹരിദാസ്, ജനാ കൃഷ്ണമൂര്‍ത്തിയെ സ്വീകരിച്ചിരുത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത ശേഷം ഒരു രോഗിയുടെ ആഞ്ജിയോ പ്ലാസ്റ്റിക്കായിപ്പോയി, തിരിച്ചുവന്ന് അവിടുത്തെ വേഷത്തില്‍ വന്നാണ് സംസാരിച്ചത്. ഡോ.പ്രേം നായരേയും മറ്റ് പ്രമുഖരേയും വിളിച്ചുവരുത്തി അവിടത്തെ രീതികളെപ്പറ്റി സംസാരിച്ചു. സുധീന്ദ്ര മെഡിക്കല്‍ മിഷന്റെ ചുമതലക്കാരനായിരുന്ന ടിഎംവിക്കും ആ സന്ദര്‍ശനം വളരെ ഗുണകരമായിയത്രെ.
എന്നെപ്പോലെ ആയിരക്കണക്കിനാളുകളുടെ ജീവന് രക്ഷിച്ച ഡോ.ഹരിദാസിന്റെ നിര്‍ഭാഗ്യകരമായ അന്ത്യത്തില്‍, മാധ്യമങ്ങള്‍ അദ്ദേഹത്തെ വേണ്ടവിധത്തില്‍ അനുസ്മരിച്ചതായി തോന്നിയില്ല. ചരമക്കോളത്തിന്റെ ഒരു മൂലയിലെ അനുസ്മരണത്തില്‍ മിക്കവാറും മാധ്യമങ്ങള്‍ അതൊതുക്കിയതായി തോന്നി. മഹാനായ ആ ഭിഷഗ്വരനെ ഓര്‍ക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കുകയാണ്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: