ഇസ്ലാമാബാദ്: രാജ്യത്ത് അടുത്ത പൊതുതെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. സ്വതന്ത്രവും സുഗമവും പക്ഷപാതരഹിതവുമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സിന്ധ് പ്രവിശ്യയിലെ ഖാരിപൂരില് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍് സംസാരിക്കുകയായിരുന്നു സര്‍ദാരി.
തനിക്കെതിരായുള്ള അഴിമതിക്കേസ് പുനരന്വേഷിക്കുന്നതിന് വിസമ്മതിച്ച മുന്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയ നടപടിയെ സുപ്രീംകോടതിയുടെ പേരെടുത്ത് പറയാതെ സര്‍ദാരി രൂക്ഷമായി വിമര്‍ശിച്ചു.
പാക്കിസ്ഥാന് പിപ്പിള്‍സ് പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതായും പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ജനങ്ങളുടെ ശക്തിയെയും അവരുടെ തീരുമാനത്തേയും ആശ്രയിച്ചായിരിക്കും അധികാരത്തിലെത്തുക. അടുത്ത പാക് പ്രധാനമന്ത്രിയും നാല് പ്രവിശ്യകളിലെ മുഖ്യമന്ത്രിമാരും പിപിപിയില്‍ നിന്നുള്ളവരായിരിക്കുമെന്നും സര്‍ദാരി അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണയുണ്ട്. തെരഞ്ഞെടുപ്പില്‍ ഇത് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങളും സര്‍ക്കാരും കോടതിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പിപിപി നേതൃത്വം നല്കുന്ന ഭരണകക്ഷി സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്.
അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. പിപിപിക്ക് എതിരായുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണെന്നും ഇതിനെ ധൈര്യത്തോടെയും ജനപിന്തുണയോടെയും നേരിടുമെന്നും സര്‍ദാരി വ്യക്തമാക്കി. തങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിപിപി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഭക്ഷ്യപര്യാപ്തത നേടിയതായും ഗോതമ്പിന്റെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: