തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന തിരുവനന്തപുരം ജില്ലാക്കോടതിയുടെയും തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെയും ഇരുന്നൂറാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. 1811ലാണ് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ നിയമ പരിഷ്ക്കരണത്തിന് തുടക്കം കുറിച്ചത്. നാടുവാഴികളും കാര്യക്കാരും മറ്റ് സര്‍ക്കാര്‍ ശിപായികളും ആയിരുന്നു നിയമനിര്‍വ്വഹണ രംഗം നടത്തിപ്പുകാരായിരുന്നത്. പ്രാകൃത ശിക്ഷാരീതികള്‍ മാറ്റി പരിഷ്ക്കരണം ലക്ഷ്യമാക്കിയാണ് കേണല്‍ മണ്‍റോ പുതിയ റെഗുലേഷന്‍സ് അവതരിപ്പിച്ചത്. അന്ന് റീജന്റായി ഭരണം നടത്തിയിരുന്ന മഹാറാണി ഗൗരീ ലക്ഷ്മീഭായി ചില നിര്ദ്ദേശങ്ങളൊഴികെ ബാക്കിയുള്ളവ അംഗീകരിച്ചു. ഈ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് 1811ല്‍ അഞ്ച് ജില്ലാക്കോടതികള്‍ സ്ഥാപിതമായത്. അവയിലൊന്ന് തിരുവനന്തപുരത്ത് ആയിരുന്നു. തിരുവനന്തപുരം ജില്ലാക്കോടതി ഇരുന്നൂറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കാലാനുസൃതമായ ഗണ്യമായ മാറ്റങ്ങള്‍ക്ക് നീതിന്യായ രംഗം സാക്ഷ്യം വഹിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ക്ക് തിരുവനന്തപുരം സാക്ഷ്യം വഹിച്ചു. ഇരുന്നൂറാം ജന്മദിനം അംഗീകരിച്ചും ആദരിച്ചും കൊണ്ട് ഹൈക്കോടതി നിര്‍മ്മിച്ചു നല്കിയ ദ്വാശതാബ്ദി സ്മാരക നാഴിക മണി കോടതി വളപ്പിലെ കൗതുക കാഴ്ചയാണ്. സ്മാരകാര്‍ത്ഥം കേരള സര്‍ക്കാര്‍ ഒരു ആഡിറ്റോറിയവും നിര്‍മ്മിച്ചു നല്കുകയുണ്ടായി.ഇന്ന് രാവിലെ 10 മണിക്ക് വഞ്ചിയൂര്‍ കോടതി വളപ്പിലെ ദ്വാശതാബ്ദി സ്മാരക ആഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര നിയമ മന്ത്രി സല്മാന് ഖുര്‍ഷിദ് ഉല്‍ഘാടനം ചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, സംസ്ഥാന മന്ത്രിമാരായ കെ.എം.മാണി, വി.കെ.ഇബ്രാഹിം കുഞ്ഞ്, വി.എസ്.ശിവകുമാര്‍, എംപി മാരായ ശശി തരൂര്‍, എ.സമ്പത്ത്, ജില്ലാ ജഡ്ജി ബി. സുധീന്ദ്രകുമാര്‍, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, ബാര്‍ അസോസിയേഷന് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.കെ.പി. ജയചന്ദ്രന്, ബാര്‍ അസോസിയേഷന് സെക്രട്ടറിയും ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനറുമായ അഡ്വ.ആനയറ ഷാജി, മുന്‍ ഭാരവാഹികളായ അഡ്വ.സി.കെ.സീതാറാം, എസ്.പി.സതീഷ്കുമാര്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും വൈകുന്നേരം 5മണിക്ക് നടക്കുന്ന കലാസന്ധ്യ മന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മെഗാഷോയോടെ പരിപാടികള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: