കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന് കാരണക്കാരായ മൂന്ന് മഹാത്മാക്കളുടെ ജന്മമാസമാണല്ലൊ ചിങ്ങം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്വാര്ദ്ധംവരെയുള്ള എട്ടൊന്‍പത് പതിറ്റാണ്ടുകാലമാണ് അവരുടെ ആത്മീയവും ഭൗതികവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തെതട്ടിയുണര്ത്തിയതെന്ന് കാണാം. വിദ്യാധിരാജ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും കേരളീയ ജീവിതത്തില്‍ ഉണര്‍ത്തിയ നവോത്ഥാനം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇവരുടെ ജനനത്തിന് മുമ്പുതന്നെ സമാധിയായ തെക്കന്‍ തിരുവിതാംകൂറിലെ വൈകുണ്ഠപാദ സ്വാമികള്‍ വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ ആദ്യ കാഹളം മുഴക്കിയതെന്ന് പറയാം. സംസ്ഥാന പുനര്‍വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയുടെ അധികഭാഗവും തമിഴ്നാടിനോട് ചേര്‍ന്ന് പോയതിനാല്‍ കേരളത്തില്‍ അധികം അറിയപ്പെടാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചില്ലെന്നേയുള്ളൂ.
ഹിന്ദുസമാജം ഭാരതമാകെ ജീര്‍ണ്ണിച്ചു കഴിഞ്ഞിരുന്ന 10-12 നൂറ്റാണ്ടുകാലത്തിനുശേഷം സടകുടഞ്ഞെഴുന്നേറ്റ 19-ാം നൂറ്റാണ്ടിലാണ് ഇവര്‍ പ്രവര്ത്തനരംഗത്തുവന്നത്. ശരിക്കും ഭാരതം മുഴുവന്‍ ആ നവോത്ഥാനത്തിന്റെ അലകളടിച്ചു വന്നിരുന്നു. ആധ്യാത്മിക രംഗത്തും സാമൂഹ്യരംഗത്തുമെല്ലാം അത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുവന്നു. ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലുള്ള ജീവന്മുക്തന്മാരുടെ തേജസ്സുകള്കൊണ്ട് സ്വാമി വിവേകാനന്ദന് അതിന് ആര്‍ജ്ജവം നല്കി സ്വാതന്ത്ര്യസമരത്തെ പ്രചോദിപ്പിച്ചത്. അദ്ദേഹം തുടക്കം കുറിച്ച ആദ്ധ്യാത്മികവും സാമൂഹ്യവുമായ വിപ്ലവം തന്നെയാണ്.
18-ാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം ഭാരതത്തില്‍ അധികാരം സ്ഥാപിച്ചുറപ്പിച്ചു തുടങ്ങിയ ബ്രിട്ടീഷ് ഭരണം ഇവിടത്തെ വാണിജ്യത്തിന്റ നിയന്ത്രണത്തിന് മാത്രമല്ല, സാമ്പത്തികാവസ്ഥയുടെ വിനാശത്തിന് കൂടി തുടക്കം കുറിക്കുകയും സാമ്രാജ്യ വികസനത്തിന്റെ ആയുധമായി ക്രിസ്തുമത പ്രചാരണത്തെ ഉപയോഗിക്കുകയും ചെയ്തു. ഹിന്ദുസമൂഹത്തിന്റെ ജീര്‍ണാവസ്ഥ അവര്‍ ശരിക്കും മുതലെടുത്തു. സ്വാമി വിവേകാനന്ദന് അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഭാരതപര്യടനമാണല്ലൊ അദ്ദേഹത്തിന്റെ ജീവിതദൗത്യം കണ്ടെത്താന്‍ പ്രചോദകമായ വസ്തുത. തന്റെ ഗുരുഭായിമാര്ക്കും സുഹൃത്തുക്കള്‍ക്കും അയച്ച കത്തുകളിലും ചെയ്ത എണ്ണമറ്റ പ്രഭാഷണങ്ങളിലും പ്രബോധനങ്ങളിലും ഇവിടത്തെസമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് സ്വാമിജി ഹൃദയംനൊന്ത് പറയുന്നുണ്ട്. ജാതിഭേദത്തിന്റേയും അയിത്തത്തിന്റെയും അത്യന്തം ഘോരമായ അവസ്ഥ കണ്ടിട്ടാണദ്ദേഹം കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.
തീണ്ടാപ്പാടകലെ നില്ക്കേണ്ടവരും വിളിപ്പാട് അകലെ നില്ക്കേണ്ടവരും കാണാമറയത്ത് മാറേണ്ടവരുമായ ജനവിഭാഗങ്ങള്‍ ഒരു പള്ളിയിലെ കത്തനാര് തളിച്ച ആതാംവെള്ളം സ്വീകരിച്ചു കൊന്തയണിഞ്ഞു തൊപ്പിയും വച്ചുവന്നാല്‍ അകറ്റിനിര്‍ത്തിയ മേലാളന് അയാളെ സ്വീകരിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചും സ്വാമിജി പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദുസമുദായത്തിലെ ഈ ദുഃസ്ഥിതിയെ പാശ്ചാത്യനാടുകളില്‍ പര്‍വതീകരിച്ചു പ്രചരിപ്പിച്ചുകൊണ്ടാണ് മതപരിവര്‍ത്തനത്തിന് വേണ്ട പണവും ആളുകളേയും അവര്‍ സംഘടിപ്പിച്ചത്. ഇവിടത്തെ അനാചാരങ്ങളെ അതിഭീകരമായി ചിത്രീകരിച്ച സാഹിത്യങ്ങള്‍ യൂറോപ്പിലാകമാനം പ്രചരിപ്പിച്ചിരുന്നു. ഗംഗാനദിയിലേക്ക് കുട്ടികളെ എറിയുക, ജഗന്നാഥക്ഷേത്രത്തിലെ രഥചക്രത്തിനുമുന്നില് കിടന്ന് ജീവത്യാഗം ചെയ്യുക തുടങ്ങിയ കെട്ടുകഥകള്‍ മിഷനറിമാര്‍ പ്രചരിപ്പിച്ചിരുന്നു. അയിത്താചരണമായിരുന്നു ഏറ്റവും കൂടുതല്‍ ആക്ഷേപിക്കപ്പെട്ടത്. ദേവപ്രീതിക്കായി നടത്തപ്പെടുന്ന പല ആചാരങ്ങളും ദുഷ്പ്രചരണത്തിനും വിധേയമാക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍, ഭാരതീയ സമൂഹത്തിലെ തിന്മകളെ അംഗീകരിച്ച്, അവ അവസാനിപ്പിക്കാന്‍ പ്രയത്നിച്ചപ്പോള്തന്നെ യൂറോപ്പില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടത്തെ ജീര്‍ണതകള്‍ക്ക് അറുതിവരുത്തി സമൂഹത്തെ സമുദ്ധരിക്കാന്‍ ഭാരതത്തിലെങ്ങും അതികഠിനമായ പരിശ്രമങ്ങള്‍ നടന്നുവന്നു. അവയില്‍ പലതും സ്ഥാപനവല്ക്കരിക്കപ്പെട്ടുവെങ്കിലും സംഘത്തെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ ആ പരിശ്രമങ്ങളെ വിജയപൂര്‍വം മുന്നോട്ടുപോകുന്നുണ്ടുതാനും.
ഭാരതത്തിലെ അവസ്ഥയെക്കുറിച്ച് അധിക്ഷേപം ചൊരിയുകയും ഇവിടുത്തെ പാപികളും അവിശ്വാസികളുമായവരെ രക്ഷിക്കുകയും ചെയ്യാന്‍ കിണഞ്ഞു പരിശ്രമിക്കുക അതിനായി കോടിക്കണക്കിന് ധനവും ലക്ഷക്കണക്കിന് സുവിശേഷകരും വേണമെന്ന് പ്രഖ്യാപിക്കുന്ന പാശ്ചാത്യനാടുകളുടെ യഥാര്‍ത്ഥ അവസ്ഥയും ഇവിടത്തെതിനേക്കാള് മെച്ചമായിരുന്നില്ല എന്ന് ഈയിടെ വായിച്ച ഒരു പുസ്തകത്തില്‍നിന്ന് മനസ്സിലായി. ബില്ബ്രൈസന് എന്ന ഇംഗ്ലീഷുകാരന് എഴുതിയ അസാധാരണമായ “അറ്റ് ഹോം” എന്ന ബൃഹത് ഗ്രന്ഥം വിചാരിച്ചിരിക്കാതെയാണ് കയ്യില്‍ വന്നത്. കുടുംബത്തിന്റെ അഥവാ വീടിന്റെ രൂപീകരണവും ഇന്നത്തെ അവസ്ഥയിലേക്കുള്ള വളര്‍ച്ചയുമാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. മുഖ്യമായും ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനങ്ങള്‍. നൂറ്റാണ്ടുകളായി എങ്ങനെ വീടും കുടുംബവും വികസിച്ചുവന്നുവെന്ന വിശകലനം ചെയ്യുമ്പോള്‍ ഓരോ ഘട്ടത്തിലും ബ്രിട്ടീഷ് സമൂഹം എങ്ങനത്തെ സ്ഥിതിയിലായിരുന്നുവെന്ന് നമുക്ക് വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിയും. സാമ്രാജ്യം വികസിച്ചു വലുതായപ്പോള്‍ അവിടെ കുമിഞ്ഞുകൂടിയ സമ്പത്തത്രയും പ്രഭുക്കന്മാരുടേയും മുതലാളിമാരുടേയും വ്യവസായികളുടേയും നിയന്ത്രണത്തിലായിത്തീരുകയാണ് ചെയ്തത്. സാധാരണക്കാര്‍, വിശേഷിച്ചും കൃഷിക്കാരും തൊഴിലാളികളും വീട്ടുജോലിക്കാരും ഭൃത്യന്മാരുമെല്ലാം ഭാരതത്തിലെ പിന്നോക്ക വിഭാഗക്കാരെയും അയിത്തക്കാരെയുംപോലെ അകറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയുമാണുണ്ടായത്. ചാള്‍സ് രണ്ടാമന് രാജാവ് ഓക്സ്ഫോര്‍ഡ് സന്ദര്‍ശിച്ചു മടങ്ങിയശേഷം, അവര്‍ താമസിച്ച അതിഥിമന്ദിരത്തിലെ മുറികളുടെ മുക്കുംമൂലയും വിസര്‍ജ്യങ്ങള്‍ നിറഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം വമിച്ചിരുന്നുവെന്നും അവ നീക്കം ചെയ്യാന്‍ അതിഥികള്‍ക്ക് പ്രത്യേകം അടിമപ്പണിക്കാരെ നിയോഗിക്കേണ്ടിവന്നുവെന്നും രേഖപ്പെടുത്തുന്നു. വീടുകളില്‍ വിസര്‍ജ്ജനത്തിനുള്ള സ്ഥലം ഇന്നത്തെ രീതിയില്‍ വികസിച്ചുവന്നതിന്റെ ചരിത്രം വിവരിക്കുന്നതിന്റെ ഭാഗമായാണീ പരാമര്‍ശം.
രാവിലെ 8 മുതല്‍ രാത്രി 10 മണിവരെ വിശ്രമമില്ലാതെ പണിയെടുക്കുന്ന തൊഴിലാളിക്ക് 19-ാം നൂറ്റാണ്ടില്‍ നല്‍കിയിരുന്ന ഭക്ഷണം ഒരു കഷണം റൊട്ടിയും ഒരു ചുള ഉള്ളിയും ആയിരുന്നുവത്രെ. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഭാരതത്തില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിതമായശേഷം അതിന്റെ കൂടെ പഞ്ചസാര ചേര്‍ത്ത 8 ഔണ്‍സ് ചായയും നല്കപ്പെട്ടിരുന്നുവത്രേ. കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് മിക്കവാറും ഇന്നത്തെ പട്ടികജാതിക്കാര്‍ക്ക് അതേകാലത്ത് ഇതിനേക്കാള്‍ മെച്ചപ്പെട്ട ഭക്ഷണം കിട്ടിയിരുന്നു.
വ്യവസായശാലകളിലെ തൊഴിലാളികള്‍ക്ക് രാവിലെ അഞ്ചുമുതല്‍ രാത്രി 9.30 വരെയായിരുന്നു പണി ചെയ്യേണ്ടിയിരുന്നത്. “മുങ്ങിത്തപ്പിയാല് രണ്ടോ മൂന്നോ വറ്റുകിട്ടുന്ന” കഞ്ഞിയായിരുന്നു ഉച്ചയ്ക്കും അത്താഴത്തിനും ആഹാരം.
ഭാരതത്തില്‍ സമ്പന്നതയുടെ നടുവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം വളരെ വലുതായിരുന്നു. ഇന്നും അങ്ങനെയാണ്. 1845-46 ല്‍ അയര്‍ലണ്ടില്‍ ഭക്ഷണം കിട്ടാതെ 15 ലക്ഷത്തിലേറെപ്പേര്‍ മരിച്ചപ്പോള്‍ അവിടെ കയറ്റുമതിക്കായി നീക്കിവെക്കപ്പെട്ടിരുന്ന എല്ലാത്തരം ഭക്ഷ്യസാധനങ്ങളും കെട്ടിക്കിടന്നിരുന്നതായി ബില്‍ ബ്രൈസണ്‍ പറയുന്നു.
ഗാര്‍ഹിക തൊഴിലാളികളും ഭൃത്യന്മാരായി പ്രവര്‍ത്തിച്ചവരുടെ അവസ്ഥയും ഭാരതത്തിലേതിലും കഷ്ടമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിവരങ്ങളില്നന്ന് മനസ്സിലാക്കാം. തൊഴിലാളി വര്ഗസര്വാധിപത്യത്തിന്റെയും കമ്മ്യൂണിസത്തിന്റെ പ്രവാചകനായിരുന്ന സാക്ഷാല്‍ കാറല്‍ മാര്‍ക്സ് ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാതെ ലണ്ടനില്‍ താമസിച്ചപ്പോള്‍ ഒരു സെക്രട്ടറിയേയും ഹൗസ് കീപ്പറേയും നിയമിച്ചിരുന്നുവത്രെ. ഒരു മുറിയില്‍ അവര്‍ കഴിഞ്ഞപ്പോള്‍ ഹൗസ്കീപ്പറുമായി ബന്ധംവെച്ച് ഗര്‍ഭിണിയാക്കാനും സമയം കണ്ടെത്തിയെന്ന് ബ്രൈസണ്‍ എഴുതുന്നു.
ഗൃഹജോലിക്കാരും ഭൃത്യവര്ഗവും വളരെയുണ്ടെങ്കിലും ആരേയും വീട്ടുടമയുടേയും വിരുന്നുകാരുടേയും ദൃഷ്ടിയില് പെടാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ക്കായി സമയവും അനുവദിക്കപ്പെട്ടില്ല. എന്നാല്‍ വൃത്തികെട്ടവരെന്ന ശകാരം നിരന്തരം കേള്‍ക്കേണ്ടതായും വന്നു. രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിക്കുള്ളില്‍ മാത്രമാണ് സ്വന്തം കാര്യം നോക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നതത്രെ. പ്രസിദ്ധ സാഹിത്യകാര്‍ എന്ന് നാം പ്രകീര്‍ത്തിക്കുന്ന വെര്‍ജീനിയാ വുള്‍ഫ്, സെന്റ് വിന്‍സന്റ് മില്ലി തുടങ്ങിയവര്‍ ഭൃത്യന്മാരെ, അടുക്കളയിലെ ഈച്ചകളോട് ഉപമിക്കുന്നു. അവര്‍ മനുഷ്യരേ അല്ലെന്നും എഡ്നാസെന്റ് വിന്‍സന്റ് എഴുതി.
ഭാരതത്തില്‍നിന്ന് വന്‍തോതില്‍ പരുത്തി ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചശേഷമേ ജീവനക്കാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ നല്കപ്പെട്ടിരുന്നുള്ളൂവത്രെ. ഭൃത്യരോടും കീഴ്ജീവനക്കാരോടും ക്രിസ്ത്യന്‍ സഹാനുഭൂതിയോടെയുള്ള സമീപനം, വിശേഷിച്ചും സ്ത്രീകളോട് പാടില്ലെന്നതും ചിട്ടയായിരുന്നുവെന്ന് മിസിസ് ബ്രിട്ടന് പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നുവത്രെ.
കറുത്തവര്‍ഗ്ഗക്കാരെ ജോലിക്കുവെക്കുമ്പോള് കൂടുതല്‍ അവജ്ഞയും അകല്‍ച്ചയും കിട്ടിയിരുന്നു. ഇന്ത്യക്കാരേയും ആഫ്രിക്കക്കാരേയും ഏതാണ്ട് ഒരേപോലെ തന്നെയാണ് കരുതിയിരുന്നത്.
ഭാരതത്തില്‍ സമൂഹത്തിന്റെ ജീര്‍ണതക്കും ശിഥിലീകരണത്തിനും ഇടയാക്കിയ നൂറുകണക്കിന് തിന്മകള് നിലനിന്നിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ അവയെ പരിഹരിച്ച് സുദൃഢമായ സമാജ രചന സാധ്യമാകാന്‍ നിരന്തരമായ അശ്രാന്തപ്രയത്നം ആവശ്യമാണ്. അവ ചൂണ്ടിക്കാട്ടി ഇവിടെ മതംമാറ്റത്തിന് പരിശ്രമിക്കുന്നവര്‍ ബ്രിട്ടനിലും മറ്റു പല രാജ്യങ്ങളിലും ഇവിടത്തേക്കാള്‍ നികൃഷ്ടമായ രീതികള്‍ പലതും നിലനിന്നുവെന്നും നിലനില്‍ക്കുന്നുവെന്നും മറക്കരുത്. കേരളത്തിലെ ആചാര്യത്രയത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വന്ന ചിന്തകളാണിവ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: