വാഷിംഗ്ടണ്‍: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചതില്‍ അമേരിക്കക്ക് അമര്‍ഷം. ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മതപരമായ സംഘര്‍ഷങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ദുര്‍ബലമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കേന്ദ്രസര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ മതപരമായ സ്വാതന്ത്ര്യത്തിനുമേല്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങളും നടപടികളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ ്പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച് നിയമം കൊണ്ടുവന്നതിനെ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇത് ഹിന്ദുവിശ്വാസമനുസരിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. എന്നാലിത് ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന്മേല് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.
മതപരമായ സംഘര്‍ഷങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഇന്ത്യയിലെ നിയമം വളരെ ദുര്‍ബലമാണ്. പരിശീലനം സിദ്ധിച്ച പോലീസുകാരുടെ എണ്ണം കുറവാണ്. അഴിമതി എല്ലാവരെയും പിടികൂടിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ഹിന്ദുക്കള്‍ വിവേചനം അനുഭവിക്കുന്നതില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി. പാക്കിസ്ഥാനില്‍ ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയമാക്കുന്നത് ഒരു തുടര്‍ക്കഥയാണ്. അതേസമയം ബംഗ്ലാദേശിലെ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷക്കാരായ മുസ്ലീങ്ങളുടെ വിവേചനത്തിനും ആക്രമണത്തിനും ഇരയാകുന്നുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനില്‍ അഞ്ച് ശതമാനത്തില്‍ താഴെ വരുന്നത് ഹിന്ദുക്കള്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ വിഭാഗമാണ്. മുസ്ലീങ്ങള്‍ നടത്തുന്ന നിര്‍ബന്ധിത മതംമാറ്റത്തിനെതിരെയും ആക്രമണങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഓരോ മാസവും ഹിന്ദു മതത്തില്‍ പെട്ട ഇരുപതിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കുന്നതായി പാക്കിസ്ഥാന് മനുഷ്യാവകാശ കൗണ്‍സിലും പാക്കിസ്ഥാന് ഹിന്ദു കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.
നാല് ഹിന്ദു ഡോക്ടര്‍മാരെ പാക്കിസ്ഥാനില്‍ വെടിവെച്ച് കോന്നിരുന്നു. ഒരു ഹിന്ദു വിശ്വാസി മുസ്ലീം യുവതിയെ പ്രണയിച്ചതിന്റെ പേരിലുണ്ടായ സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് നാല് ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ച് കൊന്നത്. 2012 അവസാനിക്കാറായിട്ടുപോലും കേസ് അന്വേഷണം നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാനില്‍ മാത്രമല്ല ബംഗ്ലാദേശിലെയും സ്ഥിതി ഇതുതന്നെയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷക്കാരുടെ സ്ഥിതിയും വളരെ ദയനീയമാണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഇവിടെ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമത വിശ്വാസികള്‍ എന്നിവര്‍ക്ക് നേരെ കടുത്ത വിവേചനമാണ്. കൂടാതെ മുസ്ലീങ്ങളില്നിന്നുള്ള ആക്രമണങ്ങളും ഇവര്‍ക്ക് സഹിക്കേണ്ടിവരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ വിവേചനത്തിന് ഇരയായ ഹിന്ദുക്കള്‍ക്ക് സ്വന്തം ഭൂമിയടക്കം നഷ്ടമായിരിക്കുകയാണ്. വെസ്റ്റഡ് പ്രൊപ്പര്‍ട്ടി നിയമമപ്രകാരമാണ് ഇവരില്‍നിന്ന് ഭൂമി കൈയടക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം ഹിന്ദു സമൂഹത്തിന്റെ 2.6 ദശലക്ഷം ഏക്കര്‍ സ്ഥലമാണ് പാക് സര്‍ക്കാര്‍ ജപ്തി ചെയ്തിരിക്കുന്നത്. ധാക്കാ സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ നടത്തിയ ഗവേഷണമനുസരിച്ച് ഏകദേശം രണ്ട് ലക്ഷം ഹിന്ദുക്കള്‍ക്ക് 2001 മുതല്‍ 40,667 ഏക്കര്‍ സ്ഥലം നഷ്ടമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: